തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ അഞ്ചു മണിക്കൂറോളം എന്‍ഐഎ ചോദ്യം ചെയ്തു. പേരൂര്‍ക്കട പൊലീസ് ക്ലബ്ബിലായിരുന്നു ചോദ്യം ചെയ്യല്‍.സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം സെക്രട്ടേറിയറ്റിലേക്കും നീങ്ങുന്നതിനിടെയാണ് ചോദ്യം ചെയ്യല്‍. മുഖ്യമന്ത്രിയിലേയ്ക്ക് അന്വേഷണം നീളാനുള്ള മൊഴികള്‍ ലഭിച്ചതായാണ് സൂചന. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും
ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എന്‍ഐഎ കത്തുനല്‍കി. ഹൗസ് കീപ്പിങ് ചുമതലയുള്ള അഡിഷനല്‍ സെക്രട്ടറി പി.ഹണിയില്‍ നിന്നും എന്‍ഐഎ വിവരങ്ങള്‍ േതടിയിരുന്നു.
ശിവശങ്കറിന്റെ ഓഫിസിലേതടക്കമുള്ള ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷും സരിത്തും എം.ശിവശങ്കറിന്റെയും മന്ത്രിമാരുടെയും ഓഫിസുകള്‍ പലവട്ടം സന്ദര്‍ശിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കില്‍ത്തന്നെ ആയിരുന്നു ശിവശങ്കറിന്റെ ഓഫിസ്.
ഇവിടെയും പ്രതികള്‍ എത്തിയെന്ന് കരുതുന്ന മറ്റ് ഓഫിസുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനാണ് എന്‍ഐഎയുടെ ശ്രമം. ഇതിനായി വ്യാഴാഴ്ച ഉച്ചയോടെ ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്കി. കത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ ഓഫിസിനും കൈമാറി. രണ്ടുമാസത്തെ സിസിടിവി ദൃശ്യങ്ങളാണ് ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: