പാരീസ്: പാരീസ് സെന്റ് ജര്മന്സിന് (പിഎസ്ജി) ഫ്രഞ്ച് കപ്പ്. ഫൈനലില്‍ അവര്‍ ഏപക്ഷീയമായ ഒരു ഗോളിന് സെന്റ് എറ്റിയെന്നെ പരാജയപ്പെടുത്തി. ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മറാണ് നിര്‍ണായക ഗോള്‍ നേടിയത്. മത്സരത്തിനിടെ സ്ട്രൈക്കര്‍ കൈലിയന്‍ എംബാപ്പെയ്ക്ക് പരിക്കേറ്റത് പിഎസ്ജിക്ക് തിരിച്ചടിയായി.
ഇത് പതിമൂന്നാം തവണയാണ് പിഎസ്ജി ഫ്രഞ്ച് കപ്പ് നേടുന്നത്. ഈ സീസണില്‍ അവരുടെ രണ്ടാം കിരീടമാണിത്. കൊറോണ മഹാമാരിയെ തുടര്‍ന്ന് ഇടയ്ക്ക് നിര്‍ത്തേണ്ടിവന്ന ലീഗ് ഒന്നില്‍ പിഎസ്ജിയെ ജേതാക്കളായി പ്രഖ്യാപിച്ചിരുന്നു. അടുത്ത വെള്ളിയാഴ്ച നടക്കുന്ന ഫ്രഞ്ച് ലീഗ് കപ്പ് ഫൈനലില്‍ ലിയോണുമായി മാറ്റുരയ്ക്കാന്‍ തയാറെടുക്കുകയാണ് പിഎസ്ജി. പരിക്കേറ്റ എംബാപ്പെയെ ഈ മത്സരത്തില്‍ പിഎസ്ജിക്ക് നഷ്ടമായേക്കും.
ഫ്രഞ്ച് പ്രസിഡന്റ് അടക്കമുള്ള കുറച്ച് ആരാധകര്‍ മത്സരം വീക്ഷിക്കാനെത്തിയിരുന്നു. മത്സരത്തിലുടനീളം പിഎസ്ജിയുടെ ആധിപത്യമായിരുന്നു. പതിനാലാം മിനിറ്റില്‍ നെയ്മര്‍ വിജയഗോളും കുറിച്ചു.
ഇരുപത്തിയൊന്നുകാരനായ എംബാപ്പെയ്ക്ക് എറ്റിനീ താരം പെറിന്റെ കടുത്ത ടാക്ലിങ്ങിലാണ് പരിക്കേറ്റത്. കടുത്ത വേദന അനുഭവപ്പെട്ട എംബാപ്പെ മുടന്തിയാണ് കളിക്കളം വിട്ടത്. ആഘോഷത്തിനിടയിലും എംബാപ്പെയുടെ പരിക്ക് ടീം അംഗങ്ങളെ നിരാശരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: