തിരുവനന്തപുരം: മഹാമാരിയിലും കടലാക്രമണത്തിലുംപെട്ട് തീരദേശം തീരാത്ത ആശങ്കയിലാണ്. കൊറോണ വ്യാപനം മൂലം ട്രിപ്പിള്‍ ലോക്ഡൗണിലായ തീരദേശം ഇപ്പോള്‍ കടലാക്രമണത്തിലുംപെട്ടിരിക്കുകയാണ്. സമാധാന പൂര്‍ണമായ ജീവിതം ഈ തീരത്ത് എന്നാണുണ്ടാവുക എന്ന ആശങ്കയിലാണ് ഇപ്പോള്‍ തീരദേശവാസികള്‍.
കഴിഞ്ഞ കുറേ നാളുകളായി കൊറോണ മഹാമാരിയുടെ പിടിയിലകപ്പെട്ട തീരദേശവാസികള്‍ സമാധാനം എന്തെന്നറിഞ്ഞിട്ടില്ല. ആദ്യകാലത്ത് കൊറോണ രോഗത്തിന് അടിപ്പെട്ടത് ഒന്നും രണ്ടും പേരായിരുന്നെങ്കില്‍ ഇപ്പോള്‍ അത് പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. അനിയന്ത്രിതമായ രോഗവ്യാപനം തീരദേശത്തെ ട്രിപ്പിള്‍ ലോക്ഡൗണില്‍ വരെ കൊണ്ടെത്തിച്ചു. വീടുകളില്‍ നിന്ന് പുരുഷന്മാര് മത്സ്യബന്ധനത്തിനോ സ്ത്രീകള്‍ മത്സ്യവിപണത്തിനോ ഇപ്പോള്‍ പോകാറില്ല. കഴിഞ്ഞ ഏഴ് മാസമായി കടലില്‍ പോകാനാകാതെ തീരദേശത്തെ മിക്കവാറും വീടുകളിലും പട്ടിണിയാണ്. സര്‍ക്കാര്‍ നല്കുന്ന റേഷന്‍ മാത്രമാണ് ആകെ ഒരാശ്വാസം.
മരവിച്ച മനസുമായി ഓരോ ദിവസവും തള്ളി നീക്കുമ്പോഴാണ് കടല്‍ക്ഷോഭം തീരദേശത്തെ കണ്ണീരിലാഴ്ത്തുന്നത്. ജൂലൈ 20 മുതല്‍ തുടങ്ങിയ ഈവര്‍ഷത്തെ കടല്‍ക്ഷോഭം സാമൂഹിക വ്യാപനം നേരിട്ട പൂന്തുറ, വലിയതുറ, പൂന്തുറ, ശംഖുമുഖം, പനത്തുറ, അഞ്ചുതെങ്ങ് തീരദേശമേഖലകളില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. വലിയതുറ കൊച്ചുതോപ്പില്‍ 12 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 28 ഓളം വീടുകള്‍ ഭാഗികമായി നശിച്ചു. നൂറോളം വീടുകള്‍ ഇപ്പോഴും കടല്‍ക്ഷോഭ ഭീഷണിയിലാണ്.
കൊറോണ സമൂഹവ്യാപനം സ്ഥിരീകരിച്ച പൂന്തുറയില്‍ 30 വീടുകളില്‍ വെള്ളംകയറി വീട്ടുസാധനങ്ങള്‍ നശിച്ചു. കടലാക്രമണം രൂക്ഷമായ പനത്തുറയില്‍ 2007 ല്‍ 10 പുലിമുട്ടുകള്‍ നിര്‍മിക്കാന്‍ പദ്ധതി തയാറാക്കിയെങ്കിലും രണ്ടു പുലിമുട്ടുകള്‍ മാത്രമാണ് നിര്‍മിച്ചത്. അവ രണ്ടും പകുതിയോളം തകര്‍ന്ന അവസ്ഥയിലുമാണ്. പലതവണ പ്രദേശവാസികള്‍ നിവേദനങ്ങളിലൂടെയും മാറിമാറി വന്ന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടെങ്കിലും ബാക്കിയുള്ള എട്ടു പുലിമുട്ടുകള്‍ നിര്‍മിക്കുവാനും കടല്‍ഭിത്തി ബലപ്പെടുത്തുവാനും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പനത്തുറ നിവാസികളോട് തികഞ്ഞ അവഗണനയാണ് അധികാരികള്‍ കാണിക്കുന്നത് എന്നാണ് ഇവിടത്തുകാരുടെ പരാതി.
ശംഖുംമുഖം മുതല്‍ വലിയതുറ വരെയുള്ള 200 ഓളം വീടുകളും കടലാക്രമണ ഭീഷണിയിലാണ്. ശംഖുംമുഖത്തെ പടിക്കെട്ടുകളും റോഡും പൂര്‍ണമായി തകര്‍ന്നു. ബുധനാഴ്ചയുണ്ടായ ശക്തമായ തിരയിലാണ് നാശനഷ്ടം സംഭവിച്ചത്. റോഡിന്റെ ഒരു ഭാഗം നേരത്തെ തകര്‍ന്നിരുന്നു. ഇവിടത്തെ കമ്പിവേലികള്‍ ഉള്‍പ്പെടെ കടലാക്രമണത്തില്‍ തകര്‍ന്നു. വിനോദസഞ്ചാരികള്‍ക്ക് ഇരിക്കാനൊരുക്കിയ പടവുകളും സിമന്റ് ബെഞ്ചുകളും ഏതാണ്ട് പൂര്‍ണമായിതന്നെ തകര്‍ന്നു.
ക്രിട്ടിക്കല്‍ കണ്ടെയിന്മെന്റ് സോണില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്. സമീപപ്രദേശത്തെ സ്കൂളുകളിലേക്കാണ് സാധാരണ ആളുകളെ മാറ്റിപാര്‍പ്പിക്കുന്നത്. എന്നാല്‍ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അത്തരത്തില്‍ ആളുകളെ പാര്‍പ്പിക്കാനും കഴിയില്ല. കടലിലെ തിരമാലകളെ പോലെ ഒന്നിനു പുറകെ ഒന്നായി ദുരിതങ്ങളും ഇവരുടെ ജീവിതത്തില്വന്നു കയറുകയാണ്. മഹാമാരിയും കടല്‍ക്ഷോഭവും വിതച്ച ദുരിതങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുത്തേ മതിയാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: