നീലേശ്വരം: ലാബ് ടെക്നീഷ്യയായ പാലായി സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നീലേശ്വരം എന്‍.കെ.ബി. എം സഹകരണാശുപത്രി അടച്ചിട്ടു. കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ താമസിക്കുന്ന പാലായി സ്വദേശിനി അടക്കം എട്ടുപേരെ ചൊവ്വാഴ്ച വള്ളിക്കുന്നിലെ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ആന്റിജന്‍ പരിശോധനക്ക് വിധേയയാക്കിയിരുന്നു. ഇതില്‍ പാലായി സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പരിശോധനാഫലം പോസിറ്റീവാണെന്ന് അറിഞ്ഞതോടെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. വി.രാംദാസിന്റെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ ഒ.പി പരിശോധന നിര്‍ത്തിവെച്ചു.
ബന്ധുക്കളെ വിവരമറിയിച്ച ശേഷം ചികിത്സക്കായി ഇവിടെ പ്രവേശിപ്പിച്ചിരുന്നവരെ ഓരോരുത്തരെയായി ഡിസ്ചാര്‍ജ് ചെയ്തു. ഇവര്‍ക്കാവശ്യമായ മരുന്നും മറ്റ് സഹായങ്ങളും ഉറപ്പുവരുത്തിയ ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്കയച്ചത്. വൈകിട്ടോടെ ആശുപത്രിയും അടച്ചു. ഡോക്ടര്‍മാര്‍ക്ക് പുറമെ നേഴ്സിംഗ്, അനുബന്ധവിഭാഗങ്ങളിലും അഡ്മിനിസ്ട്രേഷനിലുമായി 30 ജീവനക്കാരാണ് ആശുപത്രിയിലുള്ളത്. ഡോക്ടര്‍മാരും ജീവനക്കാരും നിരീക്ഷണത്തിലാണുള്ളത്. ഇവരില്‍ പകുതി പേരും കോവിഡ് പരിശോധനക്ക് വിധേയരായി. ശനിയാഴ്ചയോടെ മറ്റുള്ളവരുടെ പരിശോധന പൂര്‍ത്തിയാക്കും. ഫലം നെഗറ്റീവാണെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അനുമതിയോടെ ആശുപത്രി തുറക്കുമെന്ന് ചെയര്മാന് കെ.കെ നാരായണനും മാനേജര്‍ പി. അഖിലേഷും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: