വൈവിധ്യമാണ് ഭൂമണ്ഡലത്തിന്റെ പൊതുസ്വഭാവം. കരയും കടലും മഞ്ഞും മലയും ചതുപ്പുനിലങ്ങളുമൊക്കെയായി ആ വൈവിധ്യം പടര്‍ന്ന് പന്തലിച്ചു കിടക്കുന്നു. ഓരോ ഭൂവിഭാഗത്തിനും അതിന്റെതായ പ്രത്യേകതകളുമുണ്ട്. പക്ഷേ എല്ലായിടത്തും നിറഞ്ഞുനില്ക്കുന്നു പ്ലാസ്റ്റിക് സാന്നിധ്യം. പ്ലാസ്റ്റിക്കിന്റെ പുനരുപയോഗവും പുനഃചംക്രമണവുമൊക്കെ വായ്ത്താരികളില്‍ ഒതുങ്ങുമ്പോഴും വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ സാന്നിധ്യം ഏറുകയാണ്. അതിനെതിരായ ഒരു ‘ചെറുവിരല്‍ അനക്ക’മാണ് സ്വീഡനിലെ റീട്യൂണയില് ഇന്ന് നാംകാണുന്നത്.
സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമില്‍നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ എല്കിന് ട്യൂണ നഗരത്തിലെത്തും. നഗരത്തിന്റെ വിളിപ്പേരാണ് ‘റീട്യൂണ.’ ഈ നഗരത്തിലെ പ്രധാന ആകര്‍ഷണമാണ് റീട്യൂണ. വലിച്ചെറിയുന്ന മാലിന്യങ്ങളെ പുനരുപയോഗത്തിന് സജ്ജമാക്കുന്ന പ്രക്രിയയാണ് റീട്യൂണയിലെ സുസ്ഥിര ജീവിത മാളിനെ ലോകശ്രദ്ധയിലെത്തിച്ചത്.
റീട്യൂണ മാള്‍ രാവിലെ തന്നെ ചലനാത്മകമാവും. സാധനങ്ങള്‍ വാങ്ങാന്‍ ആളെത്തും മുന്‍പുതന്നെ റീട്ട്യൂണയുടെ അങ്കണത്തില്‍ തിരക്കേറും. കാറുകളും പിക് അപ്പ് വാനുകളും എത്തിയാലുടന്‍ മാളിലെ ജോലിക്കാര്‍ ഓടിയെത്തും. വാഹനത്തില്‍ നിന്ന് പുറത്തേക്കിറക്കുന്ന പടുകൂറ്റന്‍ പൊതിക്കെട്ടുകള്‍ അവര്‍ താങ്ങിയെടുത്ത് അകത്ത് ഗോഡൗണിലേക്കെത്തിക്കും. പ്രതിഫലമായി ലഭിക്കുന്ന പുഞ്ചിരി സ്വീകരിച്ച് സാധനങ്ങളുടെ ഉടമ വാഹനം സ്റ്റാര്‍ട്ടു ചെയ്യും. ഒരേ സമയം രണ്ട് നല്ല കാര്യങ്ങളാണ് ഇവിടെ സംഭവിക്കുക. ഉപദേഷ്ടാവിന്റെ വീട്ടിലെ മാലിന്യങ്ങള്‍ ഇല്ലാതാവുന്നു. അത് പ്രകൃതിക്ക് നാശമുണ്ടാകാതെ വീണ്ടും ഉപയോഗിക്കപ്പെടുന്നു. മാളില്‍ പുനചംക്രമണം ചെയ്യാനാവാതെ വരുന്ന മാലിന്യങ്ങള്‍ തെല്ലകലെ സ്ഥിതിചെയ്യുന്ന റീസൈക്ലിങ് സെന്ററിലേക്ക് മാറ്റപ്പെടുന്നു.
റീട്യൂണ മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന പുനരുദ്ധാരണ ഷോപ്പിങ് മാളില്‍ 14 വലിയ കടകളാണുള്ളത്. ഫര്‍ണിച്ചര്‍, കമ്പ്യൂട്ടര്‍, ഓഡിയോ ഉപകരണങ്ങള്‍, തുണി, കളിപ്പാട്ടങ്ങള്‍, ഉദ്യാന പരിപാലന ഉപകരണങ്ങള്‍ നിര്‍മാണ സാമഗ്രികള്‍ തുടങ്ങിയവയെല്ലാം റീട്യൂണയിലെ മാളില്‍ ലഭിക്കും. കാലൊടിഞ്ഞും കയ്യൊടിഞ്ഞുമെത്തുന്ന ഫര്‍ണിച്ചറുകളും വലിച്ചെറിയുന്ന കമ്പ്യൂട്ടറുകളും മുതല്‍ പഴയ തുകല്‍ ജാക്കറ്റുകളും ചെരിപ്പുകളും വരെ ഈ മാളില്‍ അമ്പരിപ്പിക്കുന്ന രൂപമാറ്റങ്ങളോടെ നിങ്ങളെ കാത്തിരിക്കുന്നു. പഴകി നിറം മങ്ങിയ ജീന്‍സ് കുട്ടിപ്പാവയായും തുകല്‍ ജാക്കറ്റ് മനോഹരമായ ‘പൂപ്പാത്ര’മായും പൊട്ടിയ പ്ലാസ്റ്റിക് പാത്രം ഉദ്യാന ഉപകരണമായുമൊക്കെ ഷോകേസില്‍ നിരക്കുമ്പോള്‍ അതിന്റെ പഴയ ഉടമകള്‍ക്കുപോലും തിരിച്ചറിയാനാവില്ല.
മാള്‍ കാണാനും സാധാനം വാങ്ങാനുമെത്തുന്നവര്‍ക്ക് വിശ്രമിക്കാനും സമയം കൊല്ലാനുമായി പൂര്‍ണമായും ജൈവസാധനങ്ങള്‍ ഉപയോഗിക്കുന്ന ഒരു കാലിക്കടയുമുണ്ട് ഈ മാളില്‍. ഇനി പഴമയെ പുതുമയാക്കുന്ന വിദ്യ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കും റീട്യൂണ അവസരമൊരുക്കുന്നുണ്ട്. മാളിന്റെ ഒരു ഭാഗത്തായി പ്രവര്‍ത്തിക്കുന്ന ‘ഡിസൈന്‍ സ്കൂളി’ല്‍ പ്രവേശനം തേടാം. പുനഃചംക്രമണം ചെയ്ത് പുതുക്കിയ സാധനങ്ങള്‍ വില്‍ക്കുന്ന ലോകത്തെ ആദ്യ ഷോപ്പിങ് മാള്‍ എന്നാണ് റീട്യൂണ ഇന്നറിയപ്പെടുന്നത്.
പഴയ ഒരു ഗോഡൗണ്‍ നവീകരിച്ചാണ് റീട്യൂണ മുന്‍സിപ്പാലിറ്റി 2015 ആഗസ്റ്റില്‍ ഈ പദ്ധതിക്ക് തുടക്കമിട്ടത്. മുന്‍സിപ്പാലിറ്റിയിലെ ‘ഗ്രീന്‍ പാര്‍ട്ടി’ പ്രതിനിധികളുടേതായിരുന്നു ആശയം. ഏതാണ്ട് 20 ദശലക്ഷം സ്വീഡിഷ് ക്രോണ്‍ മുതല്‍മുടക്കോടെ ആരംഭിച്ച ‘റിട്യൂണ ഷോപ്പിങ് മാള്‍’ ആദ്യ വര്‍ഷം തന്നെ ‘സ്വീഡിഷ്’ റീസൈക്ലിങ്’ പുരസ്കാരം നേടിയെടുത്തു. 2018 മുതല്‍ സാമ്പത്തികമായി സ്വയംപര്യാപത തേടിയ ട്യൂണയുടെ കഴിഞ്ഞ വര്‍ഷത്തെ കച്ചവടം 11 ദശലക്ഷം സ്വീഡിഷ് കോണര്‍. നാട്ടുകാരിയായ അന്നാ ബെര്‍ഗ് സ്റ്റോം ആണ് തുടക്കം മുതല്‍ മാളിന്റെ മാനേജര്‍.
ഭൂമിയിലെ മാലിന്യത്തെയും മലിനവാതകങ്ങളെയും നിയന്ത്രിക്കുന്നതില്‍ റീട്യൂണ അപാരമായ പങ്കാണ് വഹിക്കുന്നതെന്ന് അന്നാട്ടിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. റീട്യൂണയുടെ പ്രവര്‍ത്തനം മൂലം പ്രതിവര്‍ഷം 20 ദശലക്ഷം ടണ്‍ ഗ്രീന്‍ഹൗസ് മലിനവാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് എത്തുന്നത് തടയാനാവുമത്രേ. നേട്ടം 22 ലക്ഷം യൂറോപ്പുകാര്‍ നേടിയെടുക്കുന്ന കാര്‍ബണ്‍ പാദമുദ്രയ്ക്ക് തുല്യമാണെന്നും അവര്‍ പറയുന്നു. ഇതൊരു ചെറിയ കാര്യമല്ല. ഭൂഗോളത്തിലെ സമസ്ത നാടുകളും റീട്യൂണയെ ഒരു മാതൃകയായി സ്വീകരിക്കുമെങ്കില്‍ മലിനവാതകങ്ങളുടെ ഉല്‍സര്‍ജനവും മലിനീകരണവും കാര്യമായി കുറയ്ക്കാനാവും. ആഗോളതാപനം നിയന്ത്രിക്കാനാവും. പക്ഷേ, അതിനുള്ള ആത്മാര്‍ത്ഥതയും ആര്‍ജവവും എത്ര രാജ്യങ്ങള്‍ കാണിക്കുമെന്ന കാര്യം കണ്ടറിയണം.വാല്‍ക്കഷണം -സ്വീഡന് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര ഫര്‍ണിച്ചര്‍ ഭീമന് ‘ഇക്കിയ’ തങ്ങള്‍ ഉണ്ടാക്കി വിറ്റ ഫര്‍ണിച്ചറുകള്‍ പഴകുമ്പോള്‍ തിരികെ വാങ്ങി പുനഃസംവിധാനം ചെയ്യാനുള്ള ഏര്‍പ്പാടുകള്‍ ആരംഭിച്ചു. ഗ്രീന്‍ഹൗസ് വാതക നിയന്ത്രണത്തിന് ഒരു സ്വീഡിഷ് ശ്രമം കൂടി!
പ്രതികരിക്കാൻ ഇവിടെ എഴുതുക: