Categories: Main Article

ദേശീയത മുഖമുദ്രയാക്കിയ ബിഎംഎസ്

ഇന്ന് ബിഎംഎസ് സ്ഥാപന ദിനം

Published by

ഭാരതീയ മസ്ദൂര്‍ സംഘ് എന്ന ദേശീയ തൊഴിലാളി സംഘടനയ്‌ക്ക് രൂപം നല്‍കിയ മഹാനായ ദത്തോപാന്ത് ഠേംഗ്ഡിജിയുടെ ജന്മശദാബ്ദി വര്‍ഷമാണിത്. 1920 നവംബര്‍ 10 ന് മഹാരാഷ്‌ട്രയിലെ ആര്‍.വി എന്ന ഗ്രാമത്തില്‍ ജനിച്ച് നാഗ്പൂരിലെ മോറിസ് കോളേജില്‍ നിന്ന് നിയമബിരുദം പൂര്‍ത്തിയാക്കി 1942 ല്‍  പ്രചാരകനായി  കേരളത്തില്‍ രാഷ്‌ട്രീയ സ്വയം സേവക സംഘത്തിനു തുടക്കം കുറിക്കാന്‍ അദ്ദേഹം നിയോഗിക്കപ്പെട്ടു.

 രാജനൈതിക രംഗത്തും, സാമൂഹ്യ-സാംസ്‌കാരിക രംഗത്തും അദ്ദേഹത്തിന്റെ സേവനങ്ങള്‍ എണ്ണമറ്റതും  വിലമതികാനാകാത്തതുമായിരുന്നു.  ഇന്ത്യന്‍  ട്രേഡ് യൂണിയന്‍ ചരിത്രകാരന്മാര്‍ ഠേംഗ്ഡിജിയെ ഇനിയും വേണ്ടവണ്ണം വിലയിരുത്തിയിട്ടില്ല. ചരിത്രത്തെ, ദേശീയ യാഥാര്‍ത്ഥ്യങ്ങളുമായി കൂട്ടിഘടിപ്പിക്കാതിരിക്കാനും യഥാര്‍ത്ഥ ചരിത്രത്തെ തമസ്‌കരിക്കാനുമുള്ള ശ്രമം നടന്നിരുന്നു. അക്കൂട്ടത്തില്‍ ദേശീയ ട്രേഡ് യൂണിയന്‍ ചരിത്രവും അതിന് ചുക്കാന്‍ പിടിച്ച ഠേംഗ്ഡിജിയേയും തമസ്‌കരിക്കാന്‍ ബോധപൂര്‍വ്വ ശ്രമം നടന്നു എന്നുവേണം കരുതാന്‍.  

സ്വാതന്ത്ര്യസമരത്തിന് തൊഴിലാളികള്‍ക്കും അവരുടേതായ പങ്കുണ്ട് എന്ന നിലയ്‌ക്ക് 1920 ല്‍ തുടങ്ങിയ ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് പിന്നീട് കമ്യൂണിസ്റ്റുകാര്‍ പിടിച്ചെടുത്തതു മുതല്‍  സ്വതന്ത്ര്യത്തിന്  മുമ്പും പിമ്പും  എന്ന  തലക്കെട്ടില്‍   നിരവധി   ട്രേഡ് യൂണിയനുകള്‍ ഭാരതത്തില്‍ ഉടലെടുത്തു. എന്നാല്‍ അവയുടെ പൈതൃകവും കാഴ്‌ച്ചപ്പാടും പിന്തിരിപ്പനും വൈദേശികവുമായിരുന്നു. അവിടെ  ദേശീയ ബിംബങ്ങള്‍ക്കോ, നേതാക്കള്‍ക്കോ ചരിത്രപുരുഷന്‍മാര്‍ക്കോ സ്ഥാനവുമുണ്ടായിരുന്നില്ല.  

ബിഎംഎസ്  രൂപീകരണം

ദേശീയമൂല്യങ്ങള്‍ ആധാരമാക്കി തൊഴിലാളി-തൊഴിലുടമ ബന്ധത്തിന് പരസ്പര ആശ്രയത്വത്തിന്റെ  പുതിയ നിര്‍വ്വചനം രചിച്ച്, മുതലാളി തൊഴിലാളിയുടെ ശത്രുവല്ല മറിച്ച,് മുതലാളിയും തൊഴിലാളിയും ചേരുന്നിടമാണ് തൊഴിലിടം എന്ന് തന്റേടത്തോടെ  പ്രഖ്യാപിക്കാന്‍ ബിഎംഎസ്സിനു കഴിഞ്ഞു. 1955 ജൂലൈ 23നായിരുന്നു ബിഎംഎസ് രൂപീകരണം.  ഭാരതത്തിന്റെ ശ്രേയസ്സിന് സമഗ്രവികസനമാണ് വേണ്ടത്.  അതിന് വ്യവസായങ്ങളില്‍ തൊഴിലാളി  പങ്കാളിത്തം വേണം.  രാഷ്‌ട്ര ഹിതത്തിനായി പണിയെടുക്കുകയും എന്നാല്‍ ചെയ്യുന്ന തൊഴിലിന് പൂര്‍ണ്ണ വേതനം ലഭിക്കുക, ബോണസ് എന്നാല്‍ മാറ്റിവയ്‌ക്കപ്പെട്ട വേതനമാണ്  തുടങ്ങി  സമകാലിക പ്രസക്തമായ ദേശീയ പ്രോക്തമായ വീക്ഷണത്തോടെയാണ് ഠേംഗ്ഡിജി ബി.എം.എസ് ആരംഭിച്ചത്.

65 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ അവസരത്തില്‍ പിന്തിരിഞ്ഞു നോക്കുമ്പോള്‍ തൊഴിലാളികളെ വെറും കോടാലിക്കയ്യായി കരുതിയിരുന്ന  ഇടതു പക്ഷവും  വലതുപക്ഷവും  വലിയ എതിര്‍പ്പാണ്  ആദ്യകാലത്ത് ബിഎംഎസ് പ്രവര്‍ത്തനത്തിന് എതിരെ ഉയര്‍ത്തിയിരുന്നത്.  കാലം കാത്തുവച്ച മറുപടി എന്നവണ്ണം  ഇന്ന് ലോകം ദേശീയതയിലേക്കു മടങ്ങിയിരിക്കുന്നു. ലോക തൊഴിലാളി വര്‍ഗ്ഗം എന്ന വര്‍ഗ്ഗീകരണം അതിന്റെ മണ്ണില്‍ തന്നെ കുഴിച്ച് മൂടപ്പെട്ടു. ഓരോ രാജ്യത്തിനും അതിന്റെ വ്യക്തിത്വത്തിനു ചേര്‍ന്ന ആശയാദര്‍ശങ്ങള്‍ തന്നെയാണ് വേണ്ടതെന്ന് ലോകം അംഗീകരിച്ചു.  

ഇന്ന് ബിഎംഎസിന്റെ പ്രസക്തി വര്‍ദ്ധിക്കുകയും  രാജ്യത്തെ അല്ല, ലോകത്തെ  തന്നെ ഒന്നാമത്തെ തൊഴിലാളി സംഘടനയായി വളരാനും കഴിഞ്ഞു. ദേശവ്യാപകമായി  തൊഴില്‍ മേഖലയില്‍ സര്‍വ്വോപരി  ഭാരതീയന്റെ ജീവിത ഗതി വിഗതികള്‍ നിര്‍ണ്ണയിക്കുന്നതില്‍ സര്‍ക്കാര്‍ നയരൂപീകരണങ്ങളില്‍ സമ്മര്‍ദ്ദം  ചെലുത്തക്കവിധം   സംഘടന വളരുകയും സമസ്ത    മേഖലയിലും      വിപുലീകരിക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്.  

അംണന്‍വാടി, ആശാവര്‍ക്കര്‍മാരുടേയും പോസ്റ്റല്‍ ഇ.ഡി. വിഭാഗത്തിന്റേതടക്കം വിവിധ വിഭാഗം ജീവനക്കാര്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിന് ബിഎംഎസ്സിന്റെ ശക്തമായ പ്രക്ഷോഭം    കാരണമായിട്ടുണ്ട്. തൊഴില്‍ മേഖലയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും സാധിച്ചു. എന്നാല്‍ പൊതുമേഖലയുടെ വിറ്റഴിക്കലടക്കമുള്ള തെറ്റായ നയങ്ങള്‍ക്കെതിരെ ബിഎംഎസ്    ശക്തമായ പ്രക്ഷോഭത്തിന്റെ പാതയിലാണ്. 

വേണുവേട്ടനും ലളിത ജീവിതവും

വേണുവേട്ടന്‍ എന്ന രാ.വേണുഗോപാല്‍ വിടവാങ്ങിയ വര്‍ഷമാണിത്. ലാളിത്യമായിരുന്നു വേണുവേട്ടന്റെ മുഖമുദ്ര. സംന്യാസിയുടെ പൂര്‍വ്വാശ്രമംപോലെ തന്നെ പ്രചാരകന്റെ പൂര്‍വ്വകാല  ചരിത്രവും മായ്‌ക്കപ്പെട്ടൊരദ്ധ്യായമാണ്. തന്നിലേു വന്നു ചേര്‍ന്നതും, വളര്‍ത്തിയെടുത്തതുമായ സിദ്ധിയും,  ബുദ്ധിയും വൈഭവവുമെല്ലാം സമാജത്തിന്റെ നന്മയ്‌ക്കായി വൈഭവവത്തിനായി, തൊഴിലാളികളുടെ ഉയര്‍ച്ചയ്‌ക്കായി അദ്ദേഹം ഉപയോഗപ്പെടുത്തി. ഒരു കണക്ക് പുസ്തകത്തിന്റേയും നാള്‍വഴിപ്പുറങ്ങളിലും രേഖപ്പെടുത്താത്ത സമ്പൂര്‍ണ്ണ സമര്‍പ്പണം  ആയിരുന്നു വേണുവേട്ടന്‍ നിര്‍വ്വഹിച്ചത്.  

കുടില്‍ മുതല്‍ കൊട്ടാരം വരെ എന്ന പ്രയോഗത്തെ സ്വന്തം ജിവിതത്തില്‍ സഹനത്തിന്റെ മഷികൊണ്ട് കൊട്ടാരത്തില്‍ നിന്ന് കുടില്‍ വരെ എന്ന് അദ്ദേഹം തിരുത്തി എഴുതി. നിലമ്പൂര്‍ കോവിലകത്തെ നാടുവാഴിത്വ തറവാട്ടില്‍ നിന്നും അന്നത്തെ പ്രതാപകാലത്ത് 1946 ല്‍, ബി.എസ്.സി കഴിഞ്ഞ് പ്രചാരകനായ വ്യക്തിയാണ് അദ്ദേഹം. ചാണകം മെഴുകിയ സാധാരണക്കാരന്റെ ഉമ്മറത്തോടായിരുന്നു അദ്ദേഹത്തിനു പ്രിയം. അത്തരം തൊഴിലാളികളോടൊപ്പം ചോര്‍ന്നൊലിക്കുന്ന  ലയങ്ങളിലും  ചുമട്ടുകാരന്റെ കൂരയിലും അവരോടൊപ്പം ഒരാളായി വേണുവേട്ടന്‍ പ്രവര്‍ത്തിച്ചു. എക്കാലത്തെയും വലിയ മാതൃക വരും തലമുറയ്‌ക്കു നല്‍കിയാണ് വേണുവേട്ടന്‍ മടങ്ങിയത്.

1970 ലാണ് കേരളത്തില്‍ ബിഎംഎസിന്റെ പ്രവര്‍ത്തനത്തിന് അദ്ദേഹം തുടക്കം കുറിച്ചത്.  കൊച്ചി മട്ടാഞ്ചേരിയില്‍ ഒരു ചെറിയ മുറിയിലായിരുന്നു തുടക്കം. കേരളത്തിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. കെ.രാംകുമാര്‍ പ്രസിഡന്റും വേണുവേട്ടന്‍ സംസ്ഥാന  ജനറല്‍  സെക്രട്ടറിയുമായി   നീണ്ട  18 വര്‍ഷക്കാലം തുടര്‍ന്നു.   കേരളത്തില്‍  ഇന്ന്  ബി.എം.എസ് മറ്റ് സംഘടനകളോടൊപ്പമോ അതിനടുത്തോ വളര്‍ന്നു കഴിഞ്ഞു. ഈ വളര്‍ച്ചയ്‌ക്കു കാരണഭൂതനായ അദ്ദേഹത്തെ ആദരവോടെ സ്മരിക്കുന്നു.  

ഈ മഹാമാരിയേയും  നാം അതിജീവിക്കും

ലോകം ഇന്ന്  സമാനതകളില്ലാത്ത ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. എല്ലാവിഭാഗം ജനങ്ങളേയും മാനസികമായും, സാമ്പത്തികമായും സാമൂഹികമായും തകര്‍ക്കും വിധമായിരുന്നു രോഗവ്യാപനവും അതുമൂലമുള്ള പ്രതിസന്ധികളും. മനുഷ്യന്റെ സാധാരണ ജീവിതം കഴിഞ്ഞ അഞ്ചു മാസമായി താറുമാറായി. വ്യക്തികളെപോലെതന്നെ രാഷ്‌ട്രങ്ങളുടെ അവസ്ഥയും   പ്രതിസന്ധിയിലാണ്. ലോകത്ത് 50 ശതമാനത്തോളം  തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെട്ടു. അന്നന്ന് അദ്ധ്വാനിച്ചു ജീവിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ സൗജന്യറേഷന്‍ മാത്രമാണ് ഒരാശ്രയം. അന്നത്തിനപ്പുറമുള്ള ആവശ്യങ്ങള്‍ ഏറെയാണ്.  

ഏറെ പ്രതിസന്ധി അനുഭവിക്കുന്നത് തൊഴിലാളികള്‍ തന്നെയെങ്കിലും,  ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നമാണ് രൂക്ഷം.  ജീവിതം വഴിമുട്ടി നില്‍ക്കുന്ന ഈ അവസരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജി.ഡി.പി യുടെ പത്തു ശതമാനം വരുന്ന തുക, ഇരുപതു ലക്ഷം കോടി രൂപ കോവിഡ്   പാക്കേജായി    പ്രഖ്യാപിക്കുകയുണ്ടായി.   കാര്‍ഷിക മേഖലയിലും ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കും മറ്റുമായി സര്‍ക്കാര്‍ ഉദാരമായ വായ്പാനയം സ്വീകരിക്കുകയും രണ്ടു ലക്ഷം കോടിയോളം  രൂപ  നേരിട്ട് പണമായി   എത്തിച്ചു  കൊടുക്കുകയും  ചെയ്തു എന്നതും  അഭിനന്ദനാര്‍ഹമായ കാര്യമാണ്.  

കേരളത്തില്‍ ബി.എം.എസ് സാഹചര്യത്തിന് ഒത്ത് ഉണര്‍ന്ന് വലിയ സേവനം ചെയ്യുന്നു. പതിനായിരത്തിലധികം വരുന്ന യൂണിറ്റുകളില്‍  കിറ്റുകളായും  മറ്റ്  അത്യാവശ്യ സേവനമായും  ബി.എം.എസ് തൊഴിലാളികളോടൊപ്പം നിന്ന് മാതൃക സൃഷ്ടിച്ചു. ഇന്ന് പഞ്ചായത്ത്  തലത്തില്‍ തന്നെ ഹെല്‍പ്പ് ഡസ്‌ക്കുകള്‍ തുടങ്ങി. പരാതി പരിഹാര സേവനവും ബി.എസ്.എസ് നല്‍കുന്നു. അങ്ങനെ ഈ മഹാമാരിക്കാലവും നാം   അതിജീവിക്കും എന്നു പ്രത്യാശിക്കാം. ജൂലൈ 23 നോട് അനുബന്ധിച്ച് വ്യാപകമായി കുടുംബ സംഗമങ്ങള്‍ നടത്തി, സമൂഹത്തില്‍ ആത്മവിശ്വാസം കൊണ്ടുവരാനാണ് ബി.എം.എസ് ശ്രമിക്കുന്നത്.  

   

അഡ്വ. ആശ മോള്‍

ബിഎംഎസ് സംസ്ഥാന

വൈസ് പ്രസിഡന്റ്  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by