കാസര്‍കോട്: സംസ്ഥാന തലത്തില്‍ തന്നെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഒട്ടുമിക്ക ദിവസങ്ങളിലും കാസര്‍കോട് ജില്ലയുടെ എണ്ണം മറ്റ് ജില്ലകളെ അപേക്ഷിച്ച് വളരെ കൂടുതല്‍ ആണെങ്കിലും ജില്ലയിലെ കോവിഡ് പരിശോധനയുടെ കാര്യത്തില്‍ പിന്നിലാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. മൂന്നാം ഘട്ടത്തിന്റെ ആദ്യനാളുകളില്‍ കാസര്‍കോട് ജില്ല കോവിഡ് ടെസ്റ്റിന്റെ കാര്യത്തില്‍ മുന്നിലായിരുന്നു. അന്ന് തിരുവനന്തപുരത്തിനും കണ്ണൂരിനും ഒപ്പം കാസര്‍കോട് പരിശോധനയുടെ കാര്യത്തില്‍ ഏറെ മുന്നിലായിരുന്നു.
എന്നാല്‍ ഇന്നലെ പാലക്കാട് ജില്ലയില്‍ 1800 പേര് പരിശോധനക്ക് വിധേയരായപ്പോള്‍ കാസര്‍കോട്ട് ടെസ്റ്റ് നടത്തിയത് 476 പേരില്‍ മാത്രം. കണ്ണൂരില്‍ ഇന്നലെ 1651 പേരും കോഴിക്കോട്ട് 1156 പേരും പരിശോധനക്ക് വിധേയരായപ്പോഴാണ് കാസര്‍കോട് ജില്ലയില്‍ 500 ന് താഴെ പേര് മാത്രം കോവിഡ് ടെസ്റ്റിന് വിധേയരായത്. ജുലായ് ഒന്നിന് മറ്റുപല ജില്ലകളെയും അപേക്ഷിച്ച് കാസര്‍കോട്ട് ടെസ്റ്റ് കൂടുതല്‍ ആയിരുന്നു. ജില്ലയില്‍ 376 പേരാണ് ജുലായ് ഒന്നിന് പരിശോധന നടത്തിയത്. എന്നാല്‍ കണ്ണൂരില്‍ അടക്കം പല ജില്ലകളിലും ഇതിന് താഴെയായിരുന്നു പരിശോധനക്ക് വിധേയരായവരുടെ കണക്ക്.
ജനങ്ങള്‍ പരിശോധനക്ക് വിധേയരാവാന്‍ മടി കാണിക്കുകയാണെന്ന പരാതി ആരോഗ്യ വകുപ്പിനുണ്ട്. പരിശോധനയില്‍ കോവിഡ് പോസിറ്റീവ് കണ്ടെത്തിയാല്‍ കുറഞ്ഞത് രണ്ടാഴ്ചയില്‍ ഏറെ കാലം ഐസൊലേഷന്‍ വാര്‍ഡില്‍ കിടക്കേണ്ടിവരുമെന്ന ആശങ്ക മൂലമാണ് പലരും ടെസ്റ്റിന് വിമുഖത കാണിക്കുന്നത്.
ലക്ഷണമുണ്ടായിട്ട് പോലും പരിശോധനക്ക് വിധേയരാവാത്തവരുടെ എണ്ണം ഏറെയാണ്. കോവിഡ് സെന്ററുകളില്‍ ചികിത്സയില്‍ കഴിഞ്ഞ് മടങ്ങുന്നവര്‍ ഉന്നയിക്കുന്ന പരാതികള്‍ വര്‍ധിച്ചതോടെയാണ് പലരും ടെസ്റ്റില്‍ നിന്ന് മനപൂര്‍വ്വം ഒഴിഞ്ഞു മാറുന്നത്.കേരളത്തില്‍ മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കോവിഡ് പരിശോധന കുറവാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ മാസം 20ന് തമിഴ്നാട്ടില്‍ 58475 പേരും കര്‍ണാടകയില്‍ 43907 പേരും പരിശോധനക്ക് വിധേയരായപ്പോള്‍ കേരളത്തില്‍ 14640 പേരില്‍ മാത്രമാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് പരിശോധന ആനുപാതികമായി വര്‍ധിക്കുന്നില്ല എന്നതുകൊണ്ടാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: