ന്യൂദല്‍ഹി: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന രാജസ്ഥാനില്‍ നിയമസഭ വിളിച്ചു ചേര്‍ക്കണമെന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ശുപാര്‍ശ ഗവര്‍ണര്‍ വീണ്ടും തള്ളി. ഇതു സംബന്ധിച്ച ഫയല്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര സര്‍ക്കാരിന് തിരിച്ചയച്ചു. നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ 21 ദിവസം മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
വിശ്വാസ വോട്ടെടുപ്പ് മാത്രമാണ് അജണ്ടയെങ്കില്‍ ഷോര്‍ട്ട് നോട്ടീസില്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ അനുമതി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നും ഗവര്‍ണര്‍ അറിയിച്ചു. ഇതിനാല്‍ സച്ചിന് ക്യാമ്പിന് കൂടുതല്‍ സമയം ലഭിക്കും. ഗവര്‍ണറുടെ ഉപാധി അശോക് ഗലോട്ടിന് തിരിച്ചടിയായി.
വെള്ളിയാഴ്ച മുതല്‍ നിയമസഭ വിളിച്ചു ചേര്‍ക്കാനുള്ള മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നിര്‍ദേശം ഗവര്‍ണര്‍ മടക്കിയിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ മുഴുവന്‍ എംഎല്‍എമാരെയും വിളിച്ചു ചേര്‍ക്കാനാകില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. അതുകൊണ്ടാണ് 21 ദിവസം മുന്‍കൂര്‍ നോട്ടീസ് നല്കുന്ന കാര്യം പരിഗണിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. അതിനിടെ, നിയമസഭയില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ ബിഎസ്പി തീരുമാനിച്ചു. പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച ആറ് എംഎല്‍എമാര്‍ക്ക് സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാനാവശ്യപ്പെട്ട് വിപ്പ് നല്കി. രാഷ്ട്രീയ പ്രതിസന്ധി സംസ്ഥാനത്തെ ക്രമസമാധാന നിലയെ ബാധിച്ചെന്നും, സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര ആവശ്യപ്പെട്ടു.
അതിനിടെ, സച്ചിന് പൈലറ്റിനൊപ്പമുള്ള എംഎല്‍എമാരെ അയോഗ്യരാക്കുന്നത് ഹൈക്കോടതി വിലക്കിയതിനെതിരെ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജി സ്പീക്കര്‍ സി.പി. ജോഷി പിന്‍വലിച്ചു. നിയമസഭാ സമ്മേളനം ചേരുന്നതിന് ഹര്‍ജി തടസ്സമായേക്കാമെന്ന വിലയിരുത്തലിലാണ് നടപടി. സുപ്രീംകോടതിയില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പിന്‍വലിക്കാന്‍ അനുവാദം നല്‍കിയത്. രാജസ്ഥാന് ഹൈക്കോടതി വെള്ളിയാഴ്ച നല്കിയ 32 പേജുള്ള ഉത്തരവ് പഠിച്ച് അടുത്ത നീക്കം തീരുമാനിക്കുമെന്ന് കപില്‍ സിബല്‍ സ്പീക്കര്‍ക്ക് വേണ്ടി കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: