സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലുള്ള മൂന്നാം നിലയിലെ മുഖ്യമന്ത്രിയുടെ ഓഫീസ് കേരള ഭരണത്തിന്റെ അധികാര കേന്ദ്രമാണ്. അവിടുത്തെ ഇടനാഴികളില്‍ അധികാര ദല്ലാളന്മാരും അഴിമതി ഭരണത്തിന്റെ ഏജന്റന്മാരും കറങ്ങി നടക്കുന്നു എന്നത് ഇപ്പോള്‍ അതിശയോക്തി കലര്‍ന്ന വെറുമൊരു ചൊല്ലല്ല. ഏതു സര്‍ക്കാര്‍ ഭരിച്ചാലും ഇത്തരക്കാര്‍ സെക്രട്ടേറിയറ്റിനുള്ളില്‍ പാറി നടക്കും. യുഡിഎഫ് ഭരണകാലത്ത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സരിതമാരാണ് ഇടനാഴികളിലുണ്ടായിരുന്നതെങ്കില് ഇപ്പോള്‍ സ്വപ്നമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെ കടന്ന് ഇരിപ്പിടം സ്ഥാപിച്ചിരിക്കുന്നു. അന്ന് ജോപ്പന്മാര് ചെയ്തിരുന്ന സഹായം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ നേരിട്ട് ചെയ്യുന്നു. ഉമ്മന്‍ ചാണ്ടിയുടെ കസേരയില്‍ ഒരു ഭ്രാന്തനാണ് കയറിയിരുന്നതെങ്കില്‍, പിണറായിയുടെ കസേരയില്‍ കള്ളക്കടത്തുകാര്‍ കയറിയിരിക്കുന്ന നിലയെത്തി.
പിണറായി അധികാരത്തിലേറിയത് ഇടനാഴികളില്‍ കറങ്ങി നടക്കുന്ന, മന്ത്രിമാരുടെ ഓഫീസുകളില്‍ ബന്ധം സ്ഥാപിക്കുന്ന അവതാരങ്ങളെ ഇല്ലായ്മ ചെയ്യുമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ്. എന്നാല്‍ അതു വെറും പ്രഖ്യാപനത്തില്‍ ഒതുങ്ങി. മുഖ്യമന്ത്രിയുടെ വിശ്വസ്തനും ഭരണത്തിന്റെ എല്ലാ തലത്തിലും ഇടപെടല്‍ നടത്താന്‍ കഴിവുമുള്ള ആളുമായ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ വലിയ അവതാരമായി. അദ്ദേഹത്തെ ചുറ്റിപ്പറ്റി തിരിയുന്ന കുറേ അവതാരങ്ങളും ഉണ്ടായി. അവര്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കു വരെ നേതൃത്വം നല്കുന്ന തരത്തിലേക്ക് പടര്‍ന്ന് പന്തലിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിലായി. ചരിത്രത്തില്‍ ആദ്യമായി ദേശീയ അന്വേഷണ ഏജന്‍സി സെക്രട്ടേറിയറ്റിനുള്ളില്‍ അന്വേഷണവുമായെത്തി.
പിണറായി വിജയന് എന്ന സിപിഎമ്മുകാരനായ മുഖ്യമന്ത്രി ഭരിക്കുമ്പോള്‍ അങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസ് ചരിത്രത്തിന്റെ ഭാഗമായി. മുന്‍കാലങ്ങളിലെ സിപിഎം ഭരണത്തില്‍ മുഖ്യമന്ത്രിയെ നിയന്ത്രിച്ചിരുന്നതും ഉപദേശിച്ചിരുന്നതും പാര്‍ട്ടിയായിരുന്നു. പിണറായി ഭരണത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും എല്ലാം പിണറായി മാത്രമായി. പാര്‍ട്ടിയില്‍ മറ്റാര്‍ക്കും എതിര്‍വാക്ക് പറയാനാകാത്ത സ്ഥിതി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ എല്ലാം നിയന്ത്രിക്കുന്നു. അവര്‍ പറയുന്നത് മുഖ്യമന്ത്രി കേള്‍ക്കുന്നു. പാര്‍ട്ടിക്കും മന്ത്രിമാര്‍ക്കും അഴിമതി എങ്ങനെ നടത്തി പണമുണ്ടാക്കാം എന്ന പഠനം നടത്തുന്നവരും ജീവനക്കാരാണ്. കക്ഷത്തില്‍ ഡയറിയും അമര്‍ത്തി പിടിച്ച് നടന്നിരുന്ന ദല്ലാളന്മാരല്ല, ഇടനാഴികളില്‍ ഇപ്പോഴുള്ളത്. ശതകോടികള്‍ കൊണ്ട് പാര്‍ട്ടിയുടെയും മന്ത്രിമാരുടെയും ഭണ്ഡാരങ്ങള്‍ നിറയ്ക്കുന്ന കോര്‍പ്പറേറ്റുകളാണ്. കണ്‍സള്‍ട്ടന്‍സികള്‍ എന്ന ഓമനപ്പേരിലാണ് അവര്‍ അറിയപ്പെടുന്നത്. ഇടനാഴികളില്‍ നിന്ന് അവരുടെ സ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളിലേക്ക് മാറി. എങ്ങനെയൊക്കെ അഴിമതിയിലൂടെ പണമുണ്ടാക്കാം എന്ന് ഗവേഷണം നടത്തുന്ന വിഭാഗം തന്നെ മുഖ്യമന്ത്രിക്കൊപ്പമുണ്ടെന്നത് വെറുമൊരു ആരോപണമല്ല.
സംസ്ഥാന ഭരണത്തില്‍ ചീഫ് സെക്രട്ടറിയേക്കാള്‍ പ്രാധാന്യം പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരനുണ്ടായിരുന്നു. മുഖ്യമന്ത്രിയുമായുള്ള അടുപ്പം അദ്ദേഹം എല്ലാ വഴിവിട്ട നീക്കങ്ങള്‍ക്കും ഉപയോഗിച്ചു എന്നു വേണം കരുതാന്‍. മുഖ്യമന്ത്രി കഴിഞ്ഞാല്‍ അടുത്ത അധികാര സ്ഥാനം ശിവശങ്കരനായിരുന്നു. അതിനു താഴെ ഉപദേശകര്‍. ശാസ്ത്രം, പ്രസ്, നിയമം, മീഡിയ, പൊലീസ് എന്നീ വിഭാഗങ്ങളിലാണ് ഉപദേശകര്‍. എല്ലാം വലിയ ശമ്പളത്തിന് പ്രത്യേക പദവികളോടെ.
മുഖ്യമന്ത്രിയുമായി ദിനേനെയുള്ള കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നതിന് ഒരു പ്രൈവറ്റ് സെക്രട്ടറിയുണ്ട്. കൂടാതെ കോര്‍ഡിനേഷന്‍ ചുമതലയുള്ള ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറിയും. ഇവര്‍ക്കൊന്നും ശിവശങ്കരനോളം എത്താനായില്ല. മുഖ്യമന്ത്രിക്കുവേണ്ടി എല്ലാം ശിവശങ്കരന് തന്നെ ചെയ്തു. മുന്‍ ഇടതു സര്‍ക്കാരില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിക്കായിരുന്നു കൂടുതല്‍ സ്ഥാനം. ഇപ്പോള്‍ ദിനേശ് പുത്തലത്ത് പൊളിറ്റിക്കല്‍ സെക്രട്ടറിയായുണ്ടെങ്കിലും എല്ലാം ശിവശങ്കരന് നിര്‍ദ്ദേശിക്കും പോലെയായി. വലിയ ശമ്പളം കൊടുത്തുള്ള ഉപദേശകരുടെ നിയമനം വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പാര്‍ട്ടിക്കുള്ളിലുണ്ടായ മുറുമുറുപ്പ് പിണറായി കണ്ണുരുട്ടിയതോടെ അവസാനിച്ചു. പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് ശക്തമായ എതിര്‍പ്പ് പിണറായി ശൈലിക്കെതിരെ ഉണ്ടായിരുന്നിട്ടും അവര്‍ക്ക് നാവനക്കാന്‍ പറ്റാത്ത അവസ്ഥ.
പ്രസ് സെക്രട്ടറിയും സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയും പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് താഴെ. തുടര്‍ന്ന് നാല് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍. പിന്നീട് നാല് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരും ഒരു പേഴ്സണല്‍ അസിസ്റ്റന്റും ഒരു അഡീഷണല്‍ പേഴ്സണല്‍ അസിസ്റ്റന്റും.
അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്. തനി പാര്‍ട്ടിക്കാരനായ അദ്ദേഹം വഴിയാണ് എല്ലാ നീക്കങ്ങളുമെന്നാണ് സംസാരം. മുമ്പ് പല കേസുകളിലും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ വിവാദമായിരുന്നു. സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലും കണ്‍സള്‍ട്ടന്‍സി ഇടപാടുകളിലും അദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: