തിരുവനന്തപുരം: നിര്‍ദിഷ്ട തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പാത സംബന്ധിച്ച് വിവിധ കോണുകളില്‍ നിന്നും ഉയരുന്ന ആശങ്കള്‍ക്ക് അടിസ്ഥാനമില്ലെന്നു പദ്ധതി നടപ്പാക്കുന്ന കേരള റെയില്‍ ഡെവലപ്മെന്റ് കോര്പറേഷന് അറിയിച്ചു.
പദ്ധതിക്കുവേണ്ടി ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണു ഏറ്റവുമധികം ആശങ്കയും ചില സ്ഥലങ്ങളില്‍ പ്രക്ഷോഭങ്ങളും ഉയര്‍ന്നിട്ടുളളത്. പാതയ്ക്കുവേണ്ടി പരമാവധി സ്ഥലം കുറച്ചാണു ഏറ്റെടുക്കുകയെന്നും ഏറ്റെടുക്കുന്ന ഭൂമിയ്ക്കു വിപണി വിലയുടെ രണ്ടു മുതല്‍ നാലിരട്ടി വരെ തുക നഷ്ടപരിഹാരമായി നല്‍കുമെന്നും കെ-റെയില്‍ എംഡി വി.അജിത് കുമാര്‍ പറഞ്ഞു.
തീര്‍ത്തും സുതാര്യമായ രീതിയില്‍ 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരമാണു ഏറ്റെടുക്കല്‍ പ്രക്രിയയും നഷ്ടപരിഹാരമടക്കമുളള പുനരധിവാസ നടപടികളും. മറിച്ചുളള പ്രചാരണങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്നവയാണ്. പാതയുടെ അലൈന്മെന്റ് കഴിയുന്നത്ര ജനവാസ മേഖലകള്‍ ഒഴിവാക്കിയാണ് തയാറാക്കിയിരിക്കുന്നത്. വീട്, മറ്റ് കെട്ടിടങ്ങള്‍, വൃക്ഷങ്ങള്‍ എന്നിവയ്ക്കും ഇരട്ടി തുക നഷ്ടപരിഹാരമായി ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇപ്പോഴുളള തിരുവനന്തപുരം-മംഗളൂരു റെയില്‍ പാതയ്ക്കു സമീപത്തായി പുതിയ അതിവേഗ പാത നിര്‍മിച്ചു കൂടേ എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാല്‍ ഇതേ അലൈന്മെന്റില് പാത നിര്‍മിച്ചാല്‍ ഇപ്പോഴുളള പാതയുടെ പ്രശ്നങ്ങള്‍ പുതിയ പാതയിലുമുണ്ടാകും. തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ നിലവിലുളള വളഞ്ഞു പുളഞ്ഞു പോകുന്ന പാതയ്ക്കു സമാന്തരമായി സില്‍വര്‍ലൈന്‍ നിര്‍മിക്കുകയാണെങ്കില്‍ മണിക്കൂറില്‍ നിര്‍ദിഷ്ട വേഗമായ 200 കിലോമീറ്റര്‍ സാധ്യമാകില്ല. ഈ പ്രശ്നമില്ലാത്ത തിരൂര്‍-കാസര്‍കോട് ഭാഗത്തു ഇപ്പോഴത്തെ പാതയ്ക്കു സമാന്തരമായാണു സില്‍വര്‍ലൈന്‍.
സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ നിര്‍മിക്കുന്ന സില്‍വര്‍ ലൈനിനെ നിലവിലുളള പാതയുമായി കൂട്ടിയോജിപ്പിച്ച് ഉപയോഗിക്കാനാവില്ല.പദ്ധതിച്ചെലവു കുറയ്ക്കാനും മെച്ചപ്പെട്ട സാങ്കേതിക വിദ്യയ്ക്കു വേണ്ടിയുമാണു മിക്ക രാജ്യങ്ങളിലും ചെയ്തിരിക്കുന്നതു പോലെ സ്റ്റാന്‍ഡേര്‍ഡ് ഗേജ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിന് ബ്രോഡ്ഗേജിനേക്കാള്‍ കുറച്ചു ഭൂമി മതി.
കൂടുതല്‍ സ്റ്റേഷനുകള്‍ക്കു വേണ്ടിയുളള മുറവിളിയാണു പല കോണുകളില്‍നിന്നും ഉയരുന്നത്. ഇപ്പോള്‍ നിശ്ചിയിച്ചിരിക്കുന്ന സ്റ്റേഷനുകളെ ഫീഡര്‍ സര്‍വീസുകള്‍ വഴി ബന്ധിപ്പിച്ചാല്‍ എല്ലാവര്ക്കും വേഗപാതയുടെ പ്രയോജനം ലഭിക്കുമെന്നു അജിത് കുമാര്‍ പറഞ്ഞു.
പാത നിര്‍മാണവുമായി ബന്ധപ്പെട്ട് നേരിട്ടും അല്ലാതെയും അര ലക്ഷം തൊഴിലവസരമാണു സംസ്ഥാനത്തു സൃഷ്ടിക്കപ്പെടുക. പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ 11,000 തൊഴിലവസരങ്ങള്‍ ഉണ്ടാകും. പാതയ്ക്കു സമീപമായി സര്‍വീസ് റോഡുകള്‍ വരുന്നതോടെ ഭൂമി വിട്ടു നല്‍കുന്നവര്‍ക്കു മെച്ചപ്പെട്ട റോഡ് സൗകര്യം ലഭിക്കുന്നതോടൊപ്പം ഭൂമിയുടെ വില വര്‍ധിക്കുകയും ചെയ്യും. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ഏറ്റെടുക്കലിനു മുന്‍പു തന്നെ പരാതിക്കാരുമായുളള കൂടിയാലോചനകളിലൂടെ പരിഹരിക്കും.
സില്‍വര്‍ ലൈന്‍ നിലവിലുളള റെയില്‍പാതകള്‍, ദേശീയ പാതകള്‍, സംസ്ഥാന പാതകള്‍, മറ്റു റോഡുകള്‍ എന്നിവ മുറിച്ചു കടക്കുന്ന സ്ഥലങ്ങളില്‍ സഞ്ചാര സൗകര്യം മെച്ചപ്പെടുത്തുന്നതിനായി മേല്‍പ്പാലങ്ങള്‍, അടിപ്പാതകള്‍, ഫ്ളൈ ഓവറുകള്‍ എന്നിവ നിര്‍മിക്കും. ഓരോ 500 മീറ്ററിലും കാല്‍നടയാത്രക്കാര്‍ക്ക് സില്‍വര്‍ലൈന്‍ മുറിച്ചു കടക്കാന്‍ സൗകര്യം ഉണ്ടായിരിക്കും. ജനസഞ്ചാരത്തിന് ഒരു തടസവുമുണ്ടാകാതിരിക്കാനാണ് ഈ നടപടി. ജനസഞ്ചാരത്തിന് സില്‍വര്‍ലൈന്‍ ഹാനികരമാണെന്ന പ്രചാരണങ്ങളില്‍ കഴമ്പില്ലെന്നും അജിത് കുമാര്‍ ചൂണ്ടിക്കാട്ടി.
ഏറ്റവും കുറഞ്ഞ ജനസാന്ദ്രത കണക്കിലെടുത്താണു സില്‍വര്‍ലൈന്‍ അലൈന്മെന്റ് നിശ്ചയിച്ചിരിക്കുന്നത്. നെല്പാടങ്ങളും കെട്ടിട സമുച്ചയങ്ങളും ഒഴിവാക്കി 88 കിലോമീറ്ററില്‍ ആകാശപാതയായാണു നിര്‍മിക്കുന്നത്. ദേശീയപാതയ്ക്കു 45 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കുമ്പോള്‍ സില്‍വര്‍ലൈനിന് 15 മുതല്‍ 25 മീറ്റര്‍ വരെ വീതിയില്‍ മാത്രമാണു ഭൂമി ആവശ്യമായി വരുന്നത്. ദേശീയപാതയിലെ അപകടങ്ങളും വാഹനങ്ങളുടെ എണ്ണവും ഗണ്യമായി കുറയ്ക്കാന്‍ സില്‍വര്‍ ലൈനിനു കഴിയും.
കോഴിക്കോട് നഗരത്തില്‍ ഭൂഗര്‍ഭ ടണല്‍ നിര്മിക്കുന്നതുകൊണ്ടു ജനജീവിതം തടസപ്പെടില്ല. പല സ്ഥലങ്ങളിലായി 24 കിലോമീറ്റര്‍ കട്ട് ആന്‍ഡ് കവര്‍ നിര്‍മാണ രീതി ആയതുകൊണ്ട് വീടുകള്‍ക്കും പ്രശ്നമുണ്ടാകില്ല. സാധ്യമായ സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നത് ഒഴിവാക്കി.
ഏറ്റവുമടുത്ത സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കാന്‍ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കാനാവും. അതിരുകളില്‍ ശക്തമായ റീട്ടെയ്നിങ് വാളുകള്‍ സ്ഥാപിച്ച് കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും എംഡി പറഞ്ഞു.
ഭൂമിയുടെ കിടപ്പ്, യാത്രക്കാരുടെ സൗകര്യം, മണ്ണിന്റെ ഉറപ്പ്, നിര്‍മാണ ചെലവ്, പാരിസ്ഥിതിക പ്രശ്നങ്ങള്‍, സാമ്പത്തികം തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്താണു അലൈന്മെന്റ് തയാറാക്കിയതെങ്കിലും ജനജീവിതത്തെ ബാധിക്കാതെയുളള അലൈന്മെന്റ് എന്നതിനാണു കെ-റെയില്‍ മുന്തിയ പരിഗണന നല്‍കിയിട്ടുളളത്.
കൊവിഡിനു ശേഷമുളള സംസ്ഥാനത്തിന്റെ ഉയിര്ത്തെഴുന്നേല്പിനും സാമ്പത്തിക പുരോഗതിക്കുമുളള ഉത്തേജക പാക്കേജ് കൂടിയാണു 11 ജില്ലകളിലൂടെ കടന്നു പോകുന്ന 529.45 കിലോമീറ്റര്‍ സില്‍വര്‍ലൈന്‍. ഈ ദൂരം നാലു മണിക്കൂറില്‍ താഴെ മാത്രമെടുത്തു താണ്ടുന്നതു കൊണ്ടു കേരള ജനതയുടെ സഞ്ചാര രീതികളുടെ പൊളിച്ചെഴുത്തു കൂടിയാകും ഈ പദ്ധതി.
സൗരോര്‍ജമുള്‍പ്പെടെ ഇന്ധനമായി ഉപയോഗിക്കുന്ന സില്‍വര്‍ലൈന്‍ മലിനീകരണമില്ലാത്ത ഗതാഗതം മാര്‍ഗം കൂടിയാണ്. പാതയോരത്തല്ലാത്ത വാണിജ്യ, വിനോദ സഞ്ചാര കേന്ദ്രങ്ങളെയും വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കാന്‍ മറ്റു യാത്രാമാര്‍ഗങ്ങളുമായി സില്‍വര്‍ലൈനിനെ ബന്ധിപ്പിക്കുന്നുണ്ടെന്നും കെ-റെയില്‍ എംഡി പറഞ്ഞു.
റോഡിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുവാന്‍ കഴിയുമെന്നതും റോഡപകടങ്ങളില്‍ ഗണ്യമായ കുറവുണ്ടാകും എന്നതും സില്‍വര്‍ ലൈന്‍ പദ്ധതിയുടെ മറ്റൊരു നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: