ഈന്തപ്പഴം ഏറെ പോഷകഗുണമുള്ള ഫലമാണ്. അതുകൊണ്ട് ഏറെയാണ് ഗുണങ്ങള്‍. അറബ് നാട്ടില്‍ നിന്ന് വരുന്നവര്‍ പാക്കറ്റിലാക്കി കൊണ്ടുവരുന്ന ഈന്തപ്പഴമാണ് പണ്ടൊക്കെ നമുക്ക് കാണാന്‍ കിട്ടിയിരുന്നത്. വന്നുവന്ന് അറബിയും മലയാളിയുമൊക്കെ ഒന്നായ ഈ കാലത്ത് എല്ലാം ഹലാലാണല്ലോ. കുഴല്‍പ്പണവും സ്വര്‍ണ ബിസ്കറ്റും ഹവാലാ ഇടപാടുകളുമൊക്കെയായി കേരളം ഗള്‍ഫായി രൂപാന്തരപ്പെട്ടപ്പോഴാണ് നമ്മുടെ ഉടുപ്പും നടപ്പും തീനും കുടിയും വരെ അറബ് സ്റ്റൈലായത്. ദം മുതല്‍ കുഴിമന്തി വരെ അടിച്ചുപെരുക്കി ഈന്തപ്പഴം കുരു കളഞ്ഞ് തിന്ന് മദിക്കുകയാണ് ഇപ്പോള്‍ കേരളം. ഒരു പായ്ക്കറ്റ് ഈന്തപ്പഴം കയ്യിലുണ്ടെങ്കില്‍ പ്രതികരണത്തൊഴിലാളികളുടെ വേഷം കെട്ടുന്ന സാംസ്കാരിക നായകന്മാര് വരെ ഉളുപ്പില്ലാതെ വരിനില്‍ക്കും.
ശിവശങ്കരനും സ്വപ്നയും സരിത്തും ഫരീദുമൊക്കെച്ചേര്‍ന്ന് നയിക്കുന്ന ക്യാബിനറ്റാണ് ബ്രണ്ണന്‍ പിണറായിയുടെ തൊഴിലാളിവര്‍ഗ മന്ത്രിസഭ. തുറവൂരിലെ കിരണ്‍ മാര്‍ഷല്‍ മുതല്‍ കാരാട്ട് ഫൈസലും ഫൈസല്‍ ഫരീദുമൊക്കെ ഉണ്ടും ഊട്ടിയും കൊഴുപ്പിച്ചെടുത്ത തടിയാണ് പിണറായിയുടെ പാര്‍ട്ടിയും സര്‍ക്കാരും. ‘ചരിത്രപുരുഷന്റെ’ ആസനം അമര്‍ന്ന കുഷ്യനില്‍ ഇരിക്കാനുള്ള ആഗ്രഹം കൊണ്ട് ആരാധകന്മാര് മുന്തിയ വിലയ്ക്ക് കാറും കസേരയുമൊക്കെ വാങ്ങുമെന്നാണ് ന്യായീകരണ ഭീകരന് ആനത്തലവട്ടം ആനന്ദന്റെയൊക്കെ മൊഴിയാട്ടം.
എന്തായാലും ഉടുത്തുകെട്ടാകെ നടുറോഡില്‍ നാലാളിന്റെ മുന്നില്‍ ഉരിഞ്ഞുവീണ പരുവത്തിലാണ് സര്‍ക്കാര്‍. പാടത്ത് നാല് വിത്തെറിയാന്‍ ഷൂസും ഗ്ലൗസും ചവിട്ടിനില്ക്കാന് പരവതാനിയും വേണ്ടിയിരുന്ന പിണറായിയാണ് അകവും പുറവും വല്ലാതെ ചളിപു രണ്ട് കോലം കെട്ടിരിക്കുന്നത്. പറഞ്ഞതും പാടിയതുമെല്ലാം തിരിച്ചടിക്കുന്നു. പുറത്തിറങ്ങണേല്‍ തലയില്‍ മുണ്ടിടേണ്ട അവസ്ഥയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും.
പിണറായി കഴുത്തറ്റം മുങ്ങിയിട്ടും, ഒരു വാക്ക് കൊണ്ടുപോലും കൂടെനില്ക്കാന് ആവതില്ലാതായിരിക്കുന്നു പാര്‍ട്ടിയിലെ പ്രമുഖര്‍ക്ക്. ആകെയുള്ളത് നാക്കിന് എല്ലില്ലാതെ ന്യായീകരിക്കാനിറങ്ങുന്ന പിണറായിയുടെ സ്വന്തം യൂത്ത് ബ്രിഗേഡാണ്. ചാനല്‍റൂമില്‍ പോയിരുന്ന് ബ്ലിങ്കിയതിന്റെ നാണം മറയ്ക്കാനുള്ള നിലവിളിയാണിപ്പോള്‍ മുഴങ്ങുന്നത്. മുഖ്യമന്ത്രിയുടെ മാധ്യമോപദേഷ്ടാവടക്കമുള്ളവര് സൈക്കിളില്‍ നിന്ന് വീണവന്റെ പിന്നാമ്പുറം തുടച്ചുള്ള ചിരിയുമായാണ് ചര്‍ച്ചകളെ നേരിടുന്നത്. വല്ലാണ്ട് പൊറുതിമുട്ടുമ്പോള്‍ ഒച്ചയെടുത്തും കൂവിയും ആര്ത്തുമൊക്കെ അലമ്പാക്കുകയാണ് അന്തരീക്ഷം.
ജനങ്ങള്‍ വോട്ടിട്ട് തെരഞ്ഞെടുത്ത് ഇരിക്കാന്‍ കൊടുത്ത കസേരയുടെ മുക്കിലും മൂലയിലുമെല്ലാം കള്ളപ്പണക്കാരും കള്ളക്കടത്തുകാരും കുടിപ്പാര്പ്പായിട്ടും ഒന്നുമറിയാത്ത മുഖ്യമന്ത്രിക്കുവേണ്ടി ഒടുവില്‍ വേഷം കെട്ടിയിറങ്ങുന്നത് ഈന്തപ്പഴ സാംസ്കാരിക നായകന്മാരാണ്. അത്തരമൊരു അങ്കപ്പുറപ്പാടിന്റെ തുടക്കമെന്നോണമാണ് പാര്‍ട്ടി മുഖപ്പത്രത്തില്‍ നിറയുന്ന നിലവിളി. നട്ടാല്‍ കുരുക്കാത്ത ഏത് കള്ളവും ഒരു ഉളുപ്പും നെറിയുമില്ലാതെ ആരുടെ നേരെയും ആവര്‍ത്തിച്ച് തുപ്പി മാന്യന്മാരായി ചമഞ്ഞിരുന്നവര്‍ ഇതാദ്യമായി നിലവിളിക്കുന്നു. മാധ്യമങ്ങളെ ധര്‍മ്മം പഠിപ്പിക്കുന്നു. ബഹിഷ്കരിച്ച് ഇല്ലാതാക്കിക്കളയുമെന്ന് ഓരിയിടുന്നു. പാര്‍ട്ടിപത്രത്തില്‍ ഈന്തപ്പഴങ്ങളെ കൊണ്ട് ലേഖനം പടയ്ക്കുന്നു. ‘പിണറായി വിജയന് വിജിഗീഷുവായി മുന്നേറുന്നു എന്ന് ശതമാനക്കണക്കില്‍ പ്രഖ്യാപിച്ചതിന് ശേഷമുള്ള ആക്രമണം’ എന്നാണ് ഈന്തപ്പഴത്തിന്റെ അതിരുചിയില്‍ നിയമജ്ഞനും മുതിര്‍ന്ന മാധ്യമ മതേതരനും എറണാകുളത്തിന്റെ നിഷ്പക്ഷ മാര്‍ക്സിസ്റ്റ് മുഖവുമൊക്കെയായ പണ്ഡിതന്റെ രോദനം.
കള്ളം കൊണ്ട് ഓട്ടയടയ്ക്കുന്നതില്‍ സാക്ഷാല്‍ ഗീബല്‍സ്, കമ്മ്യൂണിസ്റ്റുകള്‍ക്കു മുന്നില്‍ വലിയ തോല്വിയാണെന്നായിരുന്നല്ലോ ഹിറ്റ്ലറിന്റെ പോലും സാക്ഷ്യം. ഗീബല്‍സിനെയും തോല്പിക്കുന്ന നുണയുടെ മൊത്തക്കച്ചവടക്കാരാണ് കമ്മ്യൂണിസ്റ്റുകള്‍ എന്ന് സാരം. അതിന്റെ സമര്‍ത്ഥമായ വിപണനത്തിന് ഇറക്കുന്ന വഴിയോരവാണിഭക്കൂട്ടങ്ങളാണ് ഇമ്മാതിരി ഈന്തപ്പഴ വിദഗ്ധര്‍.
അവര്‍ സാമൂഹ്യ/സാംസ്കാരിക/നിയമ/രാഷ്ട്രീയ നിരീക്ഷകരായൊക്കെ നില്ക്കുന്ന നില്പില് വേഷം മാറിക്കളയും. ആരുടെ വേദിയിലും കയറി നിരങ്ങും. ആദ്യം സ്വതന്ത്രനായി വേഷമിടും. അടുക്കളപ്പുറത്ത് കിട്ടുന്നത് വാങ്ങി ശീലമാവുമ്പോള്‍ പിന്നെ വാല്യക്കാരനാകും. പറയുന്നിടത്ത് ഒപ്പുവെയ്ക്കും. പറയുന്നതുപോലെ വാലാട്ടും. കിട്ടാനുള്ളത് പുതിയൊരു ലോകം പുതിയൊരു ലോകം എന്നാണല്ലോ വിപ്ലവമുദ്രാവാക്യം. ആ ലോകത്ത് അല്പം സ്വപ്നവും സ്വര്‍ണവുമൊക്കെ കൂട്ടിക്കുഴച്ചിത്തിരി ഇത്തിരി ഈന്തപ്പഴം സഹിതം കിട്ടിയാല്‍ പോളില്ലാതെയും പോള്‍വാട്ട് ചാടിക്കളയും ഈ സാംസ്കാരിക എമണ്ടന്മാര്.
ശിവശങ്കരന് അഞ്ച് മണിക്കൂര്‍ എന്‍ഐഎയ്ക്ക് മുന്നില്‍പെട്ടു. ഇനിയും പെടുമെന്ന് കേള്‍ക്കുന്നു. ശിവശങ്കരന് പിന്നാലെ പലരും പെടുന്ന ലക്ഷണമാണ്. അപ്പോള്‍പിന്നെ പോള്കുത്തിച്ചാട്ടത്തിന് ഒരു പോളൊന്നും പോരാതെ വരും. അത്തരക്കാരെ അണിനിരത്താന്‍ ഈന്തപ്പഴക്കിറ്റുകള് വേറെയും ഇറക്കേണ്ടിവരുമെന്ന് സാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: