തൃശൂര്‍: വിവാഹാഭ്യാര്‍ത്ഥന നിരസിച്ചതിന് എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിനിയായ ചിയ്യാരം വല്‍സാലയത്തില്‍ കൃഷ്ണരാജിന്റെ മകള്‍ നീതു (21) വിനെ കുത്തിപരിക്കേല്പിച്ച ശേഷം പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിന്റെ സാക്ഷി വിസ്താരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. തൃശൂര്‍ സിറ്റി പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം സിറ്റി ക്രൈംബ്രാഞ്ച് അസി. പോലീസ് കമ്മീഷണറായ സി.ഡി. ശ്രീനിവാസനാണ് കേസിന്റെ അന്വേഷണം നടത്തിയത്. കേസില്‍ 90 ദിവസത്തിനുള്ളില്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
2019 ഏപ്രില്‍ 4ന് രാവിലെ 6.45നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാക്കനാടുള്ള ഐ.ടി കമ്പനിയില്‍ ജീവനക്കാരനായ വടക്കേക്കാട് കല്ലൂര്‍കാട്ടയില്‍ വീട്ടില്‍ നിധീഷ് (27) നീതുവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി മാരകമായി കുത്തി പരിക്കേല്പിച്ച ശേഷം പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ച പ്രതി ജാമ്യം കിട്ടാത്തതിനെ തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞു വരുകയാണ്. 58 സാക്ഷികളാണ് കേസിലുള്ളത്. ആഗ. 17 മുതല്‍ സാക്ഷി വിസ്താരം ആരംഭിക്കാനാണ് സെഷന്‍സ് കോടതി നിശ്ചയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: