തിരുവനന്തപുരം: സംസ്ഥാനം കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി തുടരുന്ന സ്വര്‍ണക്കള്ളക്കടത്തിന് പാക്കിസ്ഥാനുമായുള്ള ബന്ധം കൂടുതല്‍ തെളിയുന്നു. പാക്കിസ്ഥാന് സ്പോണ്‍സേഡ് ഭീകരവാദത്തിന്റെ സാമ്പത്തിക സ്രോതസ്സാണ് കേരളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന പണം.
2016 ഒക്ടോബറില്‍ കണ്ണൂര്‍ കനകമലയില്‍ ഭീകരര്‍ ഒത്തു ചേര്‍ന്നപ്പോഴാണ് ഭീകരവാദത്തിന് പണം കണ്ടെത്താന്‍ വിവിധ മാര്‍ഗങ്ങളിലൂടെ സ്വര്‍ണക്കടത്ത് നടത്താന്‍ തീരുമാനിച്ചത്. 2019ല്‍ പിടിയിലായ സെറീന ഷാജിയുടെ പേര് പുറത്തുവന്നതോടെയാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥയേയും സുരക്ഷയേയും ബാധിക്കുന്ന തരത്തില്‍ സംസ്ഥാനം കേന്ദ്രീകരിച്ച് ഭീകരശക്തികള്‍ പ്രവര്‍ത്തിക്കുന്ന വിവരം കേന്ദ്ര രഹസ്യാനേഷണ വിഭാഗം പുറത്തുവിട്ടത്. നദീം എന്ന പാക് പൗരന്റെ പങ്ക് അന്നു തന്നെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു.
സ്വര്‍ണക്കടത്തിന്റെ സാമ്പത്തിക ലാഭം എത്തുന്നത് മലബാര്‍ പ്രദേശത്തുള്ള സ്ലീപ്പിങ്ങ് സെല്ലായി പ്രവര്‍ത്തിക്കുന്ന ഭീകര കേന്ദ്രത്തിലേക്കാണ്. സ്വര്‍ണക്കടത്തില്‍ നിന്നു ലഭിക്കുന്ന സാമ്പത്തിക സഹായം ഭീകരവാദത്തിനുപയോഗിച്ചതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തലസ്ഥാനത്തോട് ചേര്‍ന്ന് കിടക്കുന്ന കളിയിക്കാവിളയില്‍ പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊന്ന സംഭവം. കൃത്യത്തിന് ശേഷം ഭീകരര്‍ കൊച്ചിയില്‍ എത്തി തോക്ക് ഉപേക്ഷിച്ചു. പ്രതികള്‍ക്ക് രക്ഷപ്പെടാനും പദ്ധതി ആസൂത്രണം ചെയ്യുന്നതിനും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടവരുടെ പങ്ക് എന്‍ഐഎ സംഘത്തിന് വ്യക്തമായിരുന്നു.
പാക് സൈന്യത്തിനു വേണ്ടി നിര്‍മിച്ചതെന്നു കരുതുന്ന 14 വെടിയുണ്ടകള്‍ കൊല്ലത്തെ കുളത്തൂപ്പുഴ മുപ്പതടി പാലത്തിനടിയില്‍ 2019 ഫെബ്രുവരിയില്‍ കണ്ടെത്തിയ സംഭവം കേരളത്തിലെ ചില തീവ്രവാദ സംഘടനകളുടെ പാക് ബന്ധത്തിനു തെളിവായിരുന്നു. 2019 ഏപ്രില്‍ 21ന് ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ സ്ഫോടനം നടത്തിയ, പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, ജമാഅത്തെ ഇസ്ലാമിയുടെ പോഷകസംഘടനയായ വഹ്ദത്തെ ഇസ്ലാമി തയാറാക്കിയ ചില പോസ്റ്ററുകളുടെ ഉത്ഭവം കേരളത്തില്‍ നിന്നാണെന്ന വിവരം ശ്രീലങ്കയിലെ അന്വേഷണ ഏജന്‍സികള്‍ ഇന്ത്യക്ക് കൈമാറിയിരുന്നു.
ഇത്തരം നിരവധി പ്രവര്‍ത്തനങ്ങള്‍ക്കും ഐഎസ് റിക്രൂട്ട്മെന്റിനും സ്വര്‍ണക്കടത്തില്‍ നിന്നുള്ള പണം ഭീകരസംഘടനകള്‍ ഉപയോഗിച്ചിരുന്നു എന്നു നേരത്തേ തന്നെ എന്‍ഐഎ അടക്കമുള്ള സംഘടനകള്‍ കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണവും അതേ വഴിയില്‍ത്തന്നെ നീങ്ങുന്നതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: