കൊച്ചി: ഭീകരപ്രവര്‍ത്തനത്തിന് പണവും സൗകര്യങ്ങളും ഒരുക്കാന്‍ സ്വര്‍ണക്കടത്ത് നടത്തിയ സംഘം ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളിലും സ്വര്‍ണം കടത്തി. പുതിയ ആഡംബരക്കാറുകളും യൂസ്ഡ് കാറുകളും ഇതിന് വിനിയോഗിച്ചു. ഇത്തരം വാഹനങ്ങള്‍ കയറ്റിവിടുന്ന തുറമുഖങ്ങളില്‍ പരിശോധന കുറവുള്ളവ ഇക്കൂട്ടര്‍ തെരഞ്ഞെടുക്കും. കേരളത്തിലെത്തുമ്പോള്‍ ഇവിടെ ചില ഉദ്യോഗസ്ഥരുള്‍പ്പെടെ ഇക്കൂട്ടരെ സഹായിക്കാനുണ്ടാകും.
കാറുകളുടെ യന്ത്രഭാഗങ്ങളില്‍ സ്വര്‍ണം ഒളിപ്പിച്ചാണ് പലപ്പോഴും കടത്തല്‍. മൂവാറ്റുപുഴക്കാരനും ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലുള്ളയാളുമായ ജലാല്‍ ഇത്തരത്തില്‍ വാഹന ഭാഗങ്ങള്‍ മാറ്റി സ്വര്‍ണം കടത്തുന്നതില്‍ വിദഗ്ധനാണ്. അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്ത ഇയാളുടെ വാഹനത്തില്‍ പ്രത്യേക അറ സ്വര്‍ണം കടത്താനായി സജ്ജമാക്കിയിരുന്നത് കണ്ടെത്തിയിരുന്നു.
ദുബായില്‍നിന്ന് നാലു വര്‍ഷം മുമ്പ് ഇറക്കുമതി ചെയ്ത കൂപ്പര്‍ കാറിന്റെ ഇന്ധന ടാങ്കില്‍നിന്ന് കസ്റ്റംസ് സ്വര്‍ണം പിടിച്ചിരുന്നു. രണ്ടു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം മാലകളാക്കിയാണ് സൂക്ഷിച്ചിരുന്നത്. ആ സംഭവത്തിനും അന്നു പിടിയിലായവര്‍ക്കും ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലായ പ്രതികളുടെ ഇടപാടുമായി ബന്ധം തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ കാര്‍ ഇറക്കുമതി നടത്തിയ ഏജന്‍സികളെയും വ്യക്തികളെയും കുറിച്ച് വിവിധ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കൂപ്പര്‍ കാര്‍ സ്വീകരിക്കാന്‍ എത്തിയ മംഗലാപുരത്തുകാരന് മുഹമ്മദ് അന്ന് പിടിയിലായിരുന്നു. ഇത്തരത്തില്‍ കടത്ത് പിന്നീടും നടന്നിട്ടുണ്ടെന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: