ശാസ്താംകോട്ട: മണ്റോതുരുത്തില് കടബാധ്യത കേറി ആത്മഹത്യ ചെയ്തയാളിന്റെ വസ്തുവില്‍പ്പന തടയാന്‍ സിപിഎം നേതാക്കള്‍ കൊടികുത്തിയതിന് പിന്നില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ പങ്ക് വ്യക്തമായി. പ്രദേശത്തെ അറിയപ്പെടുന്ന വസ്തു ബ്രോക്കറും പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗവുമായ കെ. മധുവിനെ ന്യായീകരിച്ച് ഏരിയാസെക്രട്ടറി പി.കെ. ഗോപന് പത്രക്കുറിപ്പ് ഇറക്കിയതിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ ഈ അവിശുദ്ധ കൂട്ടുകെട്ട് കൂടുതല്‍ വ്യക്തമായി.
മണ്‍റോതുരുത്തിലെ പട്ടം തുരുത്തിലുള്ള 1.33 ഏക്കര്‍ സ്ഥലം വസ്തു ഉടമ വില്ക്കാന് ശ്രമിച്ചപ്പോള്‍ തന്നെ വസ്തുബ്രോക്കറായ മധുവും ബ്രാഞ്ച് സെക്രട്ടറി സുരേഷും കൂടി വസ്തു ഉടമ റുഖിയാ ബീവിയുടെ മകന് ഷെഹിനെ സമീപിച്ചിരുന്നു. തങ്ങളുടെ ചില ബന്ധുക്കള്‍ ബ്രോക്കര്‍ ഫീസ് വാങ്ങാതെ വസ്തുവിറ്റ് സഹായിക്കാം എന്ന് ഉറപ്പ് നല്‍കിയിരുന്നതായി ഷെഹിന് സിപിഎം നേതാക്കളെ അറിയിച്ചു. എന്നാല്‍ താന്‍ സ്ഥലം വില്‍ക്കുന്നത് കാണട്ടെ എന്ന് ഭീഷണി മുഴക്കിയാണ് മധുവും സുരേഷും പോയത്.
പിന്നീട് ഷെഹിന് വസ്തു പ്ളോട്ട് തിരിച്ച് മധ്യത്തു കൂടി വഴി വെട്ടി വില്‍ക്കാനുള്ള ശ്രമം തുടങ്ങി. ഇതിനിടെ സിപിഎം നേതാവ് വീണ്ടും ഷെഹിനെ സമീപിച്ചു. സ്ഥലം നിങ്ങള്‍ വിറ്റോളൂ പകരം രണ്ടര ലക്ഷം രൂപ സെന്റിന് വില മതിക്കുന്ന സ്ഥലത്ത് രണ്ട് സെന്റിന്റെ തുകയായ അഞ്ച് ലക്ഷം രൂപ തങ്ങള്‍ക്ക് തരണം എന്ന ആവശ്യം മുന്നോട്ടുവച്ചു. എന്നാല്‍ ഷെഹിന് ഇതിനു തയ്യാറായില്ല. തുടര്‍ന്നാണ് മുമ്പ് ഈ സ്ഥലത്തുണ്ടായിരുന്ന ഇഷ്ടിക കമ്പനിയില്‍ ജോലി ചെയ്തിരുന്ന ചിലരെ കൂട്ടിവന്ന് വസ്തുവില്‍ കൊടിനാട്ടിയത്. പട്ടംതുരുത്തില്‍ ഈ സ്ഥലം കെ.എം. ഷരീഫ് ഭാര്യ റുഖിയാബീവിയുടെ പേരില്‍ 20 വര്‍ഷം മുമ്പ് വാങ്ങുമ്പോള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ഇഷ്ടിക കമ്പനിയിലെ ജീവനക്കാരുടെ ബാധ്യത പൂര്‍ണമായും തീര്ത്തിരുന്നുവത്രേ. തുടര്‍ന്നാണ് കടബാധ്യതയില്‍ നിക്കക്കള്ളിയില്ലാതെ 2011ല്‍ ഷെറീഫ് ആത്മഹത്യ ചെയ്തത്.
പിറവന്തൂര്‍ വെട്ടിത്തിട്ട വെള്ളത്തറയില്‍ ഷെറീഫ് മരിച്ചതോടെ നിരാലംബരായ റുഖിയാബീവിയും കുടുംബവും ബസുക്കളുടെ സഹായത്തോടെ മകളെ വിവാഹം കഴിപ്പിച്ചു വിട്ടു. വിവാഹത്തിന്റെ ബാധ്യതയും വിവിധ ബാങ്കുകളിലടക്കം ഷെറീഫിനുണ്ടായ കടബാധ്യതകളും വീട്ടാനാണ് റുഖിയയുടെ പേരില്‍ പട്ടം തുരുത്തിലുള്ള സ്ഥലം വില്ക്കാന് തീരുമാനിച്ചത്. സിപിഎം നേതാക്കള്‍ വസ്തു വില്‍ക്കുന്നതിനെ കൊടികുത്തി മുടക്കിയതോടെ ഇവരുടെ പ്രതീക്ഷകള്‍ എല്ലാം തകര്‍ന്ന നിലയിലാണ്.
റുഖിയാബീവി നല്കിയ പരാതിയില്‍ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്തെങ്കിലും പാര്‍ട്ടി ജില്ലാ നേതൃത്വം ഇടപെട്ട് ദുര്‍ബലമായ വകുപ്പ് ചുമത്തി ഏരിയാ കമ്മിറ്റി അംഗം മധു, ബ്രാഞ്ച് സെക്രട്ടറി സുരേഷ് ബാബു തുടങ്ങി നാലുപേരെ പോലീസ് ജാമ്യത്തില്‍ വിട്ടു. തുടര്‍ന്ന് പാര്‍ട്ടി ഇടപെട്ട ഇടനിലക്കാരന് റുഖിയാബീവിയെയും മകനെയും സമീപിച്ചു. കേസ് പിന്‍വലിക്കണമെന്നും പാര്‍ട്ടി തലത്തില്‍ അന്വേഷിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തുവത്രേ. എന്നാല്‍ കേസ് പിന്‍വലിക്കില്ലെന്നും വേണമെങ്കില്‍ പാര്‍ട്ടിതലത്തില്‍ പരാതി നല്‍കാമെന്നും റുഖിയാബീവിയുടെ മകന് ഷെഹിന് പാര്‍ട്ടി ദൂതനെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് കുന്നത്തൂര്‍ ഏരിയാ സെക്രട്ടറി പി.കെ. ഗോപന് പ്രതികളായ ഏരിയാ ഭരവാഹി അടക്കമുള്ളവരെ പരസ്യമായി ന്യായീകരിച്ച് രംഗത്തുവന്നത്. ഇതിനിടെ നേതാക്കള്‍ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടത് നാട്ടില്‍ പാട്ടായതോടെ പാര്‍ട്ടി ഫണ്ട് എന്ന നിലയിലാണ് പണം ആവശ്യപ്പെട്ടതെന്ന പുതിയ ന്യായീകരണവുമായി സിപിഎം നേതാക്കള്‍ രംഗത്തെത്തി. പണം നല്കാതിരുന്നതിനുശേഷമാണ് ആളെക്കൂട്ടി കൊടികുത്തിയതെന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം മൗനം ഭജിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: