കോട്ടയം: ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഹിന്ദു സമാജം കൈക്കൊള്ളേണ്ട നിലപാടുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ സംസ്ഥാനത്തെ എല്ലാ ആശ്രമങ്ങളുടെയും പ്രതിനിധികളടങ്ങുന്ന മാര്‍ഗദര്‍ശകമണ്ഡലത്തിന്റെ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ യോഗമാണ് നടത്തിയത്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രാധികാരം രാജകുടുംബത്തിന് നല്‍കിക്കൊണ്ടുള്ള വിധിയെ യോഗത്തില്‍ പങ്കെടുത്ത എല്ലാ സംന്യാസിവര്യന്മാരും സ്വാഗതംചെയ്തു. വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലുള്ള ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് സ്വതന്ത്രമാക്കുവാനുള്ള നീക്കം ഹിന്ദുസമാജത്തില്‍ നിന്നുണ്ടാകണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത മാര്‍ഗദര്‍ശകമണ്ഡലം അധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി ആവശ്യപ്പെട്ടു.
ഇതിനായി ഹിന്ദു സമാജത്തിനകത്ത് സമന്വയം ഉണ്ടാക്കി എല്ലാ ഹൈന്ദവ സംഘടനകളുടെയും സമുദായങ്ങളുടെയും സന്യാസിമാരുടെയും പ്രാതിനിധ്യം ഉറപ്പാക്കുന്ന സമിതി രൂപീകരിക്കണം. സമിതി, ഈ വിധിന്യായം സംബന്ധിച്ച് ഭരണകൂടത്തെ സമീപിച്ച് സര്‍ക്കാര്‍ അധികാരം കൈയ്യാളുന്ന മറ്റു ക്ഷേത്രങ്ങളും ഈ വിധിന്യായത്തിന്റെ പരിധിയില്‍ വരുമെന്ന് ബോധിപ്പിക്കണം. അതിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ കോടതിയെ സമീപിച്ച് വിധി നടപ്പാക്കല്‍ ഉറപ്പാക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.
മാര്‍ഗദര്‍ശക മണ്ഡല് ജനറല്‍ സെക്രട്ടറി സ്വാമി സദ്സ്വരൂപാനന്ദ സരസ്വതി, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം അധ്യക്ഷന്‍ സ്വാമി പ്രജ്ഞാനാനന്ദതീര്‍ത്ഥപാദര്‍, ചിന്മയ മിഷന് കേരള അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി, ശുഭാനന്ദാശ്രമം സെക്രട്ടറി ഗീതാനന്ദ സ്വാമി, സംബോധ് ഫൗണ്ടേഷന് കേരള ആചാര്യന് സ്വാമി അധ്യാത്മാനന്ദ സരസ്വതി, ശിവഗിരിയുടെ ആലുവ അദൈ്വതാശ്രമം അധ്യക്ഷന്‍ സ്വാമി ശിവ സ്വരൂപാനന്ദ, മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി ജ്ഞാനാമൃതാനന്ദപുരി, സ്വാമി വിവേകാമൃതാനന്ദപുരി, രാമാനന്ദാശ്രമം അധ്യക്ഷന്‍ ഡോ.സ്വാമി ധര്മാനന്ദ, പാലക്കാട് ദയാനന്ദാശ്രമം അധ്യക്ഷന്‍ സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, സ്വാമി അയ്യപ്പദാസ്, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി കെ. ഗിരീഷ്, ജോയിന്റ് സെക്രട്ടറി വി.ആര്. രാജശേഖരന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: