തിരുവനന്തപുരം: പാക്കിസ്ഥാനില്‍ കഴിയുന്ന കൊടുംഭീകരനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിമിന് കേരളത്തിലെ സ്വര്‍ണക്കടത്തുമായുള്ള ബന്ധവും എന്‍ഐഎ അന്വേഷിക്കുന്നു. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ പ്രതികള്‍ക്ക് പാക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് ദാവൂദ് ഇബ്രഹാമിന്റെ കേരള ബന്ധം എന്‍ഐഎ തെരയാനാരംഭിച്ചത്. യുഎഇ വഴി ദാവൂദുമായി ബന്ധമുള്ള മലയാളികളുടെ വിവരങ്ങള്‍ ഇന്റര്‍ പോളിന്റെ സഹായത്തോടെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ശേഖരിക്കുന്നുണ്ട്.
വിദേശത്തു നിന്ന് ഭീകരപ്രവര്‍ത്തനത്തിന് ഹവാല വഴിയാണ് മുന്‍പ് പണമെത്തിച്ചിരുന്നത്. മോദി സര്‍ക്കാര്‍ രാജ്യസുരക്ഷയ്ക്ക് ശക്തമായ നടപടികള്‍ കൈക്കൊണ്ടു തുടങ്ങിയത് കുഴല്‍പ്പണ(ഹവാല)യിടപാടിനെ സാരമായി ബാധിച്ചു. ഇതോടെയാണ് സ്വര്‍ണക്കടത്തിലേക്ക് വഴിമാറിയത്. സംസ്ഥാനത്ത് സ്വര്‍ണക്കള്ളക്കടത്തില്‍ പിടിയിലായവര്‍ക്ക് ദാവൂദ് ഇബ്രാഹിമിന്റെ സഹായി നദീമുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐയാണ് ഇയാളെപ്പറ്റിയുള്ള വിവരം ഇന്ത്യക്ക് കൈമാറിയത്. 2019ല്‍ സ്വര്‍ണക്കടത്തിന് പിടിയിലായ തിരുവനന്തപുരം സ്വദേശി സെറീന ഷാജിക്കും ഇപ്പോള്‍ പിടിയിലായ സ്വപ്ന സുരേഷിനും സംഘത്തിനും നദീമുമായി ബന്ധമുള്ളതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
സ്വര്‍ണക്കടത്തിന് പിടിയിലായ സന്ദീപിന്റെ കാര്‍ പൂനെയില്‍ രജിസ്റ്റര്‍ ചെയ്തതിനെക്കുറിച്ചുള്ള അന്വേഷണം ദാവൂദ് ബന്ധത്തിന്റെ സൂചനയിലാണെത്തിയത്. മുംബൈ-ഗോവ ഹൈവേയില്‍ ട്രക്ക് ഇടിച്ച് ദാവൂദ് ഇബ്രഹാമിന്റെ അനന്തരവന് ദനീഷ് പാര്‍ക്കര്‍ കൊല്ലപ്പെട്ടതിനെ കുറിച്ചുള്ള അന്വേഷണം തിരുവനന്തപുരത്തേക്ക് നീണ്ടിരുന്നു. ദാവൂദിന്റെ ഇളയ സഹോദരി ഹസീന പാര്‍ക്കറുടെ മകനാണ് ദനീഷ് പാര്‍ക്കര്‍. 2006ലാണ് ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചത്. ദനീഷും ഡ്രൈവറും സംഭവസ്ഥലത്തു മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് തിരുവനന്തപുരം ബന്ധമുള്ളതായി സ്ഥിരീകരിച്ചിരുന്നു.
തിരുവനന്തപുരവുമായി ദാവൂദ് സൗഹൃദം സ്ഥാപിച്ചതിന് തെളിവ് വേറെയുമുണ്ട്. പഴയ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ ബിനാമിയുടമ, 1991ല്‍ മുംബൈ കേന്ദ്രീകരിച്ച് ബിസിനസ് നടത്തിയിരുന്ന തിരുവനന്തപുരം വര്‍ക്കല സ്വദേശി തഖിയുദ്ദീന് വാഹിദ് എന്ന മലയാളിയായിരുന്നു. ഇയാള്‍ ദാവൂദിന്റെ ബിനാമിയായിരുന്നു. ഈ ബന്ധത്തിന്റെ പേരില്‍ 1995 നവംബര്‍ 13ന് ദാവൂദിന്റെ ശത്രുവായിരുന്ന ഛോട്ടാ രാജന്റെ അനുചരന്മാര് വാഹിദിനെ വെടിവച്ചുകൊന്നു. ദാവൂദിന് വേണ്ടി കേരളത്തില്‍ ഹവാല ഇടപാട് നടത്തിയിരുന്നത് വാഹീദായിരുന്നു.
ദാവൂദിന്റെ സഹോദരന് അനീസ് ഇബ്രാഹിമിന്റെ ഏറ്റവും അടുത്ത അനുയായിയായ മുഹമ്മദ് അല്‍താഫ് സയീദിനെ 2019 ആഗസ്ത് 14ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രഹസ്യമായി കേരളത്തിലെത്തിയ മുംബൈ പോലീസ് അറസ്റ്റിന് ശേഷമായിരുന്നു കേരള പോലീസിനെ വിവരമറിയിച്ചത്. സംസ്ഥാനത്തു നിന്ന് വര്‍ഷങ്ങളായി ദാവൂദിന്റെ നേതൃത്വത്തില്‍ ഭീകരപ്രവര്‍ത്തനത്തിന് ഫണ്ടു ശേഖരിക്കുന്നതിന്റെ തെളിവുകളാണ് എന്‍ഐഎ തെരയുന്നത്. സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന കോടികളാണ് ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: