ശൈവസിദ്ധാന്ത ത്തിന്റെ അതീതജ്ഞാനവും ഉദാത്തമായ കാവ്യസിദ്ധിയും തികഞ്ഞ, യോഗാത്മക കവിയായിരുന്നു തമിഴകത്തെ മാണിക്യവാചകര്‍ എന്ന മാണിക്യവാസകര്‍. അറിവനുഭൂതിയുടെ മാണിക്യപ്രഭയില്‍ ആ വചനവിദ്യയും ശിവവിഭൂതിയും പ്രകാശമാനമായി. മധുരൈ ജില്ലയിലെ വൈഗാ നദീതീരത്തെ തിരുവടവൂര്‍ ഗ്രാമത്തിലാണ് മഹാകവിയുടെ ജനനം. യഥാര്‍ഥനാമം അജ്ഞാതമാണെങ്കിലും ‘വടവൂരാര്‍’ എന്നാണ് വിവിധ ഗ്രന്ഥങ്ങള്‍ കവിയെ വിശേഷിപ്പിക്കുന്നത്. ആ മുനിജീവിതവും സര്‍ഗസംഭാവനകളും ആധാരമാക്കിയുള്ള ഗ്രന്ഥങ്ങളാണ് ‘തിരുവിളൈയാടല്‍ പുരാണ’വും ‘വടവൂര്‍ പുരാണ’വും. ഒമ്പതാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ പാണ്ഡ്യരാജം വാണിരുന്ന വരഗുണവര്‍മന്‍ രണ്ടാമന്റെ (അരി മാര്‍ത്താണ്ഡപാണ്ഡ്യന്‍) സചിവനായിരുന്നു മാണിക്യവാചകര്‍.
ശിവോപാസനയുടെ ധന്യധന്യമായൊരു മുഹൂര്‍ത്തത്തില്‍ ഉള്ളിലുണര്‍ന്ന അതീതമായൊരു വിളിയില്‍ മഹേശ്വര സായൂജ്യം നേടുകയായിരുന്നു ‘വടവൂരാര്‍’ എന്നാണ് ഐതിഹ്യം. വരഗുണവര്‍മന്‍ രാജാവ് സേനാശ്വങ്ങളെ വാങ്ങാനേല്‍പ്പിച്ച തുക കൊണ്ട് തിരുപ്പെരുന്തുറയില്‍ അദ്ദേഹം ശിവാലയം നിര്‍മിച്ചെന്നാണ് ഐതിഹ്യം. മഹാക്ഷേത്രം അഭ്യുന്നതിയില്‍ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. വടവൂരാരുടെ സദ്‌സംഗങ്ങളില്‍ ശൈവധര്‍മത്തിന്റെ സത്യശിവ സൗന്ദര്യവും ജീവനപ്രകൃതിയുടെ മൂല്യപ്പൊരുളും തിളങ്ങി നിന്നു. വാചകരുടെ വചനങ്ങള്‍ സത്യധര്‍മങ്ങളുടെ മാണിക്യ മണിവീണാനാദമായി ഭക്തര്‍ ഏറ്റുവാങ്ങി. ക്ഷേത്രോപാസനയുമായി ഏതാനും വര്‍ഷം കഴിഞ്ഞ വാചകര്‍ ചിദംബരത്തെ തില്ലൈനടരാജനെ വണങ്ങുക എന്ന ലക്ഷ്യവുമായി അനുയായി വൃന്ദത്തോടൊപ്പം ഒരിക്കല്‍ തീര്‍ഥയാത്ര പുറപ്പെട്ടു. ഈ പരിക്രമണത്തിന്റെ സദ്ഫലങ്ങള്‍ ഐതിഹാസികമായിരുന്നു. മാര്‍ഗമധ്യേയുള്ള ക്ഷേത്രാടനങ്ങളില്‍ പ്രധാനമായിരുന്നു തഞ്ചാവൂര്‍, വടക്കന്‍ ആര്‍ക്കാട്ട്, ചെങ്കല്‍പേട്ട് തുടങ്ങിയ മഹാക്ഷേത്ര ദര്‍ശനം. ക്ഷേത്രമൂര്‍ത്തികളുടെ സ്തുതിഗീതങ്ങളും കീര്‍ത്തനങ്ങളുമായി മാണിക്യവാചകരുടെ ധര്‍മസമര്‍പണ സന്ദേശങ്ങള്‍ സമൂഹത്തില്‍ പരിവര്‍ത്തനത്തിന്റെ ശിവസായൂജ്യമായി.
ചിദംബര ക്ഷേത്രത്തില്‍ നടരാജമൂര്‍ത്തിയെ ദര്‍ശിച്ച മാണിക്യവാചകര്‍ ശിവവിഭൂതിയുടെ അതീതങ്ങളില്‍ മുഴുകി. സ്ഥിരസങ്കേതമായി മാറിയ ചിദംബര വാസത്തിനിടയില്‍ ശിവസ്തുതിയുടെ ശങ്കരാഭരണമാണ് മഹാകവി നടരാജനു മുന്നില്‍ നേദിച്ചത്. ഇവയുടെ സംഗ്രഹമാണ് ‘തിരുവാസകം’. ഈ ശ്രേഷ്ഠരചനയിലെ യോഗാനുഭൂതിപ്രത്യക്ഷമായ വരികള്‍ ചിദംബര ക്ഷേത്രത്തിന്റെ കല്‍ച്ചുമരുകളില്‍ അനശ്വരമായി വിളങ്ങുന്നു. ക്ഷേത്രപ്രാകാരത്തിനു മേല്‍ കാണുന്ന ശ്ലോകബന്ധിയായ ‘തിരുച്ചഴല്‍’ ബുദ്ധമതാനുയായികളെ വാദിച്ചു ജയിച്ച മാണിക്യ വാചകരുടെ മഹാശയങ്ങളാണ്. ‘തിരുച്ചിതമ്പലക്കോവൈയാര്‍’ എന്ന കൃതി ശൈവമുദ്രയുടെ സുവര്‍ണരേഖയാണ്. സ്ത്രീ സങ്കല്‍പത്തില്‍ സ്വയം അഭിരമിച്ചെഴുതിയ പ്രകൃഷ്ടരചനയാണ് ‘തിരുവെമ്പാവൈ’. ഈ കൃതിയും തിരുപെരുന്തുറൈയപ്പന്‍ സ്തുതിഗീതമായ ‘തിരുവല്ലെഎഴുച്ചി’യും ഇന്നും തമിഴ്‌നാട്ടില്‍ മാര്‍ഗഴി മാസവിശേഷത്തിന് സംഗീത നൈവേദ്യമായി ഭക്തരുടെ ചുണ്ടിലുയരുന്നു. ജടാമകുടധാരിയായ മാണിക്യവാചരുടെ ഒരു ചുമര്‍ചിത്രവും കുഞ്ഞു വിഗ്രഹവും ഇന്നും തിരുപ്പെന്തുറൈ ശിവാലയത്തില്‍ ദര്‍ശിക്കാം. കല്ലില്‍ കൊത്തിവെച്ച കവിതയെന്ന പോലെ മാണിക്യവാചരുടെ മഹിത വചനങ്ങള്‍ കാലം വായിക്കുന്നു. സ്വപ്‌നപ്പഴമയുടെ ആര്‍ഷനിലാവില്‍ വെട്ടിത്തിളങ്ങുകയാണ് ആ മാണിക്യരത്‌നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: