കൊല്ലം: കാലൊടിഞ്ഞ് ഗുരുതര പരിക്കേറ്റ തെരുവുനായയ്ക്ക് രക്ഷകനായി പോലീസുകാരന്. കോവിഡ് ഡ്യൂട്ടിയുടെ തിരക്കിനടയിലും സ്റ്റേഷനിലെ അന്തേവാസിയായ നായയ്ക്ക് കൈത്താങ്ങ് ആയിരിക്കുകയാണ് ഈ പോലീസുകാരന്.
കിളികൊല്ലൂര്‍ സ്റ്റേഷന് പരിസരത്ത് കറങ്ങി നടക്കുന്ന ഒരു നായയ്ക്ക് രക്ഷകനായത് അവിടുത്തെ പോലീസുകാരനായ നാഗരാജാണ്. സ്റ്റേഷന് പരിസരത്ത് സ്ഥിരമായി എത്തുന്ന നായയെ കഴിഞ്ഞ ദിവസം കാലൊടിഞ്ഞു ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇതു ശ്രദ്ധയില്‍പ്പെട്ട നാഗരാജ് സമീപത്തെ ആട്ടോസ്റ്റാന്റിലെ തൊഴിലാളി ആന്റണിയെയും കൂട്ടി നായയെ തേവള്ളിയിലെ മൃഗാശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കുകയായിരുന്നു. ഒടിവുള്ളകാലില് പ്ലാസ്റ്റര്‍ ഇടുകയും പരിക്കേറ്റ കഴുത്തിന് വിദഗ്ധചികിത്സ നല്‍കുകയും ചെയ്തശേഷം ആശുപത്രി അധികൃതര്‍ നായയെ തിരികെ ഇദ്ദേഹത്തിന്റെ കൂടെ വിടുകയായിരുന്നു. സ്റ്റേഷന് പരിസരത്ത് കൊണ്ടുവന്ന നായയെ എല്ലാ ദിവസവും എത്തി ശുശ്രൂഷ നല്കി പരിചരിക്കുകയാണ് ഈ പോലീസുകാരന്. കാക്കിക്കുള്ളിലെ മൃഗസ്നേഹിയുടെ കാരുണ്യത്തിന് സമൂഹത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്ന അഭിനന്ദനം അളവറ്റതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: