ന്യൂദല്‍ഹി: രാജ്യരക്ഷാമന്ത്രി രാജ്നാഥ് സിങ്, ഇസ്രയേല്‍ പ്രതിരോധ മന്ത്രി ലഫ്റ്റനന്റ് ജനറല്‍ ബെന്നി ഗാന്റ്സുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന സഹകരണം വര്‍ധിച്ചതില്‍ രണ്ടു മന്ത്രിമാരും സംതൃപ്തി പ്രകടിപ്പിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള സാധ്യതകള്‍ ഇരുവരും ചര്‍ച്ച ചെയ്തു.
കോവിഡ് മഹാമാരി പ്രതിരോധിക്കുന്നതിനായുള്ള ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളിലെ സഹകരണത്തിലും നേതാക്കള്‍ സംതൃപ്തി പ്രകടിപ്പിച്ചു. ഇത് ഇരുരാജ്യങ്ങള്‍ക്കും ഗുണം ചെയ്യും എന്നതിലുപരി വലിയൊരു മാനുഷികവശം കൂടിയാണ് വെളിവാക്കുന്നത്. പ്രതിരോധ നിര്‍മാണമേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ)ത്തിന്റെ കാര്യത്തില്‍ പുതിയ നയങ്ങള്‍ സ്വീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ പ്രതിരോധ കമ്പനികളുടെ കൂടുതല്‍ പങ്കാളിത്തം രക്ഷാമന്ത്രി ക്ഷണിക്കുകയും ചെയ്തു.
പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ച് ഇരു മന്ത്രിമാരും ചര്‍ച്ചചെയ്തു. ഏറ്റവുമടുത്ത അവസരത്തില്‍ തന്നെ ഇന്ത്യ സന്ദര്‍ശിക്കണമെന്ന രാജ്നാഥ് സിങ്ങിന്റെ ക്ഷണത്തോട് ഇസ്രയേല്‍ പ്രതിരോധ മന്ത്രി അനുകൂല നിലപാട് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: