തൃശൂര്‍: ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ 29 ന് ആരംഭിക്കും. ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയവരില്‍ ഉപരിപഠന യോഗ്യത നേടിയ 34,771 വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടാന്‍ കാത്തിരിക്കുന്നത്. ഇതില്‍ 17,509 പേര് ആണ്‍കുട്ടികളും 17,262പേര് പെണ്‍കുട്ടികളുമാണ്.
മുന്‍വര്‍ഷങ്ങളിലെപ്പോലെ ഓണ്‍ലൈനായി ഏകജാലക സംവിധാനത്തില്‍ത്തന്നെയാകും പ്രവേശന നടപടികള്‍. അപേക്ഷിക്കാന്‍ കൂടുതല്‍ ദിവസം അനുവദിക്കും. 202 ഹയര്‍ സെക്കന്ററി സ്കൂളുകളാണ് ജില്ലയിലുള്ളത്. ഇതില്‍ 76 എണ്ണം ഗവണ്മെന്റും 93 എണ്ണം എയ്ഡഡും 33 എണ്ണം അണ്‍എയ്ഡഡുമാണ്.
സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായി 32,650 പ്ലസ് വണ്‍ സീറ്റാണ് ജില്ലയിലുള്ളത്. ഹയര്‍സെക്കന്ററി സ്കൂളുകളിലായി ആകെ 653 ബാച്ചുകളാണ് നിലവിലുള്ളത്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ കമ്പ്യൂട്ടര്‍ സെന്ററുകള്‍ വഴിയോ അല്ലെങ്കില്‍ സ്വയമോ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ എല്ലാ സംവരണ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും പ്രവേശനം. ട്രയല്‍ അലോട്ട്മെന്റ് കൂടാതെ അലോട്ട്മെന്റുകളും സപ്ലിമെന്ററി അലോട്ടുമെന്റുകളും ഉണ്ടാകും. സ്പോര്‍ട്ട്സ് ക്വാട്ട അഡ്മിഷനായി മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ സ്പോര്‍ട്ട് കൗണ്‍സിലില്‍ ആദ്യ രജിസ്ട്രേഷന് നടത്തണം.
കൗണ്‍സില്‍ നല്കുന്ന സ്കോര്‍ കാര്‍ഡ് അടക്കം ഏകജാലക രജിസ്ട്രേഷന് നടത്തണം. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് അവരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ സാധാരണ പോലെ അപേക്ഷിക്കാന്‍ അവസരമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹയര്‍സെക്കന്ററി ജില്ലാ കോര്‍ഡിനേറ്റര്‍ വി എം കരീം-9447437 201, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍, ഷാജു. ഇ.ഡി – 9446229366 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: