തൃശൂര്‍: പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ നിന്ന് മീന്‍ പിടിച്ചെന്നാരോപിച്ച് ആദിവാസി ദമ്പതികള്‍ക്ക് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ നാലു പേര്‍ക്കെതിരെ പീച്ചി പോലീസ് കേസെടുത്തു. ഒളകര ആദിവാസി കോളനിയിലെ മുന്‍ മൂപ്പന് തങ്കപ്പന് (50), ഭാര്യ അനിത (46) എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഒളകര കോളനിവാസി ബിബീഷ്, കണ്ടാലറിയുന്ന മൂന്ന് പേര് എന്നിവര്‍ക്കെതിരെയാണ് കേസ്.
പരിക്കേറ്റ തങ്കപ്പനും ഭാര്യയും ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തങ്കപ്പനും അനിതയും ചേര്‍ന്ന് മീന്‍ പിടിക്കുന്നതിനിടയില്‍ ചൊവ്വാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. പട്ടികജാതി-വര്‍ഗ ഫിഷറീസ് സഹകരണ സംഘത്തിലെ ഒരു അംഗമുള്‍പ്പെടെയുള്ള സംഘമാണ് ഇവരെ മര്‍ദ്ദിച്ചത്. നാലു പേരും മദ്യ ലഹരിയിലായിരുന്നുവെന്ന് ദമ്പതികള്‍ പറയുന്നു. സംഘത്തിന്റെ അടിയേറ്റ് തങ്കപ്പന്റെ രണ്ടു പല്ലുകള്‍ പോയിട്ടുണ്ട്. സഹകരണ സംഘത്തില്‍ അംഗങ്ങളല്ലാത്തവര്‍ക്ക് റിസര്‍വോയറില്‍ നിന്ന് മീന്‍ പിടിക്കാന്‍ അവകാശമില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. തങ്കപ്പനിട്ട വല അഴിച്ചു മാറ്റിയതിനു ശേഷം മറ്റൊരു വലയിടാന്‍ ഇവര്‍ ശ്രമിച്ചതായും മര്‍ദ്ദിച്ച നാലു പേരില്‍ ഒരാള്‍ മാത്രമേ സംഘത്തിലുള്ളൂവെന്നും തങ്കപ്പന് പറയുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് വനത്തിനുള്ളിലൂടെ നാലു കി. മീ. ഓടിയാണ് ദമ്പതികള്‍ ഊരില്‍ തിരിച്ചെത്തിയത്.
സംഘത്തില്‍ അംഗമല്ലാത്തവര്‍ക്ക് ഡാമിന്റെ റിസര്‍വോയറില്‍ പ്രവേശിക്കാന്‍ അനുമതി ഇല്ലെന്ന നിയമം നിലനില്‍ക്കേയാണ് സംഘാംഗങ്ങള്‍ അല്ലാത്ത മൂന്നു പേര് റിസര്‍വോയറില്‍ 15 കി.മീ. കടന്നു വന്നതെന്ന് ആക്ഷേപമുണ്ട്. പട്ടികജാതി-വര്‍ഗ ഫിഷറീസ് സഹകരണ സംഘത്തില്‍ കഴിഞ്ഞ വര്‍ഷം വരെ ഒളകര കോളനിവാസികള്‍ അംഗങ്ങളായിരുന്നു. വനവകാശ നിയമപ്രകാരം സംഘത്തില്‍ അംഗങ്ങള്‍ അല്ലെങ്കിലും റിസര്‍വോയറില്‍ നിന്ന് മീന്‍ പിടിക്കാന്‍ ആദിവാസികള്‍ക്ക് അവകാശമുണ്ടെന്ന് തങ്കപ്പന് പറയുന്നു. സംഭവത്തില്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ക്ക് ദമ്പതികള്‍ പരാതി നല്‍കിയിട്ടുണ്ട്. തങ്കപ്പന്റെ മൊഴിയെടുത്ത് കേസില്‍ അന്വേഷണം ആരംഭിച്ചതായി പീച്ചി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: