കൊട്ടാരക്കര: എഴുകോണ്‍, കരീപ്രയില്‍ ബാലിക മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി പിതാവ് എഴുകോണ്‍ പോലീസില്‍ പരാതി നല്കി. കരീപ്ര പ്ലാക്കോട് ലാല്‍ ഭവനില്‍ ശരണ്യയുടെ മകള്‍ ശ്രീലക്ഷ്മി.എസ്.ലാലാണ്(10) കഴിഞ്ഞ ദിവസം മരിച്ചത്. മകളുടെ മരണത്തെ പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് കൊട്ടാരക്കര പനവേലി ബിജു ഭവനില്‍ ശ്രീകുമാറാണ് പോലീസില്‍ പരാതി നല്‍കിത്.
കുട്ടിയുടെ മാതാവ് ശരണ്യ ഇപ്പോള്‍ കരീപ്ര പ്ലാക്കോട് ലാല്‍ ഭവനില്‍ സജിലാലിനൊടൊപ്പമാണ് താമസം. സജിലാലിന് കര്‍ണാടകത്തിലായിരുന്നു ജോലി. നാട്ടിലെത്തിയ സജിലാല്‍ വീട്ടില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്നു. സജിലാല്‍ നാട്ടില്‍ വന്നത് മുതല്‍ ശ്രീലക്ഷിയും മാതാവ് ശരണ്യയും ഒരു വയസുള്ള സഹോദരി ശ്രീഷയും വീടിന് സമീപത്തുള്ള ബന്ധു വീട്ടിലേക്ക് മാറിയിരുന്നു.
21ന് സജിലാലിന്റെ നിരീക്ഷണ കാലയളവ് 14 ദിവസം കഴിഞ്ഞിരുന്നുവെങ്കിലും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ശരണ്യയും മക്കളും വീട്ടിലേക്ക് പോയിരുന്നില്ല. ശരണ്യയും മക്കളും തിരികെ വീട്ടിലേക്ക് മടങ്ങി വരാത്തത്തില്‍ പ്രകോപിതനായ സജിലാല്‍ 21ന് രാത്രി വീട്ടില്‍ വഴക്കിടുകയും വീട്ടുപകരണങ്ങള്‍ അടിച്ചു പൊട്ടിയ്ക്കുകയും ചെയ്തുവെന്നും സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.
ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മരണത്തില്‍ സംശയമുണ്ടെന്ന് കാട്ടി ശ്രീകുമാര്‍ പോലീസില്‍ പരാതി നല്‍കിയത്. ഛര്‍ദ്ദിയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശ്രീലക്ഷ്മിയെ 21ന് നെടുമണ്‍കാവ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് കൊണ്ടുപോയിരുന്നു. മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങിയെങ്കിലും ശ്രീലക്ഷ്മിയ്ക്ക് ഇന്നലെ പുലര്‍ച്ചെ മുതല്‍ വീണ്ടും രോഗം മൂര്‍ച്ഛിച്ചു. ഉടന്‍ തന്നെ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് സിഐ ടി. ശിവപ്രകാശ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: