ആലപ്പുഴ: ബുധനാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച വയോധികയ്ക്കു കോവിഡ് ബാധിച്ചിരുന്നെന്നു പരിശോധനാഫലം. കാട്ടൂര്‍ തെക്കേതൈക്കല്‍ തോമസിന്റെ ഭാര്യ മറിയാമ്മ (85) ആണു മരിച്ചത്.
കഴിഞ്ഞ ദിവസം മറിയാമ്മയുടെ മകന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കാണ് മറിയാമ്മയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. വൈകിട്ടോടെ മരിക്കുയായിരുന്നു. ശ്വാസംമുട്ടലും മറ്റു അസ്വസ്ഥതകളും പ്രകടിപ്പിച്ചിട്ടും മറിയാമ്മയെ ആംബുലന്‍സില്‍നിന്ന് ആശുപത്രിയിലേക്കു മാറ്റാന്‍ മുക്കാല്‍ മണിക്കൂര്‍ വൈകിയെന്നു ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
ജീവനക്കാര്‍ പിപിഇ കിറ്റ് ധരിച്ചെത്താനുള്ള താമസമേ ഉണ്ടായുള്ളൂ എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് പിന്നീട് മൃതദേഹം സംസ്ക്കരിക്കും. മരണ ശേഷം കോവിഡ് സ്ഥിരീകരിക്കുന്ന സംഭവങ്ങള്‍ ആലപ്പുഴയില്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം കുഴഞ്ഞു വീണ് മരിച്ച് പുളിങ്കുന്ന് സ്വദേശിയായ നിര്‍മ്മാണ തൊഴിലാളി ബാബു, മാവേലിക്കരയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളില്‍ ഭാര്യ ദേവിക(20) എന്നിവര്‍ക്കും പ്രോട്ടോക്കാള്‍ പ്രകാരം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: