കല്‍പ്പറ്റ: ബത്തേരിയിലുള്ള ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബില്‍ കോവിഡ് 19 നുള്ള ആര്‍ടിപിസിആര്‍ പരിശോധന ഒരാഴ്ചയ്ക്കകം ആരംഭിക്കാനാകും. ആര്‍ടിപിസിആര്‍ മെഷീനും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചു കഴിഞ്ഞു. രണ്ടു ദിവസത്തിനകം പിസിആര്‍ കാബിനറ്റ് കൂടി എത്തുന്നതോടെ ഐസിഎംആര്‍ അംഗീകാരത്തിനായി അപേക്ഷ നല്‍കും. മൂന്ന് ദിവസത്തിനകം അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്. ആയതിനാല്‍ ദിവസങ്ങള്‍ക്കകം ലാബിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കും.
ഒരു പിസിആര്‍ മെഷീനാണ് ലാബിലുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെയും, നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും ആഭിമുഖ്യത്തിലാണ് ലാബിന് ആവശ്യമായ ഉപകരണങ്ങളും സൗകര്യങ്ങളും ലഭ്യമാക്കിയത്. ഒരു ദിവസം 200 സ്രവസാമ്പിളുകള്‍ പരിശോധിക്കാന്‍ കഴിയും. രണ്ട് ഷിഫ്റ്റുകളായാണ് പരിശോധന നടക്കുക. ഒരു ഷിഫ്റ്റില്‍ ആറ് ടെക്നീഷ്യന്മാര്, ഒരു മള്‍ട്ടിടാസ്ക്കിങ് സ്റ്റാഫ്, സയന്റിഫിക് ഓഫീസര്‍, ലാബ് അസിസ്റ്റന്റ് എന്നിങ്ങനെ ഒമ്പത് ജീവനക്കാരുടെ സേവനം ലഭ്യമാക്കും.
ലാബിലെ ജീവനക്കാരുടെ പൊതുസമ്പര്‍ക്കം ഒഴിവാക്കുന്നതിനായി പ്രത്യേക താമസ സൗകര്യം ഒരുക്കുന്നുണ്ട്. ലാബില്‍ ട്രൂനാറ്റ് പരിശോധനാ സൗകര്യവും കെ.എഫ്.ഡി പരിശോധനയും ലഭ്യമാണ്. നിലവില്‍ ജില്ലയിലെ കോവിഡ് സ്രവ പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് നടന്നു വരുന്നത്. ഇത് ഫലം വൈകുന്നതിന് ഇടയാക്കുന്നുണ്ട്. മഴ കനക്കുന്നതോടെ ചുരം വഴി സാമ്പിളുകള്‍ ആശുപത്രിയില്‍ എത്തിക്കുന്നത് പ്രയാസമായതിനാല്‍ ജില്ലയില്‍ തന്നെ പിസിആര്‍ പരിശോധന തുടങ്ങുന്നത് സൗകര്യമാകും. ജില്ലയില്‍ ഇതുവരെ 15,412 സ്രവ സാംപിളുകളുടെ പരിശോധനയാണ് പൂര്‍ത്തിയായത്. ഇതില്‍ ആകെ 354 എണ്ണം പോസിറ്റീവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
14,090 ആര്‍ടിപിസിആര്‍ പരിശോധനയില്‍ 334 ഉം 182 ട്രൂ നാറ്റ് പരിശോധനയില്‍ ഒന്നും 1140 ആന്റിജന്‍ പരിശോധനയില്‍ 19 ഉം പോസിറ്റീവ് കേസുകളാണ് ഇതു വരെ കണ്ടെത്തിയത്. ജില്ലയില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ വേറെയും പുരോഗമിക്കുന്നുണ്ട്. പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല ക്യാമ്പസിലുള്ള വൈറോളജി ലാബ് കൂടി കോവിഡ് പരിശോധനാ കേന്ദ്രമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. ഇപ്പോള്‍ മൃഗങ്ങളുടെ ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്ന മൂന്ന് ആര്‍ടിപിസിആര്‍ മെഷീനുകള്‍ ഇവിടെയുണ്ട്. ഇതിന്റെ കാലിബെറേഷന്‍ ഇമേജ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി ജില്ലാ ഭരണകൂടവുമായി എം.ഒ.യു ഒപ്പ് വെച്ചാല്‍ ഐസിഎംആറിന്റെ അംഗീകാരത്തോടെ പരിശോധന തുടങ്ങാനാകും. ഇതോടെ ജില്ലയില്‍ വലിയ തോതില്‍ പരിശോധനകള്‍ നടത്താന്‍ സാധിക്കും. ലാബ് സജ്ജമാക്കുന്നതിന്റെ ഭാഗമായി സൗകര്യങ്ങള്‍ വിലിരുത്തുന്നതിനായി എന്‍എച്ച്എം ഡിപിഎം ഡോ. ബി. അഭിലാഷ്, മൈക്രോ ബയോളജിസ്റ്റ് ഷഫീഖ് ഹസ്സന് എന്നിവരുടെ നേതൃത്വത്തില്‍ ലാബ് സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: