കാസര്‍കോട്: വെള്ളരിക്കുണ്ട് ബീവറേജില്‍ പരിശോധനക്കെത്തിയ കാഞ്ഞങ്ങാട് എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ എക്‌സൈസ് ഉദ്യോഗസ്ഥന് വ്യഴാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്ന് എക്‌സൈസ് ഓഫീസുകള്‍ അടച്ചിട്ട് ജീവനക്കാരോട് ആരോഗ്യ വകുപ്പ് ക്വാറന്റേനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി. അഞ്ചു ദിവസം മുന്‍പാണ് കാഞ്ഞങ്ങാട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ വെള്ളരിക്കുണ്ട് ബീവറേജ് ഔട്ട് ലെറ്റില്‍ പരിശോധനക്കെത്തിയത്.
ഇതില്‍ കുറ്റിക്കോല്‍ സ്വദേശിയായ ഉദ്യോഗസ്ഥന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായി അന്നേ ദിവസം ബിവറേജില്‍ ജോലി ചെയ്തിരുന്ന മുഴുവന്‍ ജീവനക്കാരോടും ആരോഗ്യ വകുപ്പ് ക്വാറന്റീനില്‍ പോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല ഇയാള്‍ക്കൊപ്പം ജോലി ചെയ്ത മുഴുവന്‍ ഉദ്യോഗസ്ഥരും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്വാറന്റീനില്‍ പോയ ജീവനക്കാരുടെ സ്രവ പരിശോധന ഫലം വരുന്നതു വരെ വെള്ളരിക്കുണ്ട് ബീവറേജ് ഔട്ട് ലെറ്റ് പോലീസ് പൂട്ടി സുരക്ഷാ വലയം ഏര്‍പ്പെടുത്തി. ബീവറേജിന് തൊട്ടു ചേര്‍ന്നുള്ള സ്റ്റേഷനറി കടയും പോലീസ് അടപ്പിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് നടപടി.
കോവിഡ് സ്ഥിരീകരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ ബീവറേജിന്റെ അകത്തു പ്രവേശിക്കുകയും ജീവനക്കാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. വെള്ളരിക്കുണ്ട് ബിവറേജിലെ ജീവക്കാര്‍ ക്വാറന്റീനില്‍ പോകുമ്പോള്‍ ഇവിടെ നിന്നും ആപ്പു വഴി മദ്യം വാങ്ങിയവരും ആശങ്കയിലായിരിക്കുകയാണ്.
അതിനിടെ ഹൊസ്ദുര്‍ഗ്ഗ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ അതേ കെട്ടിടത്തിലെ എക്‌സൈസ് ഇന്റലിജെന്‍സ് ഓഫീസിലെയും, റേഞ്ച് ഓഫീസിലെയും ജീവനക്കാരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചതോടെ മൂന്ന് ഓഫീസും അടച്ചു പൂട്ടി. വെള്ളരിക്കുണ്ടിലെ കൊറിയര്‍ സര്‍വ്വീസ് ജീവനക്കാരന്‍ കോവിഡ് സ്ഥിരീകരണമുണ്ടായതും ജനങ്ങളില്‍ ആശങ്കയുളവാക്കിയിട്ടുണ്ട്. പെട്രോള്‍ പമ്പിനടുത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് വ്യഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
ഇയാള്‍ പനി ബാധിച്ചു ചികിത്സയിലായിരുന്നു. ഈ സ്ഥാപനത്തിലെ മറ്റു ജീവനക്കാരോടും ആരോഗ്യ വകുപ്പ് ക്വാറന്റീനില്‍ പോകാന്‍ ആവശ്യപെട്ടിട്ടുണ്ട്. ബീവറേജ് പോലെ പൊതു ജന സമ്പര്‍ക്കം കൂടുതലുള്ള കൊറിയര്‍ സ്ഥാപനത്തിലും കോവിഡ് സ്ഥിരീകരണമുണ്ടായതിനാല്‍ വെള്ളരിക്കുണ്ടില്‍ കര്‍ശന നിയന്ത്രങ്ങളാണ് പോലീസും ആരോഗ്യ വകുപ്പും നടപ്പാക്കി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: