1921 ലെ മലബാര്‍ ലഹള പ്രമേയമാക്കിയും അതിനു നേതൃത്വം നല്കിയ വാരിയംകുന്നത്ത് അഹമ്മദ് ഹാജിയെ കേന്ദ്ര കഥാപാത്രമാക്കിയും സംവിധായകന് ആഷിക് അബു ഒരു സിനിമ നിര്‍മിക്കുന്നതായി അടുത്തകാലത്ത് ഒരു വാര്‍ത്ത വന്നിരുന്നു. ലോകത്ത് ഏത് വിഷയത്തെപ്പറ്റിയും ആരെപ്പറ്റിയും ആര്‍ക്കും സിനിമ നിര്‍മിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്; ഈ പ്രമേയം അടിസ്ഥാനമാക്കിത്തന്നെ ‘1921’ എന്ന പേരില്‍ സംവിധായകന് ഐ.വി. ശശി മലയാളത്തില്‍ നേരത്തേ തന്നെ ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. കോലാഹലങ്ങളോ വിവാദമോ ഇല്ലാതെ മലയാളികള്‍ ആ സിനിമ കണ്ടിരുന്നതുമാണ്. പക്ഷേ, ആഷിക് അബുവിന്റെ സിനിമാ പ്രഖ്യാപനം സമൂഹത്തിലും സിനിമാ വൃത്തങ്ങളിലും ചില വിവാദങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി. അന്നു ആ വിഷയത്തില്‍ അഭിപ്രായം പറഞ്ഞവരില്‍ ഈ ലേഖകനും ഉണ്ടായിരുന്നു. കേരളത്തിന്റെ സാംസ്കാരിക, ധൈഷണിക മണ്ഡലങ്ങളില്‍ അധീശത്വം പുലര്‍ത്തുന്ന സിപിഐ(എം) അനുഭാവികള്‍ക്ക് സ്വീകാര്യമായ അഭിപ്രായങ്ങളല്ല ഞാന്‍ പറഞ്ഞത് എന്നതിന്റെ പേരില്‍ മാധ്യമങ്ങളില്‍ ഏറെ വിമര്‍ശനങ്ങള്‍ എനിക്ക് ഏല്ക്കേണ്ടിവന്നു. സാമൂഹ്യമാധ്യമങ്ങള്‍ വഴി എന്റെ ‘നിര്യാണത്തില്‍’ ചില കവികളും ബുദ്ധിജീവികളും അനുശോചിക്കുകവരെയുണ്ടായി. ”ഈ മരണം ഞാന്‍ നേരത്തെ പ്രവചിച്ചതായിരുന്നു, അതില്‍ തീരെ അത്ഭുതമില്ല” എന്നാണ് കേന്ദ്ര സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറിയും ഇപ്പോള്‍ കേരള സര്‍ക്കാരിന്റെ ലോക കേരളസഭ അംഗവും അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുകിയാല്‍ പോലും ഹിന്ദു ഫാസിസം കാണുകയും ചെയ്യുന്ന കവി സച്ചിദാനന്ദന് പറഞ്ഞത്.
മാപ്പിള കലാപം എന്ന ചരിത്ര സംഭവത്തെ ആസ്പദമാക്കി ഒരു ഉദാത്ത സിനിമ നിര്മിക്കുന്നതിനെയായിരുന്നില്ല ഞാന്‍ വിമര്‍ശിച്ചത്. അറിഞ്ഞിടത്തോളം അങ്ങനെയൊരു സിനിമയ്ക്ക് പിന്നിലെ ഉദ്ദേശ്യ ലക്ഷ്യങ്ങളെയായിരുന്നു. അതിനു പിന്നിലെ നിക്ഷിപ്ത താല്‍പ്പര്യങ്ങളെയും അതിലൂടെ സിനിമയിലേക്കും സംസ്കാരത്തിലേക്കും ഒളിച്ചു കടത്താന്‍ ശ്രമിച്ച ചരിത്ര വിരുദ്ധവും വിധ്വംസകവുമായ മതപ്രത്യയശാസ്ത്രത്തെയുമായിരുന്നു. ബ്രിട്ടീഷ് കോളനിവാഴ്ചക്കും ജന്മിത്വ ചൂഷണത്തിനും എതിരെയായിരുന്നു മാപ്പിളലഹള എന്ന് കമ്യൂണിസ്റ്റ് ചരിത്രകാരന്മാര് വ്യാഖ്യാനങ്ങള്‍ നിര്‍മിച്ചുവെങ്കിലും, മലബാര്‍ കേന്ദ്രമാക്കി ഒരു ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്ന അന്തിമമായ ലക്ഷ്യമായിരുന്നു വാരിയംകുന്നത്ത് അഹമ്മദ് ഹാജിയെ പോലുള്ളവര്‍ക്കു ഉണ്ടായിരുന്നത് എന്നതാണ് വസ്തുത. ലഹള അതിന്റെ വഴിക്ക് വിജയിക്കാന്‍ വിട്ടിരുന്നെങ്കില്‍ പടിഞ്ഞാറന്‍ പാക്കിസ്ഥാനും കിഴക്കന്‍ പാക്കിസ്ഥാനും പോലെ ഒരു തെക്കന്‍ പാക്കിസ്ഥാനും 1947 ലെ ഇന്ത്യാ വിഭജനത്തില്‍ ഉണ്ടാകുമായിരുന്നു. മലബാര്‍ മേഖലയായിരുന്നേനെ അതിന്റെ കേന്ദ്രം. അങ്ങനെയൊന്നും സംഭവിക്കാതെ പോയതിനു കേരളത്തിന്റെ ബഹുമത സംസ്കാരത്തോടും ചരിത്രത്തോടും നമ്മള് കടപ്പെട്ടിരിക്കുന്നു.
കേരളത്തില്‍ ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ 1921 ല്‍ നടത്തി, പരാജയപ്പെട്ട ശ്രമമാണ് ഇപ്പോള്‍ പുതിയ രൂപത്തിലും ഭാവത്തിലും രൂപപ്പെട്ടുവരുന്നത്. ഒരു നൂറ്റാണ്ടു മുന്‍പ്, വലിയ മുന്നൊരുക്കങ്ങളൊന്നുമില്ലാത്ത ഒരു ലഹളയുടെ രൂപത്തിലായിരുന്നു ആ ശ്രമം എങ്കില്‍, ഇന്നത് രാഷ്ട്രീയവും സായുധവും സാമ്പത്തികവും പ്രത്യയശാസ്ത്രപരവുമായ എല്ലാ തയ്യാറെടുപ്പുകളോടും കൂടിയ, തന്ത്രപരമായ പ്രവര്‍ത്തനങ്ങളിലൂടെയും നീക്കങ്ങളിലൂടെയുമാണ്. കേരളീയ ജീവിതത്തിന്റെ സമസ്ത മേഖകളിലും അത് വ്യാപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സമ്പത്തും അധികാരവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന, സമൂഹത്തെ സ്വാധീനിക്കാന്‍ കൂടുതല്‍ സാധ്യതകളുള്ള സിനിമാ-സാംസ്കാരിക മേഖലകളില്‍ ഈ സ്വാധീനം കൂടുതല്‍ പ്രകടമാണ്. മറ്റുരംഗങ്ങളില്‍ മുന്നേറ്റം രഹസ്യമാണ് എന്നമാത്രം.
‘വാരിയംകുന്നന്’ സിനിമയുടെ വരവ് തന്നെ പരിശോധിക്കുക. ആഷിക് അബു എന്ന മുസ്ലിം നാമധാരിയാണ് അതിന്റെ സംവിധായകന് എന്നതല്ല പ്രശ്നം. ഈ സിനിമയുടെ പ്രഖ്യാപന സന്ദര്‍ഭം മുതല്‍ എല്ലാം പരിഗണിക്കേണ്ടതുണ്ട്. പ്രകൃതി ദുരന്തങ്ങളും മഹാവ്യാധികളും തകര്‍ത്തെറിഞ്ഞ കേരളത്തില്‍, വന്‍കിട സിനിമാ നിര്‍മാണ സ്ഥാപനങ്ങള്‍ തന്നെ അടച്ചുപൂട്ടലിലായ അവസരത്തിലാണ് ദശകോടികള്‍ ചെലവു വരുന്ന ഇത്തരം ഒരു സിനിമാ നിര്‍മാണവുമായി സംവിധായകനും സംഘവും മുന്നോട്ടുവരുന്നത്. അതും സൂപ്പര്‍താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യമുയരുമ്പോള്‍, പൃഥ്വിരാജ് എന്ന സൂപ്പര്‍ താരത്തെ നായകനാക്കി, അത്തരം ഒരു ഇളവും ഇല്ലാതെ. എവിടെനിന്നാണ് ഈ സമ്പത്തിന്റെ സ്രോതസ്സ്! ആരാണ് അതിനുപിന്നില്‍? സിനിമാ ശാലകള്‍ അടച്ചുപൂട്ടിക്കിടക്കുന്ന കാലത്ത്, ആരെ, എവിടെ കാണിക്കാനാണ് ഈ സിനിമ?
കേന്ദ്ര കസ്റ്റംസ് വിഭാഗവും ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) ചേര്‍ന്നു പുറത്തുകൊണ്ടുവരുന്ന കേരളത്തിലെ സ്വര്‍ണ കള്ളക്കടത്തിന്റെ നാള്‍വഴികളിലും രീതികളിലും ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമുണ്ട്; കസ്റ്റംസിന്റെയും പോലീസിന്റെയും ശ്രദ്ധയില്‍പ്പെടാതെ, ധനമോഹികളായ കുറച്ചുപേര്‍ ചേര്‍ന്ന് കുറച്ചു കിലോഗ്രാം സ്വര്‍ണ്ണം കേരളത്തിലേക്ക് ഒളിച്ചുകൊണ്ടുവന്നു എന്ന് കേരളം ഭരിക്കുന്ന സിപിഐ(എം)ന്റെ സൈദ്ധാന്തികരും വക്താക്കളും മന്ത്രിമാരും നിസ്സാരവല്ക്കരിക്കുന്നിടത്ത് ഒതുങ്ങുന്നതല്ല ഈ സംഭവത്തിലെ അപകട സൂചനകള്‍. ഈ സ്വര്‍ണം എങ്ങനെ, ഏത് മാര്‍ഗ്ഗത്തിലൂടെ കൊണ്ടുവന്നു, ആരെല്ലാം, ഏതെല്ലാം വകുപ്പുകള്‍ അതില്‍ പങ്കാളികളായി, സ്വര്‍ണം എങ്ങോട്ട്, ആരിലേക്ക് എത്തുന്നു, പണം എന്തിനെല്ലാം ഉപയോഗിക്കപ്പെടുന്നു; എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കൂടി പരിശോധിക്കുമ്പോള്‍ വളരെയധികം ഭീതിദങ്ങളായ ചക്രങ്ങളാണ് തെളിഞ്ഞുവരുന്നത്. സ്വര്‍ണവും രത്നവും മുതല്‍ നക്ഷത്ര ആമയും അപൂര്‍വയിനം ചിലന്തിവരെയുള്ളവയുടെ കള്ളക്കടത്തും, ആയുധം, മയക്കുമരുന്ന്, വിദേശ കറന്‍സി, സ്ത്രീകള്‍, കുട്ടികള്‍ എന്നിങ്ങനെ വില കിട്ടുന്നവയുടെ ഒളിച്ചുകടത്തും പെരുകി. നിയമവ്യവസ്ഥയും ഭരണസംവിധാനവും തകര്‍ന്ന് അടിമുടി അഴിമതിയിലും ഹിംസയിലും മുങ്ങിനില്ക്കുന്ന കൊളംബിയ പോലെ ഒരു പ്രദേശമാകുകയാണോ നമ്മുടെ കേരളവും എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഈ സംശയത്തെ ബലപ്പെടുത്തുന്നതാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന സ്വര്‍ണക്കടത്തിനു പിന്നിലെ രഹസ്യങ്ങള്‍.
ബാലകന് കെ. നായരുടെയും ജോസ്പ്രകാശിന്റെയും പഴയ കള്ളക്കടത്തു സിനിമകളില്‍ കണ്ടതുപോലെ, സ്വര്‍ണം നിറച്ച പെട്ടിയുമായി വരുമ്പോള്‍, കസ്റ്റംസിനെ കണ്ട് പേടിച്ച്, ഉരുവില്‍നിന്ന് കടലിലേക്ക് എടുത്തുചാടി പിടിയലകപ്പെട്ടതല്ല ഫൈസല്‍ ഫരീദും സ്വപ്ന സുരേഷും സരിത്തും മറ്റും. അവരുടെ സ്വര്‍ണം വന്നത് നയതന്ത്ര ബാഗേജിലാണ്. അവര്‍ക്കു ബന്ധം മുഖ്യമന്ത്രിയുടെ ഓഫീസും യുഎഇ കോണ്സുലേറ്റുമായിട്ടാണ്. അവര്‍ നടത്തുന്ന വിരുന്നില്‍ പങ്കെടുക്കുന്നത് നിയമസഭാ സ്പീക്കര്‍, വിദ്യാഭ്യാസ മന്ത്രി, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐടി സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയവരാണ്. അവര്‍ക്ക് താമസിക്കാന്‍ മുറിയും വീടും ഒരുക്കുന്നത് മുഖ്യമന്ത്രിയുടെ ഐടി ഫെലോയാണ്. അവര്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയത് അവരെ തടയേണ്ട, പിടിക്കേണ്ട പോലീസാണ്. അവരെ ന്യായീകരിക്കാന്‍ ടിവി ചാനലില്‍ പ്രത്യക്ഷപ്പെടുന്നത് കമ്യൂണിസ്റ്റ് വിപ്ലവ പാര്‍ട്ടിയുടെ യുവനേതൃനിരയാണ്. ഭരണഘടനാപരമായ സ്ഥാപനങ്ങളെയും പൗരന്റെ അവകാശങ്ങളെയും ഇല്ലാതാക്കി സമാന്തര സാമ്രാജ്യങ്ങള്‍ തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ഈ മാഫിയ സംഘങ്ങള്‍.
‘നിയമവിരുദ്ധ സംഘ ശൃംഖലയും ലാറ്റിനമേരിക്കന്‍ രാഷ്ട്രീയവും (Illicit Networks and Politics in Latin America) എന്ന പുസ്തകത്തില്‍ ഐവാന്‍ കോറിസ്ക്കോവും കാറ്റലീന പെര്ഡോമോവും ആ രാജ്യങ്ങളിലെ സമാന രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കുന്നുണ്ട്. കൊളംബിയന്‍ കോണ്‍ഗ്രസിലെ മുപ്പത്തിയഞ്ചു ശതമാനം അംഗങ്ങളും ക്രിമിനല്‍ സംഘബന്ധമുള്ളവരാണെന്ന് വിന്‍സെന്റോ കാസ്റ്റിനോഹില് എന്ന മിലിറ്ററി ഓഫീസര്‍ 2005 ല്‍ നടത്തിയ വെളിപ്പെടുത്തല്‍ ഉദ്ധരിച്ചുകൊണ്ട് അവര്‍ സമര്‍ത്ഥിക്കുന്നു. ‘കുറ്റവാളി രാഷ്ട്രീയം’എന്നാണ് പുസ്തകത്തില്‍ ഈ രാഷ്ട്രീയത്തെ വിശേഷിപ്പിക്കുന്നത്. ഈ അര്‍ത്ഥത്തില്‍ ഒരു ‘പാരാ പൊളിറ്റിക്സ്’ കേരളത്തിലും വളര്‍ന്നുവന്നു കഴിഞ്ഞു എന്നാണ് സ്വര്‍ണ്ണക്കടത്തു കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്.
കള്ളക്കടത്തിലൂടെയും മറ്റും സ്വരൂപിക്കുന്ന സമ്പത്തും അധികാരവും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ മുഖ്യമായും വിനിയോഗിക്കുന്നത് ജനാധിപത്യ സംവിധാനങ്ങളെ ഇല്ലാതാക്കുന്നതിനാണ്. രാജ്യത്തെ നിയമവാഴ്ച തകര്‍ക്കാനുമാണ്. ഇതിനുവേണ്ടി പ്രബലരായ നേതാക്കളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പോലീസ്-നീതിന്യായ സംവിധാനങ്ങളെയും മാഫിയ വിലയ്ക്കെടുക്കുന്നു. കാലുഷ്യത്തിലും ക്രമരാഹിത്യത്തിലും മാത്രമേ ഇത്തരം സംഘങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ. കേരള രാഷ്ട്രീയത്തിലും ഇത്തരം ഒരു അദ്ധ്യായം ആരംഭിച്ചു കഴിഞ്ഞു.
നമ്മുടെ സംസ്ഥാനത്തേക്ക് ഒഴുക്കുന്ന സ്വര്‍ണവും ഹവാല പണവും എന്തിനാണ് ഉപയോഗിക്കുന്നത് എന്ന എന്‍ഐഎ കണ്ടെത്തല്‍ നോക്കൂ. കേരളത്തില്‍ മാത്രമല്ല, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലെയും തീവ്രവാദ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ തുക ചെലവഴിക്കുന്നുണ്ടത്രേ. ഏത് വിഭാഗത്തിലുള്ളവയാണ് ഈ സംഘടനകളെന്ന് ഇസ്ലാമിക് സ്റ്റേറ്റിലേക്കുള്ള (ഐഎസ്) നിയമനങ്ങളില്‍ നിന്നും മറ്റും നമുക്ക് വ്യക്തമായതാണ്. മുന്‍പില്ലാത്ത മറ്റൊരു മേഖലയിലും ഈ പണം ചെലവാക്കപ്പടുന്നുണ്ട് എന്നാണ് വാര്‍ത്ത. അത് സിനിമാ നിര്‍മാണമാണ്. മലയാളത്തില്‍ തന്നെ ഫൈസല്‍ ഫരീദ് നാലു സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. കൂടുതലും പുതുതലമുറ സംവിധായകരെ ലക്ഷ്യം വച്ചാണ് പണം വാരി വിതറുന്നത്. മലയാള സിനിമയെ രക്ഷപ്പെടുത്തലും കലോപാസനയുമായിരിക്കില്ല ഫൈസല്‍ ഫരീദിന്റെ ലക്ഷ്യം. വിധ്വംസകമായ സമ്പത്ത് വിനിയോഗിക്കാന്‍ കഴിയുന്ന മറ്റൊരു വിധ്വംസക മേഖലയായി സിനിമയെ മാറ്റുകയാണ് അയാളുടെ ഉദ്ദേശ്യം. മാഫിയയും മതവും രാഷ്ട്രീയവും സിനിമയും ചേര്‍ത്ത് ഒരു പുതിയ ചേരുവ. ഒരു കൊളംബിയന്‍ ചേരുവ. അതിന്റെ ഗന്ധമാണ് ‘വാരിയംകുന്നന്’ പരത്താന്‍ നോക്കിയത്. അതുകൊണ്ടാണ് ഒരു സിനിമാ ഉദ്യമം മാത്രമായി അതിനെ കാണാന്‍ കഴിയാത്തത്.
ടി.പി. രാജീവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: