മുട്ടം: അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച മുട്ടം പോലീസ് സ്റ്റേഷന് ആഗസ്റ്റ് 15 ന് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. നിലവിലുള്ള പഴയ കെട്ടിടം നിലനിര്‍ത്തി ഇതിന്റെ പുറകിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍നിന്നുള്ള 85 ലക്ഷം രൂപ മുടക്കിയാണ് 3500 സ്ക്വയര്‍ ഫീറ്റിലുള്ള ഇരുനിലകെട്ടിടം നിര്‍മ്മിച്ചിച്ചിരിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ പ്ലാന്‍ അനുസരിച്ച് സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ ലിമിറ്റഡ് കേരള(സില്‍ക്) ക്കാണ് ഇതിന്റെ നിര്‍മ്മാണ ചുമതല. സില്‍ക്ക് ഉപകരാര്‍ നല്‍കിയിരിക്കുന്ന എറണാകുളത്തെ സ്വകാര്യ കമ്പനിയാണ് മന്ദിരം നിര്‍മിച്ചത്.
2019 ജനുവരിയിലാണ് നിര്‍മ്മാണം ആരംഭിച്ചത്. കഴിഞ്ഞ ഡിസംബറില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി വിലങ്ങു തടിയായി. ഇതേ തുടര്‍ന്ന് ഏതാനും മാസങ്ങള്‍ നിര്‍മ്മാണം സ്തംഭിച്ചിരുന്നു. 68 സെന്റ് സ്ഥലമാണ് മുട്ടം പോലീസ് സ്റ്റേഷനുള്ളത്. കാഞ്ഞാര്‍ സ്റ്റേഷന് കീഴില്‍ ഔട്ട് പോസ്റ്റായി പ്രവര്‍ത്തിച്ച് വരവേ 2016 ലാണ് പോലീസ് സ്റ്റേഷനായി ഉയര്‍ത്തിയത്. സി ഐ, എസ് ഐ, വനിതകള്‍ ഉള്‍പ്പെടെ 40 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇവിടുത്തെ സ്ഥലപരിമിതി ജീവനക്കാര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്ക് സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കും ഏറെ പ്രശ്നങ്ങളായിരുന്നു. യൂണിഫോം മാറുവാനും വിശ്രമിക്കാനും സമീപത്തെ മുറികള്‍ വാടകയ്ക്ക് എടുത്താണ് പോലീസ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്തിരുന്നത്. പുതിയ കെട്ടിടത്തിന്റെ വരവോടെ ഇതിനു പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍.
ജില്ലയില്‍ ഉടുമ്പന്‍ചോലയിലെയും കുളമാവിലെയും പോലീസ് സ്റ്റേഷനുകളുടെ നിര്‍മാണവും സില്‍ക്കിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. ഒരു കോടി രൂപ വീതമാണ് ഇതിന്റെ നിര്‍മാണത്തിന് അനുവദിച്ചിരിക്കുന്നത്.
പുതിയ സ്റ്റേഷനിലെ സൗകര്യങ്ങള്‍ ഫ്രണ്ട് ഓഫീസ്, ക്രൈം- ലോ ആന്‍ഡ് ഓര്‍ഡര്‍ വിങ്, ജീവനക്കാര്‍ക്ക് വിശ്രമിക്കാനുള്ള റൂം, ആംസ് റൂം, ഉദ്യോഗസ്ഥര്‍ക്കുള്ള ഔദ്യോഗിക റൂം, വിശ്രമസ്ഥലം, റെക്കോഡ് ഫയല്‍ റൂം, പുരുഷന്മാര്ക്കും വനിതകള്‍ക്കും പ്രത്യേക ലോക്കപ്പുകള്‍, തൊണ്ടി മുതല്‍ സൂക്ഷിക്കാനുള്ള റൂം, കണ്ട്രോള് റൂം, ജീവനക്കാര്‍ക്ക് പാചക മുറി, എട്ടോളം ശുചിമുറികളും എന്നിവയും പുതിയ കെട്ടിടത്തിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: