കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ സ്ഥിതി ഗുരുതരം. ദിനംപ്രതി കൂടുതല്‍ ജീവനക്കാര്‍ക്കും രോഗികള്‍ക്കും കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ജീവനക്കാരും രോഗികളും ആശങ്കയിലാണ്. നിരവധി ജീവനക്കാര്‍ക്ക് കോവിഡ് പിടിപ്പെട്ടതോടെ കോളേജിലെ പലവിഭാഗങ്ങളും അടച്ചു പൂട്ടിയിരിക്കുകയാണ്. മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്കും മറ്റ് പരിശോധനകള്‍ക്കെത്തിയ രോഗികള്‍ക്കടക്കം രോഗം പിടിപെടാന്‍ കാരണം അധികൃതരുടെ വീഴ്ചയാണെന്ന ആരോപണം ശക്തമാകുന്നു. കോളേജില്‍ രൂപീകരിക്കപ്പെട്ട കോവിഡ് ഗവേണിംഗ് ബോഡിയുടെയും അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിന്റെയും കാര്യക്ഷമതില്ലായ്മയാണ് കാര്യങ്ങള്‍ ഇത്രത്തോളമെത്താന്‍ വഴിയൊരുക്കിയതെന്ന് ജീവനക്കാരുടെ ഭരണപക്ഷാനുകൂല സംഘടനയിലുള്ളവര്‍ തന്നെ സമ്മതിക്കുന്നു.
22 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോളേജ് ആശുപത്രിയിലെ പ്രവര്‍ത്തനം ഭാഗികമാക്കിയിരിക്കുകയാണ്. അത്യാഹിത രോഗികള്‍ക്ക് മാത്രമാണ് ചികിത്സ നല്‍കുന്നത്. വിവിധ ചികിത്സാവിഭാഗങ്ങളിലെ ഒപികളുടെ പ്രവര്‍ത്തനവും ഭാഗികമായാണ് നടത്തുന്നത്. ന്യൂറോ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവും ഗ്യാസ്ട്രോ എന്ററോളജി, കമ്യൂണിറ്റി മെഡിസിന്, സിടി, എംആര്‍ഐ സ്കാന്‍ യൂണിറ്റുകളും താല്‍ക്കാലികമായി അടച്ചു. ശസ്ത്രക്രിയ വിഭാഗത്തിലെ അനസ്തീഷ്യോളജിസ്റ്റുകള്‍ മുഴുവന്‍ ക്വാറന്റൈനില്‍ പോയതോടെ ശസ്ത്രക്രിയാ വിഭാഗങ്ങളും മുടങ്ങി. അടിയന്തിര ശസ്ത്രക്രിയകള്‍ മാത്രമാണ് നടത്തുന്നത്. 90 ലേറെ ജീവനക്കാര്‍ ക്വാറന്റൈനില്‍ പോയതോടെ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ആശുപത്രിയും പരിസരവും പൂര്‍ണ്ണമായി അണുനശീകരണം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ചികിത്സാരംഗത്തെ ജീവനക്കാരെ തുടര്‍ച്ചയായി ജോലിയിലേര്പ്പെടുത്തിയതും ആവശ്യത്തിന് പിപിഇ കിറ്റ് അടക്കമുളള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്തതുമാണ് സ്ഥിതി ഗുരുതരമാക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സെയ്ഫ് ഷീല്‍ഡ് ജീവനക്കാര്‍ക്ക് ആവശ്യത്തിന് ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്നും സാനിറ്റൈസര്‍ പോലും വേണ്ടത്ര ലഭ്യമല്ലെന്നും പരാതിയുണ്ട്.
ഭരണ വിഭാഗത്തിലെ ഓഫീസ് ജീവനക്കാര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ജോലി ക്രമീകരണവും ലീവ്, ഓഫ് എന്നിവ സംബന്ധിച്ച് കൃത്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തപ്പോള്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള ക്ളിനിക്കല്‍ സ്റ്റാഫ് കഷ്ടപ്പെട്ട് യാതൊരു കോവിഡ് നിയന്ത്രണവും ഇല്ലാതെ ജോലി ചെയ്യേണ്ടി വന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. കോവിഡ് ഭയന്ന് ഉന്നത ഉദ്യോഗസ്ഥരില്‍ പലരും ഹോസ്പിറ്റല്‍ ബ്ലോക്കില്‍ നിന്നും കോളേജ് ബ്ലോക്കിലേക്ക് ഓഫീസ് തന്നെ മാറ്റിയിരിക്കുകയാണെന്നും അഡ്മിനിസ്ട്രേറ്ററുള്പ്പെടെ ഉന്നത ഉദ്യോഗസ്ഥരൊന്നും ആശുപത്രി ബ്ലോക്കിലേക്ക് വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
ക്വാറന്റൈനില്‍ പോയവര്‍ക്ക് പകരം ജീവനക്കാരെ വെയ്ക്കാന്‍ പോലും ആളില്ലാത്ത സ്ഥിതിയാണിപ്പോള്‍. മറ്റു മാര്‍ഗ്ഗമില്ലാത്തതിനാല്‍ ഹൗസ് സര്ജന്മാരായ ഡോക്ടര്‍മാര്‍മാരാണ് കൂടുതലായും കോവിഡ് ചികിത്സാ വാര്‍ഡുകളില്‍ രോഗികളെ ചികിത്സിക്കുന്നതെന്നും മുതിര്‍ന്ന പലരും മാറി നില്‍ക്കുകയാണെന്നും പരാതിയുയര്‍ന്നിട്ടുണ്ട്. എല്ലാ രോഗികള്‍ക്കും ആശുപത്രിക്കകത്തേക്ക് കടക്കാന്‍ ഒരൊറ്റ പ്രവേശന കവാടം മാത്രമാണ് കോളേജിലുളളത്. പുറത്തേക്ക് പോകാന്‍ നിരവധി വഴികളുണ്ടെങ്കിലും രോഗമുളളവരും ഇല്ലാത്തവരും ഒരു വഴിയിലൂടെ പ്രവേശിക്കുന്നത് കോവിഡ് രോഗ വ്യാപനത്തിന് കാരണമാകുന്നതായും പരാതിയുണ്ട്. മെഡിക്കല്‍ കോളേജിലെ ഉന്നത ഉദ്യോഗസ്ഥരെ നോക്കുകുത്തിയാക്കി ജീവനക്കാരുടെ ഇടത് അനുകൂല സംഘടനയിലെ രണ്ട് നേതാക്കളാണ് കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. ഇക്കാര്യത്തില്‍ ഇടത് യൂനിയനില്‍പ്പെട്ട ജീവനക്കാര്‍ക്കിടയില്‍തന്നെ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. കൂടുതല്‍ ഡിപ്പാര്‍ട്ട്മെന്റുകളിലെ ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതോടെ ദിനംപ്രതി പല വിഭാഗങ്ങളുടേയും പ്രവര്‍ത്തനം നിലയ്ക്കുന്ന സ്ഥിതിയാണ്. കേസുകള്‍ വര്‍ദ്ധിച്ചാല്‍ വരുംദിവസങ്ങളില്‍ ആശുപത്രി തന്നെ അടച്ചിട്ടേണ്ടി വരുമോയെന്ന ആശങ്കയും നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: