ചെറുതോണി: ജില്ലാ ആസ്ഥാനത്ത് ഭീതി വിതച്ച് കൊറോണ കണക്കുകള്‍ ഉയരുമ്പോള്‍ ഇതിന് കാരണമായത് ഹോട്ടല്‍ ഉടമയുടെ അശ്രദ്ധ തന്നെ എന്ന് ആരോഗ്യ വകുപ്പിന്റെ നിഗമനം. ജില്ലാ ആസ്ഥാനത്തിന് സമീപമുള്ള ഒരു ഹോട്ടലിലെ ഇതര സംസ്ഥാനത്ത് നിന്നും വന്ന ജീവനക്കാരന് വഴിയാണ് രോഗം തൊഴിലാളികള്‍ക്കും പിന്നീട് കടയില്‍ കയറിയ മറ്റു ചിലരിലേയ്ക്കും പകര്‍ന്നതെന്നാണ് വിവരം. ഹോട്ടല്‍ ഉടമ ഇതര സംസ്ഥാനത്ത് നിന്നുവന്ന ഈ വ്യക്തിയെ കുറിച്ച് ആരോഗ്യ വകുപ്പിന് വിവരം നല്‍കിയിരുന്നില്ല. നിരീക്ഷണം സ്വീകരിക്കാതെ ഇയാള്‍ മറ്റുള്ളവരുമായി ബന്ധം പുലര്‍ത്തി. ഇതിനിടെ തോപ്രാംകുടിയിലെ മൃഗാശുപത്രി ജീവനക്കാരിയുടെ ശ്രവ പരിശോധനയില്‍ അവരുടെ സമ്പര്‍ക്കം പരിശോധിച്ചാണ് ആരോഗ്യ വകുപ്പ് ഈ ഹോട്ടലിലും എത്തിയത്.
ജീവനക്കാരിയുടെ കുടുംബാംഗങ്ങള്‍ക്കോ മറ്റ് സംമ്പര്ക്കത്തിലോ ആര്‍ക്കും രോഗം കണ്ടെത്താനായിട്ടില്ല. എന്നാല്‍ ഹോട്ടലിലെ ജീവനക്കാരിലും, ഉടമയിലും കുടുംബംഗങ്ങളിലുമായി നടത്തിയ പരിശോധനയില്‍ ഉടമയുടെ കുടുംബാംഗങ്ങള്‍ക്കും തൊഴിലാളികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതിനിടെ ഈ തൊഴിലാളിയെ തന്ത്രപൂര്‍വം ഇവിടെ നിന്നും ഉടമയുടെ നേതൃത്വത്തില്‍ മാറ്റിയതായാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയത്. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് ഇയാളുടെ മൊബൈല്‍ ലൊക്കെഷന്‍ സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ 31 പേര്‍ക്ക് ഇന്നലെ വരെ ഈ സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ ഫലങ്ങള്‍ വരുവാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: