തിരുവനന്തപുരം: പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന അധോലോക കുറ്റവാളിയും മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനുമായ ദാവൂദ് ഇബ്രഹാമിന്റെ കേരളത്തിലെ സ്വര്‍ണക്കടത്തു ബന്ധം അന്വേഷിച്ച് എന്‍ഐഎ. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ പ്രതികള്‍ക്ക് പാക്കിസ്ഥാന് ഭീകര സംഘടനകളുമായി ബന്ധം ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് ദാവൂദ് ഇബ്രഹാമിന്റെ കേരളം ബന്ധം എന്‍ഐഎ തിരയാന്‍ തുടങ്ങിയത്. ദാവൂദുമായി യുഎഇ ബന്ധമുള്ള മലയാളികളുടെയും വിവരങ്ങള്‍ ഇന്റര്‍ പോളിന്റെ സഹായത്തോടെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുന്നുണ്ട്.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ രാജ്യസുരക്ഷാ നയത്തിന്റെ ഭാഗമായി നടപ്പിലാക്കിയ പദ്ധതികള്‍ ഹവാല പണമിടപാടിനെ സാരമായി ബാധിച്ചു. ഭീകരപ്രവര്‍ത്തനത്തിന് വിദേശങ്ങളില്‍ നിന്നും പണം എത്തിച്ചിരുന്ന ഹവാല മാര്‍ഗം സ്വര്‍ണകടത്തിലേക്ക് വഴിമാറി. സംസ്ഥാന തലസ്ഥാനവുമായുള്ള ബന്ധം ദാവൂദ് എല്ലായിപ്പോഴും സൂക്ഷിച്ചിരുന്നു. ഇതിന്റെ തെളിവാണ് സംസ്ഥാനത്ത് സ്വര്‍ണക്കള്ളക്കടത്തില്‍ പിടിയിലാവുന്നവര്‍ക്ക് ദാവൂദ് ഇബ്രാഹിമിന്റെ സഹായി നദീമുമായുള്ള ബന്ധം. അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐയാണ് ഇയാളെ പറ്റിയുള്ള വിവരം ഇന്ത്യയ്ക്ക് കൈമാറിയത്. 2019ല്‍ സ്വര്‍ണക്കടത്തില്‍ പിടിയിലായ തിരുവനന്തപുരം സ്വദേശികളായ സെറീനാ ഷാജിയ്ക്കും നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സ്വപ്നാ സുരേഷിനും സംഘത്തിനും നദീമുമായി ബന്ധമുള്ളതായി എന്‍ഐഎ കണ്ടെത്തിയിരുന്നു.
സ്വര്‍ണക്കടത്തില്‍ പിടിയിലായ സന്ദീപിന്റെ കാര്‍ പുനെയില്‍ രജിസ്റ്റര്‍ ചെയ്തതിനെകുറിച്ചുളള അന്വേഷണം ദാവൂദ് ബന്ധത്തിന്റെ സൂചനയിലാണ് എത്തിച്ചേര്‍ന്നത്. മുംബൈ-ഗോവ ഹൈവേയില്‍ ട്രക്ക് ഇടിച്ച് ദാവൂദ് ഇബ്രഹാമിന്റെ അനന്തരവന് ദനീഷ് പാര്‍ക്കര്‍ കൊല്ലപ്പെട്ടതിനെ കുറിച്ചുള്ള അന്വേഷണം തിരുവനന്തപുരത്തേയക്ക് നീണ്ടിരുന്നു. ദാവൂദിന്റെ ഇളയ സഹോദരി ഹസീന പാര്‍ക്കറുടെ മകനാണ് ദനീഷ് പാര്‍ക്കര്‍. ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ 2006ല്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ദനീഷും ഡ്രൈവറും സംഭവസ്ഥലത്തു മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് തിരുവനന്തപുരം ബന്ധം ഉള്ളതായി സ്ഥിരീകരിച്ചിരുന്നു.
എക്കാലവും തലസ്ഥാന ജില്ലയുമായി ദാവൂദ് സൗഹൃദം സ്ഥാപിച്ചതിന് തെളിവ് വേറെയുമുണ്ട്. മുംബൈ കേന്ദ്രീകരിച്ച് 1991ല്‍ ബിസിനസ് നടത്തിയിരുന്ന തിരുവനന്തപുരം വര്‍ക്കല സ്വദേശിയായിരുന്ന തഖിയുദ്ധീന്‍ വാഹിദ് എന്ന മലയാളിയ്ക്ക് ദാവൂദ് ഇബ്രാഹിമുമായി ബന്ധം ഉണ്ടായിരുന്നു. ഈ ബന്ധത്തിന്റെ പേരില്‍ 1995 നവംബര്‍ 13ന് ദാവൂദിന്റെ ശത്രുവായിരുന്ന ഛോട്ടാ രാജന്റെ അനുചരന്മാര് വെടിവച്ചുകൊല്ലുകയായിരുന്നു. ദാവൂദിന് വേണ്ടി കേരളത്തില്‍ ഹവാല ഇടപാട് നടത്തിയിരുന്നത് വാഹീദാണെന്ന റിപ്പോര്‍ട്ടുകളുണ്ട്.
ദാവൂദിന്റെ സഹോദരന് അനീസ് ഇബ്രാഹിമിന്റെ ഏറ്റവും അടുത്ത അനുയായിയായ മുഹമ്മദ് അല്‍താഫ് സയീദിനെ 2019 ആഗസ്റ്റ് 14ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യമായി കേരളത്തിലെത്തിയ മുംബൈ പോലീസ് അറസ്റ്റിന് ശേഷമായിരുന്നു കേരളാ പോലീസിനെ വിവരം അറിയിച്ചത്. സംസ്ഥാനം കേന്ദ്രീകരിച്ച് ഭരണ നേതൃത്വത്തിന്റെ പിന്‍ബലത്തോടെ വര്‍ഷങ്ങളായി ദാവൂദിന്റെ നേതൃത്വത്തില്‍ ഭീകരവാദത്തിന് സാമ്പത്തികം കണ്ടെത്തുന്നതിന്റെ തെളിവുകളാണ് എന്‍ഐഎ ശേഖരിക്കുന്നത്. തീവ്രവാദിത്തിന് ഇവരുടെയെല്ലാം പണത്തിന്റെ സ്ത്രോതസ് സ്വര്‍ണ്ണക്കടത്തിലൂടെ ലഭിക്കുന്ന കോടിക്കണക്കിന് രൂപയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കള്ളക്കടത്തില്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രഹാമിന്റെ പങ്കും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: