കൊച്ചി: ആറു മാസത്തെ ഇടവേളയ്ക്കുശേഷം അമ്മയെ കാണാന്‍ നടന് മോഹന്‍ലാല്‍ കൊച്ചിയിലെത്തി. ചെന്നൈയില്‍ നിന്ന് കാറിലായിരുന്നു കൊച്ചിയിലേക്കുള്ള യാത്ര. തേവരയിലെ വീട്ടിലാണ് അമ്മ കഴിയുന്നത്. അമ്മയെ കാണണം എങ്കില്‍ പതിനാല് ദിവസം കൂടി കാത്തിരിക്കണം.
പുറമെ നിന്ന് കേരളത്തില്‍ എത്തുന്നവര്‍ക്ക് പതിനാല് ദിവസത്തെ ക്വാറന്റൈന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ കൊച്ചിയിലെ ട്രാവന്‍കൂര്‍ കോര്‍ട്ടിലാണ് മോഹന്‍ലാല്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ചെന്നൈയില്‍ ഡ്രൈവറുമൊത്തായിരുന്നു യാത്ര. മോഹന്‍ലാലിന്റെ വരവറിഞ്ഞ് രണ്ട് ദിവസം മുന്‍പ് തന്നെ രണ്ട് സഹായികള്‍ ഹോട്ടലില്‍ തങ്ങി ക്വാറന്റൈന് സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് മാസങ്ങളോളമായി ചെന്നൈയിലെ വീട്ടില്‍ ഭാര്യക്കും മകനുമൊപ്പമായിരുന്നു ലാല്‍. മകള്‍ വിസ്മയ വിദേശത്താണ്.
അമ്മയെ സന്ദര്‍ശിച്ച ശേഷം ചില ചാനല്‍ പരിപാടികളിലും സിനിമാ ചിത്രീകരണത്തിലും മോഹന്‍ലാല്‍ പങ്കെടുക്കും. ചാനലിലെ ഓണം പ്രത്യേക പരിപാടിയുടെ ഷൂട്ടിങ്ങും ദൃശ്യം രണ്ടാംഭാഗത്തിന്റെ ചിത്രീകരണവുമാണ് മറ്റ് പരിപാടികള്‍. 14 ദിവസത്തെ ക്വാറന്റൈന് കഴിഞ്ഞ് അമ്മയോടൊത്ത് ഏതാനും ദിവസം ചിലവഴിച്ച ശേഷം ചാനല്‍ പരിപാടിയുടെ ഷൂട്ടിങ്ങിനായി പോകുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
ദൃശ്യം രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ചിങ്ങം ഒന്നിനാണ് തീരുമാനിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ തന്റെ അറുപതാം പിറന്നാള്‍ ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം സംഭവിച്ചില്ലെങ്കില്‍ ഓഗസ്റ്റ് 17ന് തന്നെ മോഹന്‍ലാല്‍ ഷൂട്ടിങ്ങിനെത്തും. ദൃശ്യം രണ്ടിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ്. തൊടുപുഴയിലാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: