തിരുവനന്തപുരം:കൊല്‍ക്കത്തയിലെ എസ് എന്‍ ബോസ് നാഷണല്‍ സെന്റര്‍ ഫോര്‍ ബേസിക് സയന്‍സസ്, ആക്ടീവ് റെസ്പിറേറ്റര്‍ മാസ്കും, നാനോ സാനിറ്റൈസറും വികസിപ്പിച്ചു.കോവിഡ് മഹാമാരി കാലത്ത് ഫേസ് മാസ്കുകളുടെ ഉപയോഗം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഒഴിവാക്കാനാവാത്ത ഈ സംരക്ഷണ ഉപകരണങ്ങളുടെ ഉപയോഗം സമൂഹം ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഏതാനും അസ്വസ്ഥതകള്‍ മൂലം അവ ഉപയോഗിക്കുന്നതില്‍ നിന്നും ചിലരെങ്കിലും വിമുഖത കാണിക്കുന്നു. നിശ്വാസ വായുവിലെ കാര്‍ബണ്‍ഡൈ ഓക്സൈഡ് തന്നെ പിന്നെയും ദീര്‍ഘനേരം ശ്വസിക്കുന്നതു വഴി മസ്തിഷ്കത്തിലെ ഓക്സിജന്റെ അളവ് കുറയുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യാറുണ്ട്. ശ്വാസകോശത്തിലെ ഈര്‍പ്പം നിമിത്തം കണ്ണടകള്‍ മങ്ങുക, മാസ്കിനുള്ളിലെ വിയര്‍പ്പും ചൂടും നിറഞ്ഞ അന്തരീക്ഷം, സംസാരത്തിലെ അവ്യക്തത എന്നിവയെല്ലാം ഫേസ് മാസ്കിന്റെ ഉപയോഗം മൂലമുണ്ടാകുന്ന ചില അസ്വസ്ഥതകളാണ്.
ഈ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന്, പുതിയൊരു ആക്ടീവ് റെസ്പിറേറ്റര്‍ മാസ്ക് കൊല്‍ക്കത്തയിലെ എസ്.എന്‍. ബോസ് നാഷണല്‍ സെന്റര്‍ ഫോര്‍ ബേസിക് സയന്‍സസിലെ വിദഗ്ധര്‍ വികസിപ്പിച്ചിട്ടുണ്ട്. കേന്ദ്ര ഗവണ്മെന്റിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണിത്. സ്ഥാപനത്തിലെ ഡയറക്ടര്‍ പ്രൊഫ. സമിത്കുമാര്‍ റേയുടെ നേതൃത്വത്തില്‍ പ്രൊഫ. സമീര്‍.കെ.പാലും സംഘവുമാണ് ആക്ടീവ് റെസ്പിറേറ്റര്‍ മാസ്കിന്റെ നിര്‍മാണത്തില്‍ പങ്കെടുത്തത്. ഉച്ഛ്വാസവായു പുറത്തേക്ക് വിടാന്‍ കഴിയുന്ന പ്രത്യേക വാല്‍വ്, വായുവിലെ തങ്ങി നില്ക്കുന്ന സൂക്ഷ്മപദാര്ത്ഥങ്ങളെ അരിച്ചു മാറ്റുന്നതിനുള്ള ഫില്‍റ്റര്‍, എന്നിവയുള്ളതിനാല്‍ ഈ മാസ്ക് ധരിക്കുന്നതിന് സുഖപ്രദമാണ്.
മാസ്ക് ധരിച്ചാലും സംസാരത്തിലെ വ്യക്തത ഉറപ്പു വരുത്താനും ശുചിത്വ പൂര്‍ണമായ വായുവിലൂടെ വായുജന്യ മാലിന്യങ്ങളില്‍ നിന്നും പരിരക്ഷ നല്‍കുന്നതിനും ഈ ആക്ടീവ് റെസ്പിറേറ്റര്‍ മാസ്ക് സഹായിക്കുന്നു. ഇതു കൂടാതെ സൂക്ഷ്മാണുക്കള്‍ക്കെതിരെ ഫലപ്രദമായ നാനോ-സാനിറ്റൈസറും ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചിട്ടുണ്ട്. സാധാരണ സാനിറ്റൈസറിന്റെ തുടര്‍ച്ചയായ ഉപയോഗം മൂലം ചര്‍മത്തിനുണ്ടാകുന്ന നിര്‍ജലീകരണം പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും.
ഈ രണ്ട് കണ്ടുപിടിത്തങ്ങളുടെ വിവരങ്ങള്‍ പ്രായോഗിക തലത്തിലേയ്ക്ക് മാറ്റുന്നതിന് മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ റിസര്‍ച്ച് ഡെവലപ്മെന്റ് കോര്പ്പറേഷന്, കൊല്‍ക്കത്തയിലുള്ള പോള്ടെക് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് കൈമാറി. 2020 ഓഗസ്റ്റ് 15 ന് പുതിയ രണ്ട് ഉല്‍പ്പന്നങ്ങളും വിപണിയിലെത്തിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: