കൊച്ചി : യുഎഇ കോണ്‍സുലേറ്റ് ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയത് അറ്റാഷെയുടെ അറിവോടെയെന്ന് സ്വപ്ന സുരേഷ്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് നല്കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബാഗേജ് വഴി സ്വര്‍ണം കടത്തുന്നതിന് യുഎഇ അറ്റാഷെ പ്രതിഫലം കൈപ്പറ്റിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഒരു കിലോ സ്വര്‍ണത്തിന് 1000 ഡോളര്‍ വീതമാണ് അറ്റാഷെ കൈപ്പറ്റുന്നത്. ഇതിനുമുമ്പ് പുറത്തുവന്ന സ്വപ്നയുടെ ശബ്ദ സന്ദേശത്തില്‍ അറ്റാഷെയുടെ നിര്‍ദ്ദേശ പ്രകാരമാണ് ബാഗേജ് ക്ലിയറന്‍സിനായി കസ്റ്റംസ് അധികൃതരെ ഫോണില്‍ വിളിച്ചതെന്ന് അറിയിച്ചിരുന്നു. യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരെയെല്ലാം പ്രതിക്കൂട്ടിലാക്കുന്നതാണ് സ്വപ്നയുടെ മൊഴി.
നേരത്തെ ഹൈക്കോടതിയില്‍ നല്കിയ ജാമ്യ ഹര്‍ജിയിലും അറ്റാഷെയുടെ നിര്‍ദേശ പ്രകാരമാണ് നയതന്ത്ര ബാഗ് വിട്ടുകിട്ടാന്‍ താന്‍ പ്രവര്‍ത്തിച്ചതെന്ന് സ്വപ്ന പറഞ്ഞിരുന്നു. സ്വര്‍ണക്കടത്തിന് അറ്റാഷെയ്ക്ക് കൃത്യമായി വിഹിതം നല്‍കിയിരുന്നുവെന്ന് പ്രതികളായ സരിത്തും സന്ദീപും റമീസും കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ട്.
2019 ജൂണ്‍ മുതല്‍ ജൂലൈ 30 വരെ 18 തവണ സ്വര്‍ണം കടത്തിയെന്നും സ്വപ്്ന സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കരനുമായി സൗഹൃദം മാത്രമേയുള്ളൂവെന്നും അവര്‍ ആവര്‍ത്തിച്ചു.
കേസില്‍ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ ശിവശങ്കരന് കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: