കേരളത്തിന്റെ ദേശീയ നവോത്ഥാനത്തിന് ധര്‍മ്മബോധത്തിന്റെയും ദേശഭക്തിയുടെയും പ്രാണതേജസ്സിനെ ഉള്‍ക്കൊള്ളണമെന്ന് തിരിച്ചറിഞ്ഞ യുഗപ്രഭാവനായിരുന്നു പി. പരമേശ്വരന് എന്ന പരമേശ്വര്‍ജി. ഇളംമനസ്സുകളില്‍ രാഷ്ട്രബോധവും സാഹിത്യചിന്തയും അനുരണനം ചെയ്യണമെന്ന ഉദാത്തചിന്താധാരയാണ് ബാലഗോകുലമെന്ന പഞ്ചക്ഷരീയത്തെ ‘കേസരി’ത്താളുകളില്നിന്ന് മലയാള മനസ്സിലേക്ക് പകര്‍ത്തുന്നതിന് ആധാരം. പരമേശ്വര്‍ജിയുടെ ധിഷണാശക്തിയും എംഎ സാറിന്റെ (എം.എ. കൃഷ്ണന്) കര്‍മ്മകുശലതയും ഒത്തുചേര്‍ന്നപ്പോള്‍ മലയാള ബാല്യത്തിനായി ഒരു കിളികൊഞ്ചല് പിറന്നു. തന്റെ പ്രതിഭാവിലാസം കൊണ്ടും തന്മയത്വമുള്ള സര്‍ഗ്ഗശേഷികൊണ്ടും കേരളത്തിന്റെ സാഹിത്യ, സാംസ്കാരിക മൂല്യങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പരമേശ്വര്‍ജിക്ക് സാധിച്ചു.
കര്‍ക്കടകമെന്ന പഞ്ഞമാസത്തെ രാമായണശീലുകളാല്‍ മുഖരിതമാകുന്ന പുണ്യമാസമാക്കണമെന്ന ആഹ്വാനത്തെ എത്ര ഹൃദയഹാരിയായാണ് ലോക മലയാളിസമൂഹം ഏറ്റെടുത്തത് എന്ന് ഈ മഹാമാരി കാലഘട്ടത്തിലും സാമൂഹ്യമാധ്യമങ്ങളിലും മറ്റുമുള്ള പ്രചരണം വ്യക്തമാക്കുന്നു. കര്‍ക്കടക മാസത്തെ രാമായണമാസമായി ആചരിക്കണമെന്ന പരമേശ്വര്‍ജിയുടെ ക്രാന്തദര്‍ശിത്വം, ആധുനിക കേരളത്തെ മാര്‍ക്സില്‍ നിന്നും മഹര്‍ഷിയിലേക്കുള്ള ദൂരം കുറക്കണമെന്ന ഋഷിപ്രോക്ത വചനം തന്നെയാണ്. ഹിന്ദു ഭവനങ്ങൡലും ക്ഷേത്രങ്ങളിലും മാത്രമല്ല സമസ്ത മേഖലകളിലും രാമായണ മാസത്തിന്റെ പ്രതിധ്വനി ഇന്ന് കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്. പാശ്ചാത്യ പ്രത്യയ ശാസ്ത്രമായ കമ്യൂണിസ്റ്റ് ചിന്താധാരയ്ക്ക് പ്രചാരം ലഭിച്ചിരുന്ന കാലഘട്ടത്തിലാണ് പരമേശ്വര്‍ജി കേരളീയ സമൂഹത്തെ രാമായണ ശീലുകള്‍ കൊണ്ട് രാമന്റെ സവിധത്തിലേക്കെത്തിച്ചത്.
ബാലഗോകുലത്തിന് തത്വചിന്താപരവും ദാര്‍ശനികവുമായ ദിശാബോധം അദ്ദേഹം നല്‍കിയിരുന്നു. നിരവധി വര്‍ഷം ജന്മാഷ്ടമി പുരസ്കാര ചടങ്ങിലെ മുഖ്യ ആകര്‍ഷണമായിരുന്നു പരമേശ്വര്‍ജി. അളവറ്റ സ്നേഹവും ചലനാത്മകവുമാണ് ബാലഗോകുലത്തിന്റെ മുഖമുദ്ര. അതിസുന്ദരവും മനസ്പര്ശിയുമായ നൂതന പദ്ധതികളും പരിപാടികളും ആവിഷ്കരിക്കുന്നതില്‍ ബാലഗോകുലം ഏറെ മുന്നില്‍ തന്നെയാണ്. ഇതിന് കരണഭൂതമായത് പരമേശ്വര്‍ജിയും ബാലഗോകുലവും തമ്മിലുള്ള മനഃപാരസ്പര്യമായിരുന്നു.
പരമേശ്വരീയം-1195
ബാലഗോകുലത്തിന്റെ പ്രവര്‍ത്തന പന്ഥാവില്‍ എംഎ സാറുമായി ഇഴചേര്‍ന്നു നില്ക്കുന്ന പരമേശ്വര്‍ജിക്ക് ഗോകുലാംഗങ്ങളും പ്രവര്‍ത്തകരും നല്കുന്ന ശ്രാദ്ധ ദക്ഷിണയാണ് പരമേശ്വരീയം.
കൊറോണ മഹാമാരിയില്‍ ലോകം മുഴുവനും പരിഭ്രാന്തരായി നിന്നപ്പോള്‍ ഭാരതം വഴികാട്ടിയായതുപോലെ, മഹാമാരിയില്‍ ഏറ്റവും കൂടുതല്‍ മാനസികവും വൈചാരികവും ആരോഗ്യപരവുമായ ഒറ്റപ്പെടലിന് വിധേയരായ ബാലസമൂഹത്തെ മാനസിക ഉല്ലാസത്തിലേക്കും സാംസ്കാരികവുമായ ചിന്താസരണിയിലേക്കും കൂട്ടിക്കൊണ്ടുപോവുകയാണ് രാമായണ കലോത്സവമെന്ന ഓണ്‍ലൈന്‍ കലോത്സവത്തിലൂടെ ബാലഗോകുലം ചെയ്യുന്നത്.
പഞ്ഞമാസത്തെ പുണ്യമാസമാക്കുന്നതുപോലെ, കൂട്ടിലടയ്ക്കപ്പെട്ട കിളികളെ പറക്കാന്‍ അനുവദിക്കുന്നതുപോലെയുള്ള ഒരു നവ്യാനുഭവമാണ് ബാലഗോകുലത്തിന്റെ ഓണ്‍ലൈന്‍ കലോത്സവം. ആയിരക്കണക്കിന് കുട്ടികളും പ്രവര്‍ത്തകരും പങ്കെടുക്കുന്ന കലോത്സവത്തില്‍ രാമായണപാരായണം, കഥാകഥനം, പ്രശ്നോത്തരി, ചിത്രരചന, നൃത്താവിഷ്കാരം തുടങ്ങി ഒട്ടേറെ വിഭവങ്ങളുടെ സങ്കേതമാണ് പരമേശ്വരീയം. സാങ്കേതികവിദ്യയുടെ സഹായത്തോടെ കലോത്സവം മികവാര്‍ന്നതും മിഴിവുറ്റതുമാക്കാനുള്ള പരിശ്രമമാണ് ബാലഗോകുലം ചെയ്യുന്നത്. രാമായണത്തിലെ ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം തുടങ്ങിയവ ആറ് ആഴ്ചകളിലൂടെ പരിചയപ്പെടുന്ന കുട്ടിക്ക് രാമായണ തത്വം മനസ്സിലാക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കേണ്ടതില്ല. ഓരോ കാണ്ഡത്തേയും ആസ്പദമാക്കിയുള്ള വേഷാഭിനയവും ഏകാഭിനയവും കഥാപാത്ര നിരൂപണവുമെല്ലാം കലയേയും സാഹിത്യത്തേയും അടുത്തറിയാന്‍ സാധിക്കുന്നവയാണ്.
ഗോകുല തലത്തില്‍ നടക്കുന്ന ഹ്രസ്വചിത്രം, മായാമാസിക (റശഴശമേഹ ാമഴമ്വശില) നൃത്താവിഷ്കാരം തുടങ്ങിയ മത്സരങ്ങള്‍ സാങ്കേതിക തികവിലൂടെ തനിക്ക് പലതും ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസമേകുന്ന പ്രവര്‍ത്തനങ്ങളാണ്.
ഓരോ റവന്യൂ ജില്ലകളിലും കാണ്ഡങ്ങള്ക്കനുസരിച്ചുള്ള പ്രത്യേക പരിപാടികള്‍, ഗോകുലപ്രവര്ത്തകര്ക്ക് ലോക്ഡൗണ്‍ കാലഘട്ടത്തിലും തനിമയാര്‍ന്നതും മികവുറ്റതുമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണങ്ങളാണ്. പരമേശ്വര്‍ജി സ്ഥാപിച്ച തിരുവനന്തപുരം സംസ്കൃതി ഭവനിലെ പ്രൗഢഗംഭീരമായ ഓണ്‍ലൈന്‍ ഉദ്ഘാടനം വര്‍ണ്ണവിസ്മയം തന്നെ. പ്രകൃതിയുടെ അവാച്യവും അതിസുന്ദരവുമായ ഭാവങ്ങളെ കോര്‍ത്തിണക്കി, ജടായുപ്പാറയില്‍ നടന്ന ബാലകാണ്ഡത്തിന്റെ ഉദ്ഘാടനം ജടായുപ്പാറയെ ലോകസമക്ഷത്തിന് പരിചയപ്പെടുത്താന്‍ പര്യാപ്തമാണ്.
പരമേശ്വര്‍ജിയുടെ ജന്മഗൃഹമായ മുഹമ്മയില്‍ നടന്ന പരമേശ്വര പ്രണാമം മലയാളികളുടെ മഹര്‍ഷിക്ക് മക്കളുടെ സമര്‍പ്പണം തന്നെയായിരുന്നു. ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്റ ജന്മംകൊണ്ട് പവിത്രമായ തുഞ്ചന്‍പറമ്പിനെ കേന്ദ്രമാക്കിയുള്ള ഓണ്‍ലൈന്‍ രാമായണസന്ധ്യ വേറിട്ടുനില്‍ക്കുന്ന മറ്റൊരു പ്രവര്‍ത്തനമാണ്.
ആചാര്യസ്മരണയും, എഴുത്തച്ഛനും
പൂന്താനവും മേല്‍പ്പുത്തൂരും പകര്‍ന്നുതന്ന ഭക്തിയുടെ നിറവില്‍, മലപ്പുറം, ഭാഷയുടെയും ഭക്തിയുടെയും കേദാരങ്ങളാണ് എന്ന് ഉൗന്നിപ്പറയുകയാണ് രാമായണസന്ധ്യ ചെയ്യുന്നത്. തിരുമാന്ധാംകുന്നിലമ്മയുടെ കാരുണ്യവും തളി ക്ഷേത്രത്തിന്റെ മങ്ങാത്ത ഊര്‍ജസ്വലതയും രാമായണ സന്ധ്യയുടെ സാങ്കേതിക മികവില്‍ കാണാന്‍ സാധിക്കും.
കേരളബാല്യത്തിന് കിളിപ്പാട്ടിന്റെ കരുതല്‍ എന്ന സന്ദേശവാക്യം ഏറെ ചര്‍ച്ച ചെയ്യേണ്ടതാണ്. അധാര്മികതയിലാണ്ടുകിടന്ന ഒരു ജനസഞ്ചയത്തെ ഭക്തിയുടെ സുന്ദരനൂലില് കോര്‍ത്തിണക്കി ധാര്‍മികവും ആദര്‍ശനിഷ്ഠവുമായ ജീവിതം പ്രാപ്തമാക്കാന്‍ കഴിഞ്ഞ അധ്യാത്മരാമായണം കാലാതിവര്‍ത്തിയാണല്ലോ. ആ ഭാഷാപിതാവായ ഋഷിശ്രേഷ്ഠന്റെ ഒരു പ്രതിമപോലും സ്ഥാപിക്കാന്‍ സാധിക്കാത്ത ഭരണസമൂഹത്തിന്റെ മുന്നിലാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ മലയാളഭാഷയേയും തുഞ്ചത്താചാര്യനേയും അടുത്തറിയാനുള്ള അരങ്ങൊരുക്കുന്നത്.
ആദര്ശസ്വരൂപമായ രാമനും അസാധാരണത്തിന്റെ ആള് രൂപമായ ആലിലക്കൃഷ്ണനും മലയാളിക്കുരുന്നുകളുടെയുള്ളില് നിറംപിടിപ്പിക്കുക തന്നെ ചെയ്യും. പരമേശ്വര്‍ജിയെപ്പോലുള്ള മഹാമനീഷികളായ പുണ്യാത്മാക്കളുടെ സ്നേഹവാത്സല്യവും എംഎ സാര്‍ എന്ന കല്പവൃക്ഷത്തണലുമാണ് ബാലഗോകുലത്തെ കുട്ടികളുടെ മനസ്സില്‍ ബാലപ്രസ്ഥാനമാക്കിയത്. ഒരു മാസം നീണ്ടുനില്‍ക്കുന്ന രാമായണ കലോത്സവം ഏവരുടേയും മനസ്സിനെ മഹാമാരിയുടെ ഭീതിയില്‍ നിന്നകറ്റി രാമായണത്തിന്റെ ആനന്ദോത്സവമാക്കട്ടെ എന്ന് പ്രത്യാശിക്കാം.
എഴുവന്തല ബാബുരാജ്
ബാലഗോകുലം മുന്‍ അധ്യക്ഷന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: