മാഞ്ചസ്റ്റര്‍: മുപ്പത്തിരണ്ട് വര്‍ഷത്തിനുശേഷം ഇംഗ്ലീഷ് മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര വിജയം ലക്ഷ്യമാക്കി കരീബിയന്‍ പട ഇറങ്ങുന്നു. പരമ്പര വിജയം നിര്‍ണയിക്കുന്ന മൂന്നാം ടെസ്റ്റ് മത്സരം ഇന്ന് ആരംഭിക്കും. 1988 ലാണ് വിന്‍ഡീസ് അവസാനമായി ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടിയത്.
മൂന്ന് മത്സരങ്ങളുടെ പരമ്പര നിലവില്‍ സമനിലയാണ്. ഇരു ടീമുകളും ഓരോ ടെസ്റ്റ് വിജയിച്ചു. ആദ്യ ടെസ്റ്റില്‍ വിന്‍ഡീസും രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടും വിജയക്കൊടി പാറിച്ചു. അവസാന ടെസ്റ്റില്‍ വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാകും.
മൂന്നാം ടെസ്റ്റും പോക്കറ്റിലാക്കി ചരിത്രം കുറിക്കാനുള്ള ഒരുക്കത്തിലാണ് ജേസണ്‍ ഹോള്‍ഡറുടെ വിന്‍ഡീസ് പട്ടാളം. ആദ്യ ടെസ്റ്റിലെ മികവ് ആവര്‍ത്തിച്ചാല്‍ ഒരു പക്ഷേ വിന്‍ഡീസിന് പരമ്പര വിജയം നേടാനായേക്കും. പേസര്‍മാരായ ഷാനോണ്‍ ഗബ്രീയേല്‍, കെമര്‍ റോച്ച്, അല്‍സാരി ജോസഫ്, ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ എന്നിവരാണ് വിന്‍ഡീസിന്റെ കരുത്ത്.
ബാറ്റിങ്ങാണ് വിന്‍ഡീസിനെ കുഴപ്പിക്കുന്നത്. രണ്ട് ടെസ്റ്റ് കളിച്ചെങ്കിലും ഒരാള്‍ക്ക് പോലും നൂറിലേക്ക് പിടിച്ചുകയറാനായില്ല. എന്നാല്‍ ചില ബാറ്റ്‌സ്മാന്മാര്‍ അര്‍ധ സെഞ്ചുറി കുറിച്ചു, ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് , ബ്ലാക്ക്‌വുഡ്, ബ്രൂക്‌സ്, റോസ്റ്റണ്‍ ചെയ്‌സ് തുടങ്ങിയവരാണ് ബാറ്റിങ് ശക്തി കേന്ദ്രങ്ങള്‍.
ബെന്‍സ്‌റ്റോക്‌സിന്റെ ഓള്‍ റൗണ്ടര്‍ പ്രകടനമാണ് ഇംഗ്ലണ്ടിന് രണ്ടാം ടെസ്റ്റില്‍ വിജയം നേടിക്കൊടുത്തത്. പേസര്‍മാരായ സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ് എന്നിവരും മികവുറ്റ ബൗളിങ് കാഴ്ചവച്ചു.
ബയോ സെക്യൂര്‍ ബബിള്‍ ചട്ടം ലംഘിച്ചതിന് രണ്ടാം ടെസ്റ്റില്‍ നിന്ന് പുറത്താക്കപ്പെട്ട പേസര്‍ ജോഫ്ര ആര്‍ച്ചര്‍ മൂന്നാം ടെസ്റ്റില്‍ കളിക്കാന്‍ യോഗ്യത നേടിയിട്ടുണ്ട്.
എന്നാല്‍ , വിലക്കിനിടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വംശീയാധിക്ഷേപത്തിന് ഇരയായി മാനസിക നില തകര്‍ന്ന ആര്‍ച്ചറെ അവസാന ടെസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ആശയക്കുഴപ്പത്തിലാണ് ഇംഗ്ലണ്ട് ടീം മാനേജ്‌മെന്റ്.
മൂന്നാം ടെസ്റ്റിന് മഴ ഭീഷണിയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ശനി, ഞായര്‍, ചൊവ്വ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: