ശാസ്താംകോട്ട: പാറമടയിലെ വെള്ളക്കെട്ടില്‍ യുവാവിനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തണമെന്ന് യുവമോര്‍ച്ച കുന്നത്തൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കുന്നത്തുര്‍ പൂതക്കുഴി ലക്ഷ്മിഭവനത്തില്‍ അമലി(25)നെയാണ് പനംതോപ്പ് പാറമടയിലെ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 18ന് രാവിലെയാണ് അമലിന്റെ മൃതദേഹം ഫയര്‍ഫോഴ്സിന്റെ ജില്ലാ സ്കൂബാ ടീം പുറത്തെടുത്തത്. അമ്പതടിയിലധികം താഴ്ചയുള്ള വെള്ളക്കെട്ടില്‍ നിന്നും അതിസാഹസികമായാണ് മൃതദേഹം പുറത്തെടുത്തത്.
പൂര്‍ണ നഗ്നമായ മൃതദേഹം കൈകള്‍ ബന്ധിച്ച നിലയിലായിരുന്നു. 17ന് രാത്രി ബൈക്കില്‍ എത്തിയ അമല്‍ വെള്ളക്കെട്ടില്‍ എടുത്തു ചാടുകയായിരുന്നുവെന്നായിരുന്നു പോലീസ് അന്ന് പറഞ്ഞത്. എന്നാല്‍ എടുത്തുചാടി എന്നു പറയുന്ന അമലിന്റെ മൃതദേഹം കൈകള്‍ ബന്ധിച്ച് നഗ്നമായ നിലയില്‍ പുറത്തെടുത്തത് ദുരൂഹത ഉയര്‍ത്തുന്നു.
കൊട്ടാരക്കരയിലെ സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ്മാനായിരുന്ന അമലിനെ ഓണ്‍ലൈന്‍സാമ്പത്തിക ഇടപാടുകേസില്‍ ചിലര്‍ കുരുക്കിയതായും സൂചന ലഭിച്ചിട്ടുണ്ട്. മരണത്തിലെ ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന പോലീസ് വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് യുവമോര്‍ച്ച നിയോജകമണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ അമലിനെ സാമ്പത്തിക ഇടപാടില്‍ കുരുക്കിയവരെ കേന്ദ്രീകരിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണസംഘം തന്നെ വേണമെന്ന് യുവമോര്‍ച്ച നേതാക്കള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: