കൊച്ചി : കൊറോണ വൈറസ് വ്യാപകമാകാന്‍ തുടങ്ങിയതോടെ ആലുവ മേഖലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനം. ആലുവ, ചൂര്‍ണിക്കര, കീഴ്മാട്, കടുങ്ങല്ലൂര്‍, എടത്തല, ആലങ്ങാട്, കരുമാലൂര്‍, ചെങ്ങമനാട് എന്നിവിടങ്ങളില്‍ നാളെ മുതലാണ് കര്‍ഫ്യൂ എര്പ്പെടുത്തുകയെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അറിയിച്ചു.
ചെല്ലാനത്തേക്കാള്‍ ഗൗരവമായി കണ്ടാണ് ആലുവയില്‍ നടപടി സ്വീകരിക്കുക. കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്ന സ്ഥലങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ അവശ്യ സാധനങ്ങള്‍ക്കുള്ള കടകള്‍ തുറക്കാം. പോലീസിനെ അറിയിക്കാതെ, കല്യാണ ചടങ്ങുകളും മരണാനന്തര ചടങ്ങുകള്‍ നടത്തരുത്. രണ്ട് മണിക്ക് ശേഷം മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ എല്ലാം അടച്ചിടും. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും സുനില്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രോഗവ്യാപനം കുറവുള്ള സ്ഥലങ്ങളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ കണ്ടെയ്ന്മെന്റ് സോണാക്കി പ്രഖ്യാപിച്ച് നടപടികള്‍ സ്വീകരിച്ചെങ്കിലും അതിന് ഫലമില്ലാതായതോടെയാണ് കമ്യൂണിറ്റ് ക്ലസ്റ്ററാക്കി നടപടി സ്വീകരിക്കുന്നത്. സമ്പര്‍ക്ക രോഗ വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ പെരുമ്പാവൂര്‍ പേഴയ്ക്കാപ്പള്ളി മത്സ്യ മാര്‍ക്കറ്റ് അടച്ചിടുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ആലുവയില്‍ നിലവില്‍ സമൂഹ വ്യാപനമില്ല. അത് ഉണ്ടാകാതിരിക്കാനാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്.
അതിനിടെ ചെല്ലാനത്ത് 224 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ചെല്ലാനത്ത് സ്രവ പരിശോധന അവിടെ തന്നെ നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തി. കൊച്ചി നഗരസഭയുടെ നാലാം വാര്‍ഡും കണ്ടെയ്ന്മെന്റ് സോണ്‍ ആക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: