കൊല്ലം: കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊട്ടാരക്കരയില്‍ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. പുലമണ്‍ ബ്രദറണ്‍ ഹാളില്‍ ആരംഭിച്ച ചികിത്സാകേന്ദ്രം പി. അയിഷാ പോറ്റി എംഎല്‍എ ഉദ്ഘാടനം ചെയ്തു. രണ്ടു നിലകളിലായി 180 കിടക്കകളാണ് സജ്ജമാക്കിയത്. എട്ട് ഡോക്ടര്‍മാരുടെയും പത്ത് നഴ്സ്മാരുടെയും സേവനമാണ് ഇവിടെ ലഭ്യമാക്കുക. രണ്ട് ആംബുലന്‍സുകളുമുണ്ട്. സമ്പര്‍ക്ക രോഗബാധ കൂടുന്ന സാഹചര്യത്തില്‍ യുദ്ധകാല അടിസ്ഥാനത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കൊട്ടാരക്കര മണ്ഡലത്തില്‍ നടപ്പാക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു.
കോവിഡ് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും കുറഞ്ഞ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്ന രോഗികളെയുമാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ പ്രവേശിപ്പിക്കുന്നത്. ചികിത്സയ്ക്കായി പ്രവേശിക്കുന്നവര്‍ക്ക് ശുചിമുറി സൗകര്യം, ഷീറ്റ്, ബെഡ്കവര്‍, ടവ്വല്‍, തലയിണ, ബക്കറ്റ്, സോപ്പ് തുടങ്ങിയവ അടങ്ങിയ കിറ്റ്, കുടിവെള്ളത്തിനായി വാട്ടര്‍ പ്യൂരിഫയര്‍, ചൂടുവെള്ളം ലഭിക്കുന്നതിനായി വാട്ടര്‍ ഹീറ്റര്‍ എന്നിവയും പൂര്‍ണ സമയവും ലഭ്യമാണ്. മൂന്ന് ടെലിവിഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. കൊട്ടാരക്കര നഗരസഭയുടെ സാമൂഹിക അടുക്കള വഴിയാണ് മൂന്നുനേരവും സമീകൃത പോഷകാഹാരം നല്‍കുക. മുട്ട, പാല്, ഇറച്ചി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ ഡയറ്റ് മെനുവാണുള്ളത്.
ബ്രദറണ്‍ ഹാള്‍ ഉടമ തോമസിനെ ചടങ്ങില്‍ എംഎല്‍എ ആദരിച്ചു. നഗരസഭ അധ്യക്ഷ ബി. ശ്യാമള അമ്മ, ഉപാധ്യക്ഷന്‍ ഡി. രാമകൃഷ്ണപിള്ള, കൗണ്‍സിലര്‍മാരായ സി. മുകേഷ്, എസ്.ആര്. രമേശ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, ജനപ്രധിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: