തിരുവനന്തപുരം: നഗരത്തില്‍ ശമനമില്ലാതെ കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതോടൊപ്പം ഇന്നലെയും തിരുവനന്തപുരം കോര്‍പ്പറേഷനിലെ മൂന്നു കൗണ്‍സിലര്‍മാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. തമ്പാനൂര്‍, വഞ്ചിയൂര്‍, ചെല്ലമംഗലം വാര്‍ഡുകളിലെ ജനപ്രതിനിധികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ തിരുവനന്തപുരം നഗരസഭയില്‍ രോഗം സ്ഥിരീകരിച്ച കൗണ്‍സിലര്‍മാരുടെ എണ്ണം ഏഴ് ആയി. തലസ്ഥാനത്ത് കൊറോണ സാഹചര്യം ഗുരുതരമായി തുടരുമ്പോള്‍ കൗണ്‍സിലര്‍മാര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് വീണ്ടും ആശങ്ക വര്‍ധിപ്പിക്കുകയാണ്. ഏഴ് കൗണ്‍സിലര്‍മാരുടെയും സമ്പര്‍ക്കപട്ടിക തയാറാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.
കഴിഞ്ഞ 18ന് നടത്തിയ പരിശോധനയിലാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ട് കൗണ്‍സിലര്‍മാര്‍ പരിശോധന നടത്തിയത്. ഒരു കൗണ്‍സിലര്‍ മറ്റൊരു ദിവസമാണ് പരിശോധനയ്ക്ക് വിധേയനായത്. 18ന് നടത്തിയ പരിശോധനയില്‍ 38 കൗണ്‍സിലര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും 25 പേര് മാത്രമാണ് പങ്കെടുത്തതത്രെ. ബാക്കി കൗണ്‍സിലര്‍മാരുടെ സ്രവം ഇന്നും നാളെയുമായി പരിശോധിക്കുമെന്നാണ് വിവരം. 25 കൗണ്‍സിലര്‍മാര്‍ക്ക് പരിശോധന നടത്തിയപ്പോള്‍ ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ കൗണ്‍സിലര്‍മാര്‍ക്ക് പരിശോധന നടത്തുന്നതോടെ പോസിറ്റീവ് ആകുന്നവരുടെ എണ്ണവും വര്‍ധിക്കാനാണ് സാധ്യത.
ചാല വാര്‍ഡില്‍ ഇന്നലെ 80 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയതില്‍ നാലു പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇതില്‍ മൂന്നു പേര് മറ്റ് സ്ഥലങ്ങളില്‍ നിന്നും ചാലയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവരും ഒരാള്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ താല്‍ക്കാലിക ജീവനക്കാരനുമാണ്. ചാല കമ്പോളത്തോട് ചേര്‍ന്നുള്ള കരിമഠം കോളനിയില്‍ ഇന്നലെ ആന്റിജന്‍ പരിശോധന നടത്തിയില്ല. എന്നാല്‍ ഇവിടെ സമ്പര്‍ക്കത്തിലൂടെ ഇന്നലെ ആറു പേര്‍ക്ക് രോഗം ബാധിച്ചെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. കരിമഠം കോളനിയില്‍ ഇന്ന് ആന്റിജന്‍ പരിശോധന നടത്തും. കഴിഞ്ഞ ദിവസം ചാല മാര്‍ക്കറ്റിലെ തൊഴിലാളിക്ക് കൊറോണ സ്ഥിരീകരിച്ചത് ഗൗരവമായി കണ്ട് മാര്‍ക്കറ്റിലെ വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: