”ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പാരമ്പര്യാവകാശമായിരിക്കും. കവനന്റ് ഒപ്പുവച്ച ഭരണാധികാരി മരിച്ചാലും സ്വയം ഉപേക്ഷിക്കാത്ത കാലത്തോളം രാജകുടുംബത്തിന്റെ ആചാരപരമായ അവകാശങ്ങള്‍ നിലനില്ക്കും.”
ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം എന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി 2020 ജൂലൈ 13 ന് പുറപ്പെടുവിച്ച ചരിത്ര വിധിയുടെ കാതലാണിത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആചാര പരിപാലനവും നടത്തിപ്പിനുളള അധികാരവും തിരുവിതാംകൂര്‍ രാജകുടുംബത്തിന് അവകാശപ്പെട്ടതാണെന്ന് അരക്കിട്ടുറപ്പിക്കുകയാണ് പരമോന്നത കോടതി. രാജകുടുംബത്തിന്റെ അവകാശങ്ങളും അധികാരങ്ങളും സംഭാവനകളും പാരമ്പര്യവുമൊക്കെ വീണ്ടും ചര്‍ച്ചയാകാന്‍ കോടതി വിധി കാരണമായി.
തെക്ക് കന്യാകുമാരി മുതല്‍ വടക്ക് വടക്കന്‍ പറവൂര്‍ വരെയും, പടിഞ്ഞാറ് അറബിക്കടല്‍ മുതല്‍ കിഴക്ക് പശ്ചിമഘട്ടത്തിനപ്പുറവും വ്യാപിച്ചു കിടന്നു പഴയ തിരൂവിതാംകൂര്‍ രാജ്യം. അതിപ്രാചീനവും അഭിമാനകരവുമായ ചരിത്രമുള്ള ഐശ്വര്യസമൃദ്ധമായ നാട് തൃപ്പാപ്പൂര്‍ രാജവംശത്തിന്റെ ഭരണത്തിലായിരുന്നു. 1729 മുതല്‍ 1758 വരെ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ് ഭരിച്ചത്. എതിരാളികളെ ഉന്മൂലനം ചെയ്ത് കൂടുതല്‍ നാട്ടുരാജ്യങ്ങളെ കീഴടക്കി അതിശക്തനായിത്തീര്‍ന്ന മാര്‍ത്താണ്ഡവര്‍മ ശ്രീപത്മനാഭ സ്വാമിയുടെ പരമഭക്തനുമായിരുന്നു. ആധുനിക പത്മനാഭ സ്വാമി ക്ഷേത്രം നിര്‍മിച്ചതും അദ്ദേഹത്തിന്റെ കാലത്താണ്. ശ്രീപത്മനാഭ സ്വാമി മൂന്നു ചുറ്റുള്ള ആദിശേഷ തല്പ്പത്തില് യോഗ നിദ്രയില്‍ ശയിക്കുന്ന രൂപത്തിലുള്ള വിഗ്രഹം പന്തീരായിരത്തെട്ട് സാളഗ്രാമങ്ങള്‍ അടുക്കിയാണ് ഉറപ്പിച്ചിട്ടുള്ളത്. കടുശര്‍ക്കരയോഗത്തിലാണ് പ്രതിഷ്ഠ. ഈ സാളഗ്രാമങ്ങള്‍ നേപ്പാളിലെ ഗണ്ഡകീ നദിയില്‍ നിന്ന് ശേഖരിച്ച് പശുപതിനാഥ ക്ഷേത്രത്തില്‍ പൂജിച്ച് ആനപ്പുറത്താണ് കൊണ്ടുവന്നത്. തിരുവനന്തപുരം നഗരത്തിലെ ഒരു മലയില്‍ നിന്ന് കൊണ്ടുവന്ന ഭീമാകാരമായ കരിങ്കല്ലില്‍ നിന്ന് രൂപപ്പെടുത്തിയ ഒറ്റക്കല്‍ മണ്ഡപം ശ്രീകോവിലിന് മുന്നില്‍ സ്ഥാപിച്ചു. സ്വര്‍ണ്ണക്കൊടിമരവും പ്രതിഷ്ഠിച്ചു
തൃപ്പടി ദാനത്തിന്റെ കഥ
പുതുതായി രൂപംകൊണ്ട തിരുവിതാംകൂര്‍ രാജ്യത്തെ 1750 ല്‍ എല്ലാ അധികാരവകാശങ്ങളോടുംകൂടി ഭരദേവതയായ ശ്രീപത്മനാഭസ്വാമിക്കു സമര്‍പ്പിച്ചു. അതാണ് തൃപ്പടിദാനം. അതൊരു വലിയ ചടങ്ങായിരുന്നു. സമര്‍പ്പണത്തിന് മുന്‍പ് ദേവനെ ആവാഹനം ചെയ്തു. പൂര്‍ണ കലശഹോമം തുടങ്ങിയ മതകര്‍മങ്ങളും മഹാകുംഭാഭിഷേകവും നടത്തി. സ്വാമിയാര്, യോഗാംഗങ്ങള്‍, ബ്രാഹ്മണര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തന്റെ ഒപ്പോടുകൂടി ദാന പ്രമാണം സമര്‍പ്പിച്ചു. രാജ ചിഹ്നങ്ങളായ കിരീടം, വെണ്‍കൊറ്റക്കുട, വെണ്‍ചാമര ദ്വന്ദ്വം, മണികണ്ഠം എന്നിവയ്ക്കൊപ്പം തുളസീ ദളങ്ങളും മണ്ഡപത്തില്‍ സമര്‍പ്പിച്ച് തന്റെ രാജ്യവും അതിന്മേലുള്ള അവകാശങ്ങളും ശ്രീപത്മനാഭസ്വാമിക്ക് സമര്‍പ്പിച്ചു. അതിനുശേഷം തന്റെ ഉടവാള് ശ്രീകോവിലിന് മുന്നിലുള്ള ഒറ്റക്കല്‍ മണ്ഡപ സോപാനത്തില്‍ അടിയറ വച്ചു. മുഖ്യപൂജാരിയില് നിന്ന് ഉടവാള് ഏറ്റുവാങ്ങി പൂജയ്ക്ക് ശേഷം കൊട്ടാരത്തിലേക്ക് മടങ്ങി. തന്റെ പിന്തലമുറ തിരുവിതാംകൂര്‍ രാജ്യത്തിലേക്ക് കൊണ്ടുവരുന്നതെല്ലാം ശ്രീപത്മനാഭന് സമര്‍പ്പിക്കണമെന്ന സമര്‍പ്പണ പ്രമാണം പുറത്തിറക്കി. അന്നുമുതല്‍ മാര്‍ത്താണ്ഡവര്‍മയും പിന്‍ഗാമികളും ‘ശ്രീപത്മനാഭ ദാസന്മാരായി’ രാജ്യം ഭരിച്ചു. ”കുരുക്ഷേത്ര യുദ്ധത്തിന് മുന്‍പ് അര്ജുനനെയും കലിംഗയുദ്ധത്തിന് ശേഷം അശോകചക്രവര്‍ത്തിയെയും എന്നപോലെ, ലക്ഷ്യത്തിലേക്കുള്ള മാര്‍ഗമെന്ന നിലയില്‍ പോരാട്ടങ്ങളുടെ നിഷ്ഫലതയും, താന്‍ സൃഷ്ടിച്ച തിരുവിതാംകൂര്‍ താന്‍ മൂലവും തനിക്ക് വേണ്ടിയും പതിച്ച അസംഖ്യം ആളുകളുടെ ജീവത്യാഗത്തിന്റെയും കരചരണ ഭഞ്ജനത്തിന്റെയും അടിത്തറയില്‍ പടുത്തുയര്ത്തിയതാണെന്നുള്ള ബോധവും മഹാരാജാവിനെ അസ്വസ്ഥനും ദുഃഖിതനുമാക്കി. ഇതാണ് തൃപ്പടി ദാനത്തിന് കാരണമായത്” അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി തൃപ്പടിദാനത്തെ വിലയിരുത്തുന്നതിങ്ങനെയാണ്.
ആരാധനാ വിപ്ലവം
ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് 1936 നവംബര്‍ 12നു മറ്റൊരു ചരിത്ര വിളംബരം ഉണ്ടായി. അതിങ്ങനെ:
”നമ്മുടെ മതത്തിന്റെ പരമാര്‍ത്ഥതയും സുപ്രമാണതയും ഗാഢമായി ബോദ്ധ്യപ്പെട്ടും, ആയതു ദൈവികമായ അനുശാസനത്തിലും സര്‍വവ്യാപകമായ സഹിഷ്ണുതയിലുമാണ് അടിയുറച്ചിരിക്കുന്നതെന്നു വിശ്വസിച്ചും, അതിന്റെ പ്രവര്‍ത്തനത്തില്‍ അതു ശതവര്‍ഷങ്ങളായി കാലപരിവര്‍ത്തനത്തിന് അനുയോജിച്ചു പോന്നുവെന്നു ധരിച്ചും, നമ്മുടെ ഹിന്ദുപ്രജകളില്‍ ആര്‍ക്കുംതന്നെ അവരുടെ ജനനമോ ജാതിയോ സമുദായമോ കാരണം ഹിന്ദുമതവിശ്വാസത്തിന്റെ ശാന്തിയും സാന്ത്വനവും നിഷേധിക്കപ്പെടാന്‍ പാടില്ലെന്നുള്ള ഉത്കണ്ഠയാലും നാം തീരുമാനിക്കുകയും ഇതിനാല്‍ പ്രഖ്യാപനം ചെയ്യുകയും നിയോഗിക്കുകയും ആജ്ഞാപിക്കുകയും ചെയ്യുന്നതെന്തെന്നാല്‍, സമുചിതമായ പരിതഃസ്ഥിതികള്‍ പരിരക്ഷിക്കുന്നതിനും ക്രിയാപദ്ധതികളും ആചാരങ്ങളും വച്ചുനടത്തുന്നതിനും നാം നിശ്ചിയിക്കുകയും ചുമത്തുകയും ചെയ്യാവുന്ന നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി, ജനനാലോ മതവിശ്വാസത്താലോ ഹിന്ദുവായ യാതൊരാള്‍ക്കും നമ്മുടെയും ഗവണ്മെന്റിന്റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇനിമേല്‍ യാതൊരു നിരോധനവും ഉണ്ടായിരിക്കാന്‍ പാടില്ലെന്നാകുന്നു”
ക്ഷേത്രപ്രവേശന വിളംബരം എന്ന പേരില്‍ രാജ്യം മുഴുവന്‍ ചര്‍ച്ചചെയ്ത പ്രഖ്യാപനം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്ന സംഭവമായി. അന്നുവരെ ഉന്നതജാതിക്കാര്‍ക്കു മാത്രം പ്രവേശനം നല്‍കിയിരുന്ന തിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം അനുവദിച്ചു. ഇതിന്റെ പേരില്‍ ഇന്ത്യയിലെമ്പാടു നിന്നും പ്രത്യേകിച്ച് മഹാത്മാഗാന്ധിയില്‍ നിന്നും അഭിനന്ദനങ്ങള്‍ ലഭിച്ചു.
പുരോഗതിയുടെ രാജപാത
അനുഗൃഹീതമായിരുന്ന തിരുവിതാംകൂര്‍ രാജ്യം ഇന്നില്ല. അത്മീയതയില്‍ അധിഷ്ഠിതമായ ഭരണം നടത്തിയ, വിശ്വാസത്തിന്റേയും പൈതൃകത്തിന്റേയും പ്രതീകമായ രാജവംശത്തിന് അധികാരവും ഇല്ല. എന്നാല്‍ ‘തൃപ്പടിദാനം’ മുതല്‍ ‘ക്ഷേത്രപ്രവേശന വിളംബരം’ വരെ നടത്തി ശ്രീപത്മനാഭ ദാസന്മാരായി രണ്ടു നൂറ്റാണ്ട് ഭരിച്ചവരുടെ സംഭാവനകളാണ് ആധുനിക കേരളത്തിനും അഭിമാന സ്തംഭങ്ങള്‍ എന്നതാണ് യാഥാത്ഥ്യം. നവോത്ഥാന മേഖലയില്‍ മാത്രമല്ല വികസനത്തിലും പുരോഗതിയിലും ജനാധിപത്യ കേരളം മാതൃക ആക്കേണ്ടിയിരുന്ന പലതും യാഥാര്‍ത്ഥ്യമാക്കിയത് തിരുവിതാംകൂര്‍ രാജാക്കന്മാരാണ്.
മാര്‍ത്താണ്ഡവര്‍മയുടെ പിന്‍ഗാമി ധര്‍മരാജയുടെ ഭരണകാലം തിരുവിതാംകൂര്‍ ചരിത്രത്തിലെ സുവര്‍ണകാലമായി കണക്കാക്കപ്പെടുന്നു.1795 ല്‍ തലസ്ഥാനം പത്മനാഭപുരത്തു നിന്നും തിരുവനന്തപുരത്തേക്കു മാറ്റി. മാര്‍ത്താണ്ഡവര്‍മ കീഴടക്കിയ മേഖലകളിലെ മേല്‍ക്കോയ്മ നിലനിര്‍ത്തുന്നതിനോടൊപ്പം സാമൂഹ്യപരിഷ്കരണശ്രമങ്ങളില്‍ ദത്തശ്രദ്ധനായിരുന്നു. രാജ്യത്തെ വാണിജ്യമേഖലയെ ശാക്തീകരിച്ചു. തിരുവിതാംകൂറിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ യാത്രാ സൗകര്യം (എംസി റോഡ്) നിര്‍മിച്ചു. തിരുവിതാംകൂര്‍ സ്വന്തം നിലയില്‍ ഭരിച്ച ഏക വനിതാ ഭരണാധികാരി മഹാറാണി ഗൗരി ലക്ഷ്മി ബായിയുടെ കാലത്ത് സാമൂഹിക രംഗത്തും വിദ്യാഭ്യാസ രംഗത്തും വളരെ പുരോഗതിയുണ്ടായി.
ഭരണ പരിഷ്കാരങ്ങള്‍
സര്‍വ്വകലാവല്ലഭനായിരുന്ന സ്വാതി തിരുനാളിന്റെ കാലഘട്ടം കേരളീയ സംഗീതകലയുടെയും സുവര്‍ണ്ണകാലമായിരുന്നു. അനാവശ്യമായ നികുതികള്‍ എടുത്തു കളഞ്ഞ അദ്ദേഹം 1834ല്‍ ഇംഗ്ലീഷ് സ്കൂളും ധര്‍മാശുപത്രിയും സ്ഥാപിച്ചു. ശാസ്ത്രീയാന്വേഷണരംഗത്ത് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കൊപ്പം പങ്കെടുക്കണമെന്നാഗ്രഹിച്ച സ്വാതി തിരുനാള്‍ 1837 ല്‍ വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചു. ജലസേചന മരാമത്ത് വകുപ്പ് സ്ഥാപിച്ചതും അദ്ദേഹമാണ്. ഇംഗ്ലണ്ടില്‍ നിന്ന് പ്രസ്സ് വരുത്തി അച്ചടി വകുപ്പ് ആരംഭിക്കുകയും ചെയ്തു. 1839 ല്‍ തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ്-മലയാളം കലണ്ടര്‍ ഈ പ്രസ്സില്‍ നിന്ന് പുറത്തിറക്കുകയും ചെയ്തു. സെന്‍സസ് 1836 ല്‍ തുടങ്ങിയത് അദ്ദേഹമാണ്. പബ്ലിക് ലൈബ്രറി തുടങ്ങി. എല്ലാ ജില്ലകളിലും മുനിസിഫ് കോടതികള്‍, കോട്ടയ്ക്കകത്ത് വലിയ ഗോശാല, തിരുവനന്തപുരത്ത് മൃഗശാല എന്നിവയൊക്കെ സ്വാതിതിരുനാളിന്റെ കാലത്തെ നേട്ടങ്ങളായിരുന്നു.
ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ് 1853 ല്‍ അടിമത്തം നിര്‍ത്തലാക്കിയത്. വസ്ത്രധാരണത്തിന് പരിപൂര്‍ണാവകാശമില്ലാതിരുന്ന ജാതിക്കാര്‍ക്ക് അതിനുള്ള അവകാശം നല്കി. 1857ല്‍ തപാല്‍ സംവിധാനവും 1859 ല്‍ പെണ്‍കുട്ടികള്‍ക്കായുള്ള പള്ളിക്കൂടവും സ്ഥാപിച്ചു. തുടര്‍ന്ന് ഭരിച്ച ആയില്യം തിരുനാളിന്റെ കാലത്ത് കാര്‍ഷിക-ജലസേചന മേഖലകളും ഗതാഗത രംഗവും അഭിവൃദ്ധി നേടി. മാനസിക രോഗാശുപത്രി ഉള്‍പ്പെടെ അനേകം ധര്‍മാശുപത്രികള്‍ ആരംഭിച്ചു. ശ്രീമൂലം തിരുനാള്‍ രാമ വര്‍മയുടെ കാലത്ത് അനേകം കലാലയങ്ങളും പള്ളിക്കൂടങ്ങളും സ്ഥാപിക്കപ്പെട്ടു. ഇവിടത്തെ വിദ്യാഭ്യാസ സമ്പ്രദായം ബ്രിട്ടീഷ് ഇന്ത്യയിലേക്കാള്‍ മികച്ചതാണെന്ന് 1920 ല്‍ തിരുവിതാംകൂര്‍ സന്ദര്‍ശിച്ച ജവഹര്‍ലാല്‍ നെഹ്രു അഭിപ്രായപ്പെട്ടു. ചികിത്സാരംഗവും നവീകരിക്കപ്പെട്ടു. 1888 ല്‍ ഇന്ത്യയില്‍ തന്നെ ആദ്യമായി ഒരു നിയമ നിര്‍മാണ സഭ രൂപവല്‍കരിക്കപ്പെട്ടു. തെരഞ്ഞെടുപ്പു സമ്പ്രദായം നിലവില്‍ വരികയും സ്ത്രീകള്‍ക്കും സമ്മതിദാനാവകാശം നല്കപ്പെടുകയും ചെയ്തു
വികസനത്തിന്റെ തേരോട്ടം
ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ നാടുനീങ്ങലിനെത്തുടര്‍ന്ന് 1924 മുതല്‍ 1931 വരെ റീജന്റായി രാജ്യം ഭരിച്ച സേതു ലക്ഷ്മീബായി വിവിധ കര്‍മ പരിപാടികളിലൂടെ കഴിവ് തെളിയിക്കുകയും, ഗാന്ധിജിയുടെ തന്നെ പ്രശംസയേറ്റുവാങ്ങുകയും ചെയ്തു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഒഴിവാക്കാന്‍ ശ്രമിച്ചതും മരുമക്കത്തായം, മൃഗബലി, ദേവദാസി സമ്പ്രദായം എന്നിവ അവസാനിപ്പിക്കാനുള്ള നിയമം കൊണ്ടുവന്നതും ഇക്കാലത്താണ്. ഗ്രാമ പഞ്ചായത്ത്, വോട്ടവകാശം, മറ്റു രാജ്യങ്ങളോടൊപ്പം കൊച്ചി തുറമുഖ നിര്‍മാണത്തില്‍ പങ്കാളിത്തം, കാര്‍ഷിക മേഖലയിലും ബാങ്കിങ് മേഖലയിലും സേവനങ്ങള്‍,സിനിമാ മേഖല, വൈദ്യുത പദ്ധതികള്‍ എന്നിവയിലൊക്കെ തിരുവിതാംകൂറിന്റെ ‘ശംഖുമുദ്ര’ പതിപ്പിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ പാതയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മിച്ചു. യൂറോപ്പില്‍ നിന്ന് വിദ്യാ സമ്പന്നരായ അധ്യാപകരെ നിയമിച്ചും, നിയമ സഭയിലേക്ക് സ്ത്രീകളെ നേരിട്ട് നോമിനേറ്റ് ചെയ്തും ‘തുല്യം ചാര്‍ത്തി.’
തിരുവിതാംകൂറിനെ വ്യവസായവല്‍കരിച്ചതും, വിദ്യാഭ്യാസ മേഖലയിലും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നതും പ്രതിരോധ മേഖല വികസിപ്പിച്ചതും അവസാനത്തെ ഭരണാധികാരി ചിത്തിര തിരുനാള്‍ ബാലരാമ വര്‍മയായിരുന്നു. തിരുവിതാംകൂര്‍ സര്‍വകലാശാല, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ്, എഫ്എസിടി, പള്ളിവാസല്‍ ജല വൈദ്യുത പദ്ധതി, തേക്കടി വന്യ മൃഗ സംരക്ഷണ കേന്ദ്രം, തിരുവനന്തപുരം വിമാനത്താവളം, ഭൂപണയ ബാങ്ക്, തിരുവനന്തപുരം റേഡിയോ സ്റ്റേഷന്, പബ്ലിക് സര്‍വ്വീസ് കമ്മീഷന്, സ്വാതി തിരുനാള്‍ സംഗീത കോളജ,് ശ്രീചിത്രാ ആര്‍ട്ട് ഗ്യാലറി, അക്വേറിയം, തിരുവിതാംകൂര്‍ സ്റ്റേറ്റ് ഫോഴ്സ്, ലൈഫ് ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്ട്മെന്റ്, പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി, ലേബര്‍ കോര്‍ട്ട്, ശ്രീചിത്രാ പുവര്‍ ഹോം, വഞ്ചി പുവര്‍ ഫണ്ട്്, മെഡിക്കല്‍ കോളജ്, എഞ്ചിനീയറിങ് കോളജ്, ആയുര്‍വ്വേദ കോളേജ്, ഹോമിയോപ്പതി കോളജ്, അവിട്ടം തിരുനാള്‍ ആശുപത്രി, ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നൊളജി…
കേരളത്തിന്റെ അഭിമാന സ്ഥാപനങ്ങളെല്ലാം ചിത്തിര തിരുനാളിന്റെ കാലത്ത് ഉയര്‍ന്നവയാണ്. പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനാ നിര്‍മാണ സമിതി ഇന്ത്യയില്‍ ആദ്യമായി രൂപീകരിച്ചു. ഏഷ്യയില്‍ ആദ്യമായി വധശിക്ഷ നിര്‍ത്തലാക്കി തുടങ്ങി ക്ഷേത്ര പ്രവേശന വിളംബരത്തിനു പുറമെ പുരോഗമനപരവും വിപ്ലവാത്മകവുമായ പല ഭരണ പരിഷ്കാരങ്ങളും ശ്രീചിത്തിര തിരുനാള്‍ നടപ്പില്‍ വരുത്തി. ഏഴ് പതിറ്റാണ്ട് ഭരിച്ചിട്ടും ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് കൈവരിക്കാന്‍ കഴിയാത്ത ജനോപകാര പദ്ധതികളായിരുന്നു 1931 മുതല്‍ 1949 വരെ 18 വര്‍ഷം ഭരിച്ച തിരുവിതാംകൂറിലെ അവസാനത്തെ രാജാവ് നടപ്പിലാക്കിയത്.
സാര്‍വത്രിക വിദ്യാഭ്യാസം
വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഒരു വിപ്ലവം തന്നെയാണ് രാജകുടുംബം സൃഷ്ടിച്ചത്. തിരുവിതാംകൂറില്‍ എട്ട് വയസ്സ് തികഞ്ഞവരായ ഒരു കുട്ടിയും അക്ഷരം പഠിക്കാത്തവരായി ഉണ്ടാകരുതെന്ന് ഉത്തരവ് പുറപ്പെടുവിച്ച സ്വാതി തിരുനാളിന്റെ ഭരണത്തിന്‍കീഴില്‍ വിദ്യാഭ്യാസം വളരെ അഭിവൃദ്ധി പ്രാപിച്ചിരുന്നു. പാഠപുസ്തക സമിതിയില്‍ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന് തന്നെ അംഗമായിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ അധ്യാപകര്‍ക്കു വെറും ഏഴു രൂപാ മാത്രം ശമ്പളം കിട്ടുമ്പോള്‍ 300 രൂപയാണ് തിരുവനന്തപുരത്ത് അധ്യാപകര്‍ക്കു വേണ്ടി സ്വാതിതിരുനാള്‍ നല്‍കിയിരുന്നത് എന്നറിയുമ്പോള്‍ വിദ്യാഭ്യാസത്തിന് അദ്ദേഹം നല്‍കിയിരുന്ന പ്രാധാന്യം ആര്‍ക്കും ഊഹിക്കാം. 1817 ലെ റാണി ഗൗരി പാര്‍വ്വതി ഭായിയുടെ നീട്ട് ഇതിന് വലിയൊരു ഉദാഹരണം തന്നെയാണ്.
ഇന്നു തിരുവനന്തപുരത്തും കൊല്ലത്തും കാണുന്ന 99 ശതമാനം അഭിവൃദ്ധിക്കും കാരണം രാജകുടുംബമാണ്. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളജ് ഉള്‍പ്പെടെയുള്ള പ്രധാന സര്‍ക്കാര്‍ കോളജുകളും, മോഡല്‍ സ്കൂള്‍ ഉള്‍പ്പെടെയുള്ള പ്രധാന സര്‍ക്കാര്‍ വിദ്യാലയങ്ങളും ആശുപത്രികളും സാമൂഹിക സാംസ്കാരിക സ്ഥാപനങ്ങളും സ്ഥാപിച്ചത് രാജഭരണത്തിന് കീഴിലാണ്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പാരമ്പര്യാവകാശമായിരിക്കുമെന്ന് സുപ്രീം കോടതി പറയുമ്പോള്‍ കേരളത്തിന്റെ വികസനത്തിലും രാജാക്കന്മാരുടെ അവകാശത്തിന്റെ സ്മാരകങ്ങളാണ് തലയുയര്‍ത്തി നില്ക്കുന്നതെന്ന സത്യം കാണാതെ പോകരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: