തൃശൂര്‍: നാടാകെ കൊറോണ വ്യാപനവും ലോക്ഡൗണുമൊക്കെ വലിയ ആശങ്കയാകുമ്പോള്‍ അതിനെക്കുറിച്ച് വലിയ ധാരണയില്ലാത്ത ഒരു വിഭാഗമുണ്ട്. പട്ടിണിയുടേയും ദുരിതത്തിന്റെയും നിലയില്ലാക്കയത്തില്‍ നീന്തുന്നവര്‍ക്ക് എന്ത് കൊറോണ – എന്ത് ലോക്ഡൗണ്‍. വയറെരിയുമ്പോള്‍ മുണ്ട് മുറുക്കി ഉടുത്ത് ആരോടും പരാതി പറയാതെ എപ്പോഴെങ്കിലും, എന്തെങ്കിലുമൊക്കെ കഴിച്ച് ജീവിതം തള്ളിനീക്കുകയാണ് വടക്കാഞ്ചേരി കോടശേരിമലയിലെ ഏഴോളം നായാടി കുടുംബങ്ങള്‍.
വാതിലും ജനലുമില്ലാത്ത കുട്ടികളുടെ കളിവീട് പോലെയുള്ള കൂരയില്‍ ആകാശം നോക്കിക്കിടന്നാണ് ഇവരുടെ അന്തിയുറക്കം. മഴ പെയ്താല്‍ വയോധികരടക്കമുള്ളവര്‍ എഴുന്നേറ്റിരുന്ന് മുണ്ട് തലയിലൂടെ പുതച്ച് അത് മുഴുവന്‍ കൊള്ളും. കുടുംബങ്ങളിലെ കുരുന്നുകളെ മഴ കൊള്ളിക്കാതിരിക്കാന്‍ മുതിര്‍ന്നവര്‍ വൃഥാ ശ്രമം നടത്തും. വേനല്‍ക്കാലത്ത് വെയിലും, മഞ്ഞും ഒക്കെ ഇവര്‍ക്ക് ഒരു പോലെയാണ്. വെള്ളവും, വൈദ്യുതിയും ഈ കോളനിയില്‍ അതിഥികളാണ്. വീടാകെ തകര്‍ന്നിട്ടും, വാസയോഗ്യമല്ലാതായിട്ടും വേലൂര്‍ പഞ്ചായത്ത് അധികൃതര്‍ ഇങ്ങോട്ട് തിരിഞ്ഞ് നോക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. കടങ്ങോട് ശുദ്ധജല പദ്ധതിയുടെ ഭാഗമായി കോളനിയിലേക്ക് കുടിവെള്ള പൈപ്പും, പദ്ധതിയുമെത്തിച്ചിട്ടുണ്ടെങ്കിലും അതൊക്കെ തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.
കോളനിയിലെ ആരോഗ്യമുള്ളവര്‍ പുറത്ത് പോയി ചെയ്യുന്ന ജോലിയിലെ കൂലിയായിരുന്നു മുന്‍ കാലങ്ങളില്‍ ഇവരുടെ വരുമാന മാര്‍ഗം. എന്നാല്‍ കൊറോണ നാട്ടില്‍ പിടിമുറുക്കിയതോടെ ഈ വരുമാനം നിലച്ചിട്ട് മാസങ്ങളായി. പട്ടിണിയുടെ രൂക്ഷത നായാടി കുടുംബങ്ങളെ വേട്ടയാടുകയാണ്. കുട്ടികളുടെ പഠനം മാസങ്ങളോളമായി ചോദ്യചിഹ്നമാണ്. മെഴുകുതിരിയുടെ ഇത്തരി വെട്ടം മാത്രമാണ് രാത്രിയുടെ രൂക്ഷതയെ മറികടക്കാന്‍ ഇവര്‍ക്കുളള ഏക ആശ്രയം. സ്കൂളുകള്‍ അടച്ചിട്ടതോടെ അവസാനിച്ചതാണ് പഠനം. ഓണ്‍ലൈന്‍ ക്ലാസുകള്‍ തകൃതിയായി നടക്കുന്നുണ്ടെങ്കിലും വൈദ്യുതിയില്ലാത്ത വീടുകളില്‍ അതും രക്ഷയില്ല. ഫോ്ണ് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ഇരുട്ടത്തിരിക്കുന്നവരാണ് ഏഴ് കുടുംബങ്ങളിലെ മുപ്പതോളം പേരില്‍ ഭൂരിഭാഗവും.
റേഷന്‍ കാര്‍ഡ് പലര്‍ക്കുമില്ലാത്തതിനാല്‍ സൗജന്യ അരി പോലും ലഭിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. ഏതെങ്കിലും ജീവകാരുണ്യ സംഘടനകള്‍ എത്തിച്ച് നല്കുന്ന ഭക്ഷ്യ കിറ്റുകളിലാണ് പല കുടുംബങ്ങളും ജീവിതം ഇതുവരെ തള്ളി നീക്കിയത്. അതും നിലച്ചതോടെ പട്ടിണിയുടെ ഭീകരത വേട്ടയാടുകയാണ് ഈ നായാടി കുടുംബങ്ങളെ. സമൂഹത്തിന്റെയും, അധികാരികളുടേയും തുറന്നു പിടിച്ച മിഴികള്‍ കോടശേരിയിലേക്ക് അടിയന്തരമായി പതിയേണ്ടതുണ്ടെന്ന് ജനങ്ങളും സാക്ഷ്യപ്പെടുത്തുന്നു. അതുണ്ടായില്ലെങ്കില്‍ ഈ നായാടി കോളനിയില്‍ നിന്ന് പട്ടിണിമരണ വാര്‍ത്ത നാട് കേള്‍ക്കേണ്ടി വരുമെന്നും ഇവര്‍ ആശങ്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: