കാസര്‍കോട്: വിവാഹ ചടങ്ങില്‍ പങ്കെടുത്ത 51 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ചെങ്കളയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. ഇപ്പോള്‍ ചെങ്കളയില്‍ കോവിഡ് നിയന്ത്രണവിധേയമാണ്. കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുപ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
പൊതുപരിപാടികള്‍ ഓണ്‍ലൈനായി നടത്താന്‍ തയ്യാറാകണം. ചെങ്കളയില്‍ ചിലര്‍ പരിശോധനക്ക് വിധേയരാകാന്‍ തയ്യാറാകാതെ മാറി നില്‍ക്കുന്നുണ്ട്. അക്കാര്യം ഗൗരവത്തോടെ പരിശോധിക്കും. ജില്ലാഭരണകൂടം ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി അറിയിച്ചു.
ചെങ്കള പീലാംകട്ടയില്‍ ജൂലൈ 17ന് നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത വധൂവരന്മാര്‍ ഉള്‍പ്പെടെ 51 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. 50 ലധികം പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്തിയതിന് വധുവിന്റെ പിതാവിനെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. അതിനിടെ ചെങ്കള വിവാഹ സല്‍ക്കാര ചടങ്ങ് ക്ലസ്റ്ററായി പ്രഖ്യാപിച്ച് നടപടി കര്‍ശ്ശനമാക്കിയിട്ടുണ്ട്. നിലവില്‍ ഒമ്പത് ക്ലസ് റ്ററുകളാണ് ജില്ലയില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: