നീലേശ്വരം: ലാബ് ടെക്‌നീഷ്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട നീലേശ്വരം എന്‍.കെ.ബി.എം സഹകരണാശുപത്രിയില്‍ ജോലി ചെയ്തിരുന്ന പതിനഞ്ചുപേരുടെ സ്രവ പരിശോധനാഫലം ലഭിച്ചു. വനിതാ ഡോക്ടറും സ്റ്റാഫ് നഴ്‌സും അടക്കം നാലുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഇവരില്‍ രണ്ടുപേര്‍ ആശുപത്രിയിലും മറ്റ് രണ്ടുപേര്‍ അവരവരുടെ വീടുകളിലും ക്വാറന്റൈനില്‍ ആയിരുന്നു. ചിറപ്പുറം ആലിന്‍കീഴിലെ വനിതാഡോക്ടര്‍, കാലിച്ചാനടുക്കം സ്വദേശിനിയായ സ്റ്റാഫ് നഴ്‌സ്, ബങ്കളത്തെ ഫാര്‍മസിസ്റ്റ്, മയ്യിച്ചയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ ഇനി ഒരു ഡോക്ടര്‍ അടക്കം നാലുപേര്‍ കൂടി പരിശോധന നടത്താനുണ്ട്.
നേരത്തെ സ്രവം നല്‍കിയ സ്റ്റാഫ് നഴ്‌സിന്റെ പരിശോധനാഫലവും അറിയാനുണ്ട്. കഴിഞ്ഞ 10 ദിവസത്തിനിടെ ആശുപത്രിയില്‍ ചികിത്സ തേടിയവരും കൂട്ടിരുന്നവരും രോഗികളെ സന്ദര്‍ശിച്ചവരും ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.
രോഗലക്ഷണങ്ങളുണ്ടായാല്‍ അതാത് പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കണം.
ഇവര്‍ക്ക് ആന്റിജന്‍ പരിശോധനയും സ്രവപരിശോധനയും നടത്താന്‍ നീലേശ്വരം താലൂക്കാശുപത്രിയില്‍ സൗകര്യമേര്‍പ്പെടുത്തി. നീലേശ്വരം ആനച്ചാലില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കോട്ടപ്പുറം മദ്രസയില്‍ ക്വാറന്റൈനില്‍ കഴിയുന്ന 13 പേരില്‍ വ്യാഴാഴ്ച പരിശോധനക്ക് വിധേയരായ മൂന്നുപേരുടെ ഫലം നെഗറ്റീവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: