കൊച്ചി : നമ്മള് ഉറങ്ങുമ്പോള്‍ അതിര്‍ത്തികളില്‍ നമുക്കായി ഉണര്‍ന്നിരിക്കുന്ന ഇന്ത്യന്‍ പട്ടാളക്കാരെ ഓര്‍ത്ത് അഭിമാനിക്കാമെന്ന് നടന് മോഹന്‍ലാല്‍. കാര്‍ഗില്‍ യുദ്ധത്തിന്റെ ഓര്മ പങ്കുവെയ്ക്കവേയാണ് ലഫ്റ്റനന്റ് കേണല്‍ കൂടിയായ അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തണുത്തുറഞ്ഞ കാര്‍ഗില്‍ മേഖലകളിലെ ഉയരമേറിയ കുന്നുകളില്‍ ഒളിച്ചിരുന്ന നുഴഞ്ഞു കയറ്റക്കാരെ ചങ്കൂറ്റത്തെ ആയുധമാക്കിയും ധൈര്യത്തെ കവചമാക്കിയുമാണ് ഇന്ത്യന്‍ സൈനികര്‍ നേരിട്ടത്. കാര്‍ഗിലില്‍ രാജ്യത്തിന് വേണ്ടി മരണം പോരാടിയ വീര സൈനികരെ നമ്മുക്ക് എന്നും ഓര്‍ക്കാം. നമ്മള് ഉറങ്ങുമ്പോള്‍ അതിര്‍ത്തികളില്‍ നമുക്കായി ഉണര്‍ന്നിരിക്കുന്ന ഇന്ത്യന്‍ പട്ടാളക്കാരെ ഓര്‍ത്ത് അഭിമാനിക്കാമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
നമ്മുടെ മണ്ണില്‍ അനധികൃതമായി നുഴഞ്ഞു കയറിയവരെ രണ്ട് മാസവും മൂന്ന് ആഴ്ചയും രണ്ട് ദിവസവും എടുത്ത് ശക്തമായ യുദ്ധത്തിലൂടെ തന്നെ ഇന്ത്യന്‍ സൈനികര്‍ അവരെ തുരത്തി. ഓപ്പറേഷന് വിജയ് എന്ന് അറിയപ്പെട്ട ആ യുദ്ധത്തിലൂടെ നമ്മുടെ മണ്ണില്‍ ഇന്ത്യന്‍ പതാക വീണ്ടും ഉയര്‍ന്നു പാറി.
ഒപ്പം കൊറോണ എന്ന മഹാ വിപത്തിനോടുള്ള യുദ്ധം നമ്മള് ജയിക്കുക തന്നെ ചെയ്യും. ഓരോ പൗരനും സ്വയം ഒരു പട്ടാളക്കാരനായി മാറി ഈ യുദ്ധത്തില്‍ പങ്കാളിയാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: