ലണ്ടന്‍: മുപ്പത് വര്‍ഷങ്ങള്‍ക്കു ശേഷം ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടം ശിരസിലേറ്റി. കഴിഞ്ഞ മാസം തന്നെ കിരീടം ഉറപ്പാക്കിയ അവര്‍ ആന്‍ഫീല്‍ഡിലെ ആവേശപ്പോരില്‍ ചെല്‍സിയെ മൂന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് മുക്കിയശേഷമാണ് കിരീടം ഏറ്റുവാങ്ങിയത്. ഈ വിജയത്തോടെ ലിവര്‍പൂളിന് 37 മത്സരങ്ങളില്‍ 96 പോയിന്റായി. ഇനി ഒരു മത്സരം കൂടി ശേഷിക്കുന്നുണ്ട്.
ലിവര്‍പൂളിന്റെയും പ്രാദേശിക ഭരണകര്‍ത്താക്കളുടെയും നിര്‍ദേശങ്ങള്‍ വകവയ്ക്കാതെ ആയിരക്കണക്കിന് ആരാധകരാണ് സ്റ്റേഡിയത്തിന് പുറത്ത് തിങ്ങിക്കൂടിയത്. രണ്ടാം പകുതിയിലുടനീളം ആരാധകര്‍ പടം പൊട്ടിച്ച് ആഘോഷ പ്രകടനം നടത്തി.
നബി കെയ്റ്റ, ട്രെന്റ് അലക്സാണ്ടര്‍- അര്‍നോള്‍ഡ്, ജോര്‍ജിനിയോ വിജ്നാള്‍ഡം, റോബര്‍ട്ടോ ഫിര്‍മിനോ, അലക്സ് ഒക്സലേ ചേമ്പര്ലെയ്ന് എന്നിവരാണ് ലിവര്‍പൂളിനായി ഗോളുകള്‍ നേടിയത്. ചെല്‍സിക്കായി ഒലിവര്‍ ജിറൗഡ്, താമി അബ്രഹാം, ക്രിസ്റ്റിയന്‍ പുലിസിച്ച് എന്നിവര്‍ സ്കോര്‍ ചെയ്തു.
ഈ തോല്‍വി ചെല്‍സിയുടെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. പോയിന്റ് നിലിയില്‍ ചെല്‍സി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവസാന ലീഗ് മത്സരത്തില്‍ വുള്‍വ്സിനെതിരെ ഒരു പോയിന്റ് നേടിയാലേ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാനാകൂ. 37 മത്സരങ്ങളില്‍ ചെല്‍സിക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും 63 പോയിന്റ് വീതമുണ്ട്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ ചെല്‍സിയെ പിന്തള്ളി യുണൈറ്റഡ് മൂന്നാം സ്ഥാനത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: