ആലത്തൂര്‍: ലോക്ഡൗണ്‍ ഇളവുകളുണ്ടായിട്ടും ഭക്ഷണം കഴിക്കാന്‍ ആളുകളെത്താത്തതിനാല്‍ ഹോട്ടല്‍ മേഖല പ്രതിസന്ധിയില്‍. കൊറോണ ഭീതിയില്‍ പുറത്തുനിന്നുള്ള ഭക്ഷണം വേണ്ടെന്നു വെച്ചതും, പണം ഇല്ലാത്തതും, കുടുംബസമേതമുള്ള പുറത്തുപോക്കും, സുഹൃത്തുക്കളുടെ കൂടിച്ചേരലുകള്‍ ഇല്ലാതായതും ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കുന്നത് ഇല്ലാതായി.
ഹോട്ടലുകളില്‍ പാഴ്സല്‍മാത്രം അനുവദിച്ചിരുന്ന സമയത്ത് മുമ്പുണ്ടായിരുന്നതിന്റെ 20 ശതമാനത്തോളം വ്യാപാരം മാത്രമാണ് നടന്നിരുന്നത്. ഇരുന്നുകഴിക്കാന്‍ അനുമതി നല്കിയപ്പോള് വ്യാപാരം 40 മുതല്‍ 50 ശതമാനം വരെ ഉയര്‍ന്നതായി ഹോട്ടല്‍ ഉടമകള്‍ പറയുന്നു. തൊഴിലാളികളുടെ ശമ്പളം, ജിഎസ്ടി അടക്കമുള്ള നികുതികള്‍, രജിസ്ടേഷന് ഫീസുകള്‍, വാടക, വൈദ്യുതി ബില്‍, വെള്ളക്കരം എന്നിവയൊക്കെ കൊടുത്തു കഴിയുമ്പോള്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് ഒന്നും കിട്ടുന്നില്ലെന്ന് പറയുന്നു.
ജില്ലയില്‍ 2,200 ഹോട്ടലുകളുണ്ട്. ഇതില്‍ 12,000ത്തോളം ജീവനക്കാരുണ്ട്. വഴിയോര കച്ചവടക്കാര്‍ പതിനായിരത്തോളം വരും. അതേസമയം പാതയോരങ്ങളിലെ താല്‍ക്കാലിക ഷെഡ്ഡുകളില്‍ പ്രഭാത ഭക്ഷണവും ചപ്പാത്തിയും, ബിരിയാണിയും, കറികളുമായി വ്യാപാരം പച്ചപിടിച്ചു. കൊറോണയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരും മറ്റ് സംസ്ഥാനങ്ങളിലും ഗള്‍ഫിലും നിന്ന് മടങ്ങിയെത്തിവരുമൊക്കെ സ്വയം തൊഴില്‍ എന്ന നിലയില്‍ തട്ടുകട തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: