പുല്ലാനിക്കുന്നിന്റെ താഴ്‌വാരത്തിന് ഐതിഹ്യങ്ങളുടെ ഇരുള്‍നീലിമയായിരുന്നു. ചരിത്രത്തിന്റെ കാര്‍ക്കശ്യങ്ങളെക്കാള്‍ കെട്ടുകഥകളുടെ അയഞ്ഞതും ദുരൂഹവുമായ കഥന സ്വഭാവമായിരുന്നു അവിടുത്തെ ജീവിതങ്ങള്‍ക്ക്. കോടമഞ്ഞിന്റെ ശിഥില രൂപങ്ങളെപ്പോലുള്ള കുറെ കഥാപാത്രങ്ങള്‍. അവരുടെ ഇടയിലേക്കാണ് ചുരം കയറി കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാളവര്‍ക്കിയുടെ വരവുണ്ടായത്. വയനാടന്‍ കാടിന്റെ അതിരിടുന്ന പുല്ലാനിക്കുന്നില്‍ വിലകൊടുത്തും വെട്ടിപ്പിടിച്ചും കാളവര്‍ക്കി ജന്മിയായി മാറിയപ്പോള്‍ നാട്ടില്‍ പള്ളിയും പള്ളിക്കൂടവും പോസ്റ്റോഫീസും പൊന്തിവന്നു. പുല്ലുമേഞ്ഞ കൂരയില്‍ വയനാടന്‍ മഞ്ഞിന്റെയും മഴയുടെയും തണുപ്പകറ്റുന്നതിനിടെ വര്‍ക്കിയുടെ ഭാര്യ കത്രീന ഒമ്പത് പെറ്റു. വിതയ്‌ക്കുന്നത് കൊയ്യുവാന്‍ കാട്ടുമൃഗങ്ങളോട് പൊരുതേണ്ടിവരുമെന്നറിഞ്ഞ വര്‍ക്കി കാഞ്ഞിരപ്പള്ളിയിലെ നാടന്‍ കൊല്ലന്മാരെക്കൊണ്ടു പണിയിച്ച ഗന്ധകക്കുഴലും ഇരുമ്പുണ്ടകളും ആവശ്യത്തിന് കരുതിയിരുന്നു. കാളവര്‍ക്കിയുടെ വാറ്റും വെടിയിറച്ചിയും കഴിച്ച പ്രമാണികളൊക്കെ പിന്നീട് പലതും കണ്ടില്ലെന്നു വച്ചു.
കാലം പോകെ വര്‍ക്കിയും കത്രീനയും അവരുടെ കഥകളും കര്‍ത്താവില്‍ നിദ്രപ്രാപിച്ച് പള്ളിപ്പറമ്പിലെ തറവാട്ടു കല്ലറയ്‌ക്ക് അഭിമാനശിലകളായെങ്കിലും അയാള്‍ വിതച്ച വിത്തുകള്‍ മണ്ണില്‍ തലമുറകളായി കിളിച്ചു പൊന്തിയിരുന്നു. വല്യപ്പച്ചന്‍ വെടിവച്ച കാട്ടുപോത്തിന്റെയും കലമാനിന്റെയും കൂറ്റന്‍ തലയോട്ടികള്‍ കൊച്ചുമകന്റെ മണിമാളികയുടെ ചുവരുകളില്‍ വയനാടന്‍ കാട്ടിലെ ആയുസെത്താതെ മരിച്ച മൃഗങ്ങളുടെ പുരാവൃത്തം പറഞ്ഞു. അപ്പാപ്പന്‍ കാടു കയ്യേറി വനവാസികളെ പൊകലയും വാറ്റും കൊടുത്തു വെട്ടിപ്പിടിച്ച ഭൂമിക്കു നടുവില്‍ പടുത്തുയര്‍ത്തിയ മണിമാളികയില്‍ കൊച്ചുമോന്‍ അയനിപ്പറമ്പില്‍ അവറാച്ചന്‍ നടത്തുന്ന വിദേശമദ്യസല്‍ക്കാരങ്ങളില്‍ പങ്കെടുക്കാത്ത രാഷ്‌ട്രീയ നേതാക്കളില്ല. ചുവപ്പെന്നോ ഖദറിന്റെ വെളുപ്പെന്നോ ഭേദമില്ലാതെ എല്ലാവര്‍ക്കും വേണ്ടപ്പെട്ടവനായിരുന്നു അയനിപ്പറമ്പില്‍ അവറാച്ചന്‍. അപ്പാപ്പന്‍ കാളവര്‍ക്കിയുടെ പാരമ്പര്യം പൂര്‍ണ്ണമായും പകര്‍ന്നുകിട്ടിയത് അവറാച്ചനായിരുന്നു. ഭൂമി കയ്യേറ്റത്തിനും കള്ളവാറ്റിനുമൊക്കെ പുല്ലാനിക്കുന്നില്‍ ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് എന്നും വിദേശമദ്യവ്യാപാരം എന്നുമൊക്കെ പേരുമാറി എന്നുമാത്രം. മാനന്തവാടിയിലും കോഴിക്കോട് നഗരത്തിലുമൊക്കെ മുതലാളിക്ക് ബാര്‍ ഹോട്ടലുകളുണ്ടത്രേ. പോര്‍ച്ചുകളില്‍ പളപളാമിന്നുന്ന കാറുകളും ഔട്ടുഹൗസുകളില്‍ പാണ്ടുരോഗം വന്നവരെ ഓര്‍മ്മിപ്പിക്കുന്ന സായിപ്പും മദാമ്മയുമൊക്കെ എന്നും അതിഥികളായുള്ള അവറാച്ചന്‍ മുതലാളി പുല്ലാനിപ്പുഴയുടെ തീരം മുതല്‍ പുല്ലാനിക്കുന്നിന്റെ താഴ്‌വരെ വരെയുള്ള രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്നു.
കാളവര്‍ക്കിയുടെ കാലം മുതല്‍ രണ്ടുമൂന്നുതലമുറയുടെ മൃഗയാവിനോദങ്ങള്‍ക്കിരയായ വന്യമൃഗങ്ങളുടെയും ആദിവാസികളുടെയും പിന്‍മുറക്കാര്‍ പരാജിതരുടെ ഭയത്തോടെയും വണക്കത്തോടെയും അതിജീവനത്തിന്റെ ശേഷിപ്പുകള്‍ പോലെ ഒതുങ്ങിക്കഴിഞ്ഞു.
അയനിപ്പറമ്പില്‍ അവറാച്ചന്റെ വാരിക്കുഴിയില്‍ വീണ കാട്ടാനകളും കാട്ടുപെണ്ണുങ്ങളും അയാളുടെ സ്വത്തായി മാറി. കാട്ടാനങ്കൊമ്പുകള്‍ കടല്‍ കടന്നുപോയപ്പോള്‍ എണ്ണമെഴുപ്പുള്ള കരിഞ്ചന്തങ്ങള്‍ റിസോര്‍ട്ടുകളിലെ അവറാച്ചന്റെ അതിഥികള്‍ക്ക് വേറിട്ട കാട്ടുതേന്‍ രുചികളായി. എതിര്‍ത്തവരും ചെറുത്തുനിന്നവരും പുല്ലാനിപ്പുഴയുടെ കയങ്ങളില്‍ മുങ്ങിക്കുളിച്ച് കബനിയിലൂടെ ഒഴുകി അതിര്‍ത്തി കടന്നുമറഞ്ഞു.
എങ്കിലും പുല്ലാനിപ്പുഴയോരത്തെ കുടിലില്‍ കാട്ടു പെണ്ണുങ്ങളുടെ പേറെടുത്തും മലയടിവാരത്തില്‍ വെട്ടിച്ചുട്ട കാട്ടുകരിമണ്ണില്‍ തിനവിതച്ചും കൊയ്തും തലമുറകളെക്കണ്ട മാരിമുത്തിക്ക് കണ്ണ് മങ്ങിയെങ്കിലും കാതുകൊണ്ട് കണ്ടും കേട്ടും ജീവിച്ചുപോന്നു. വരത്തന്മാര്‍ കാടു തീണ്ടുന്നതും, കാട്ടു ജന്തുക്കള്‍ ഗതിയില്ലാതെ നാട്ടിലലയുന്നതും വെടികൊണ്ട് പരലോകം പൂകുന്നതുമെല്ലാം കാട്ടുമുത്തി അറിയുന്നുണ്ടായിരുന്നു. കൊച്ചു മകന്‍ ബൊമ്മന്റെ കുടിലില്‍ അന്തിയുറങ്ങാനെത്തുമെങ്കിലും പകല്‍ മുഴുവന്‍ കാട്ടിലലഞ്ഞും തിരിഞ്ഞും തൊണ്ണൂറു വര്‍ഷങ്ങളായുള്ള അവരുടെ ജൈവചോതനകള്‍ക്കനുസരിച്ച് ജീവിച്ചു. ബൊമ്മന്റെ പെണ്ണ് വള്ളി അനത്തിക്കൊടുക്കുന്ന കഞ്ഞിയും വെള്ളവും മോന്തി പൊകലേം തിന്ന് കെടന്നാല്‍ കാട്ടാന കുടിലുപൊളിച്ചാലും മാരിത്തള്ള അറിയുമായിരുന്നില്ല. എങ്കിലും ബൊമ്മന് മുത്തി ഒരു സഹായമായിരുന്നു. അവറാച്ചന്‍ മുതലാളിയുടെ വലം കയ്യായിരുന്ന അയാള്‍ക്ക് കാട്ടിനുള്ളിലെ ഊടുവഴികളും ഒളിയിടങ്ങളും ആനത്താരയും എല്ലാം ഹൃദിസ്ഥമായിരുന്നതുകൊണ്ട് പലപ്പോഴും കുടിലില്‍ വരാന്‍ കഴിയാറില്ല. കാട്ടിനുള്ളിലെ അവറാന്റെ കഞ്ചാവ് തോട്ടത്തിന് കാവല്‍ കിടക്കുന്നതും, അവറാന്റെ രാത്രികാല നായാട്ടുകള്‍ക്ക് തുണ പോകുന്നതുമെല്ലാം ബൊമ്മനായിരുന്നു. തന്റെ പെണ്ണിന് തുണയായി കുടിലില്‍ മുത്തിയുണ്ടെന്ന ധൈര്യത്തിലായിരുന്നു ബൊമ്മന്‍ കാടുകേറിയിരുന്നത്.
അവറാച്ചന്‍ മുതലാളിയുടെ കൂപ്പിലെ ജോലിക്കാരന്‍ എന്നാണ് ബൊമ്മന്‍ അറിയപ്പെട്ടിരുന്നതെങ്കിലും സത്യത്തില്‍ ഉള്‍ക്കാട്ടിലെ കഞ്ചാവ് തോട്ടങ്ങള്‍ കാട്ടാന നശിപ്പിക്കാതെ കാക്കുക എന്നതായിരുന്നു അയാളുടെ മുഖ്യപണി. കഞ്ചാവ് വാറ്റിയെടുക്കുന്ന ഉഗ്രവീര്യമുള്ള മരുന്ന് വാങ്ങാനാണ് സായിപ്പും മദാമ്മയുമൊക്കെ അയനിപ്പറമ്പിലെ അതിഥികളായെത്തുന്നതെന്ന് അയാള്‍ക്കറിയാമായിരുന്നു. പോലീസ് സാറന്മാരോ ഫോറസ്റ്റ് സാറന്മാരോ ഒന്നും അവറാച്ചന്റെ കാട്ടുകൃഷിക്ക് തടസ്സം നിന്നില്ല. എന്നാല്‍ ആയിടയ്‌ക്ക് മൈസൂര്‍ക്കാടുകളില്‍ നിന്നെങ്ങോ കൂട്ടം തെറ്റി വന്ന ഒരു പിടിയാന കഞ്ചാവ് തോട്ടത്തിലിറങ്ങുന്നത് ബൊമ്മന് തലവേദനയായി. പാട്ടകൊട്ടിയും പടക്കമെറിഞ്ഞും ഓടിച്ചാല്‍ രണ്ടു ദിവസത്തേക്ക് മാറിനിന്നാലായി. കഞ്ചാവ് ചെടികള്‍ ആന തിന്നില്ലെങ്കിലും ചവിട്ടി നശിപ്പിക്കും എന്നതാണ് പ്രശ്‌നം.
കൊമ്പനായിരുന്നെങ്കില്‍ മുതലാളി നേരിട്ടെത്തി പരിഹാരമുണ്ടാക്കുമെന്ന് ബൊമ്മനറിയാം. അങ്ങനെ പരിഹാരമുണ്ടാക്കിയതിന്റെ നിരവധി ശേഷിപ്പുകള്‍ മുതലാളിയുടെ ഔട്ട് ഹൗസിനോടു ചേര്‍ന്നുള്ള വിറകു പുരയില്‍ വിറകുകള്‍ക്കിടയില്‍ അട്ടിവച്ചിരിക്കുന്നത് അയാള്‍ക്കറിയാമായിരുന്നു. പക്ഷെ ഇത് പി
ടിയാനയായിപ്പോയി. എന്നു മാത്രമല്ല ഓടിച്ചിട്ടും പോകാതെ നില്‍ക്കണമെങ്കില്‍ ഒന്നുകില്‍ പരിക്കു പറ്റിയിട്ടോ അസുഖം ബാധിച്ചിട്ടോ ഒക്കെയാവണം. പക്ഷെ ഇത് അതൊന്നുമല്ലെന്ന് കാടറിവുകളുടെ മനസ്സ് അയാളോടു പറഞ്ഞു. പിന്നെ ഒരു സാധ്യതയേ ഉള്ളൂ. ആന ഗര്‍ഭിണിയായിരിക്കണം. ഏതാനും ദിവസത്തെ നിരീക്ഷണംകൊണ്ട് അയാളാ സത്യം ഉറപ്പിച്ചു. അവള്‍ ഗര്‍ഭിണിയാണ്. ഗര്‍ഭാലസ്യത്തിലുള്ള അവളുടെ നില്‍പ്പും ഭാവവുമൊക്കെ കണ്ടപ്പോള്‍ കുടിയിലിരിക്കുന്ന തന്റെ പെണ്ണ് വള്ളിയെയാണ് അയാള്‍ക്ക് ഓര്‍മ്മ വന്നത്. അവളും കടിഞ്ഞൂല്‍ ഗര്‍ഭത്തിന്റെ ലക്ഷണങ്ങള്‍ കാട്ടി ഛര്‍ദ്ദിച്ചിട്ട് ഒരു മാസം കഴിയുന്നു.. താനൊരച്ഛനാകാന്‍ പോകുന്നുവെന്നറിഞ്ഞപ്പോഴുണ്ടായ അതേ സന്തോഷം അയാളില്‍ ഒരിക്കല്‍ കൂടി മൊട്ടിട്ടു.
പക്ഷേ ആ ആനന്ദം അധികം നീണ്ടു നിന്നില്ല. പിടിയാന കഞ്ചാവ് ചെടികള്‍ക്കിടയില്‍ പ്രസവിച്ചാലുണ്ടാകുന്ന കുഴപ്പങ്ങളെക്കുറിച്ചോര്‍ത്തപ്പോള്‍ അയാളുടെ മനസ്സില്‍ ഒരു കാട്ടുകടന്നല്‍ കൂടിളകി. ഒടുക്കം അയാളിലെ കര്‍ത്തവ്യ ബോധം സട കുടഞ്ഞുണര്‍ന്നു. അപ്പോള്‍ അയാള്‍ അവറാച്ചന്‍ മുതലാളിയുടെ വിശ്വസ്തനായ കൂലിക്കാരന്‍ മാത്രമായി. സംഭവം മുതലാളിയെ അറിയിക്കാന്‍ തന്നെ തീരുമാനിച്ചു. കഞ്ചാവ് കൃഷിക്കുള്ളില്‍ ആന പ്രസവിച്ചാല്‍ ഉറപ്പായിട്ടും മറ്റ് ആനക്കൂട്ടങ്ങള്‍ അവിടെ എത്തിച്ചേരും. പിന്നെ വര്‍ഷം മുഴുവന്‍ താന്‍ കാവല്‍ കിടക്കുന്ന കൃഷി ഭൂമി തരിശു നിലമാകാന്‍ അധികം താമസമുണ്ടാകില്ല. മുതലാളിയുടെ കൃഷിയും തന്റെ പണിയും അതോടെ നില്‍ക്കും. വള്ളിയുടെ പേറിന് ഇനിയും മാസങ്ങള്‍ ഉണ്ടെങ്കിലും പണി പോയാല്‍ കാശിന് എന്തു ചെയ്യുമെന്ന ചിന്ത അയാളെ അതിവേഗം അയനിപ്പറമ്പിലെ അവറാച്ചന്‍ മുതലാളിയുടെ മാളികവീട്ടിന്റെ മുന്നിലെത്തിച്ചു.
”ഉം .. എന്താണ് ബൊമ്മാ നിനക്ക് കൂപ്പി പണിയൊന്നുമില്ലേ..”’ മുതലാളി ഗൗരവം കൊണ്ടു.
”ഒണ്ടേ..” ബൊമ്മന്‍ തല ചൊറിഞ്ഞ് വിനീതനായി. അവന്റെ മട്ടും ഭാവവും കണ്ടപ്പോള്‍ ഗൗരവമായതെന്തോ പറയാനുള്ളതു പോലെ അവറാച്ചനു തോന്നി. അയാള്‍ അതിഥികളുടെ ഇടയില്‍ നിന്ന് സൂത്രത്തില്‍ വഴുതിമാറി ബൊമ്മനുമൊത്ത് തൊടിയിലേക്കിറങ്ങി… കൃഷിപ്പണിക്കാര്യമെന്തോ ചര്‍ച്ച ചെയ്യുകയാണെന്ന മട്ടില്‍ ചുറ്റി നടക്കുന്നതിനിടയില്‍ കാട്ടിനുള്ളിലെ കൃഷി ഭൂമിയിലെ ഒഴിഞ്ഞു പോകാത്ത അതിഥിയെക്കുറിച്ച് ബൊമ്മന്‍ മുതലാളിയോട് ഉണര്‍ത്തിച്ചിരുന്നു. അവറാച്ചന്‍ മുള്ളുമുരിക്കില്‍ പടര്‍ന്നു കയറി കായ്ച്ചു കിടക്കുന്ന കുരുമുളക് ചെടിയിലെ ഇലയില്‍ നിന്ന് ഒരു പുഴുവിനെ എടുത്തു കളഞ്ഞുകൊണ്ടാണ് മറുപടി പറഞ്ഞത്.
”’തല്‍ക്കാലം വെടിവയ്‌ക്കേണ്ട.. പിടിയാനേ വെടിവച്ചിട്ട് നമുക്കെന്ത് ലാഭം. കഷ്ടകാലത്തിന് എവനെങ്കിലും പിടിച്ചാല്‍ കേസും കൂട്ടവും ബാക്കി… അതുകൊണ്ട് ഏറുമാടത്തിലെ വീര്യം കൂടിയ പടക്കമൊന്ന് പൈനാപ്പിളില്‍ വച്ച് കൊട്… അതാകുമ്പോള്‍ ഉള്‍ക്കാട്ടിലെവിടെയെങ്കിലും പോയി കെടന്ന് ചത്തോളും. നമക്ക് പൊല്ലാപ്പുണ്ടാവുകേല…” തികച്ചും നിര്‍വികാരമായാണ് മൊതലാളി അത് പറഞ്ഞതെങ്കിലും ബൊമ്മനില്‍ അത് പാപബോധത്തിന്റെ ഞടുക്കമായാണ് പ്രതിധ്വനിച്ചത്.
”ആനയ്‌ക്ക് ഗര്‍ഭോള്ളോണ്ട് …” ‘ബൊമ്മന്‍ തന്റെ സഹജവാസനകളാല്‍ തടസ്സവാദമുന്നയിച്ചെങ്കിലും പതിവുപോലെ പരാജയപ്പെടുകയാണുണ്ടായത്.
”ഗര്‍ഭം കാട്ടാനയ്‌ക്കല്ലേ.. അല്ലാതെ നിന്റെ പൊണ്ടാട്ടിക്കല്ലല്ലോ… അതുകൊണ്ട് പോകും വഴിക്ക് നാലഞ്ച് പൈനാപ്പിള്‍ നമ്മുടെ പറമ്പില്‍ നിന്നു തന്നെ പറിച്ചോ.”
പൈനാപ്പിള്‍ തുരന്ന് പടക്കം വച്ചതും അത് കൊടുങ്കാട്ടിലെ ഏറുമാടത്തിലെത്തിച്ചതുമൊക്കെ അവറാച്ചന്റെ വിശ്വസ്ത കിങ്കരന്മാരായിരുന്നു.
ആന പൈനാപ്പിള്‍ കടിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചോര്‍ത്തപ്പോള്‍ ബൊമ്മന്‍ ഖിന്നനായെങ്കിലും മൊതലാളിയുടെ കല്‍പ്പന അനുസരിച്ചില്ലെങ്കിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അയാളെ അടിയാളന്റെ വിശ്വസ്തതയില്‍ അഭയം തേടാന്‍ പ്രേരിപ്പിച്ചു.
കൊടുങ്കാട്ടിലെ ആനത്താരകളില്‍ പൈനാപ്പിള്‍ വയ്‌ക്കുമ്പോള്‍ അയാള്‍ അകമഴിഞ്ഞ് വള്ളിയൂര്‍കാവിലമ്മയോടു പ്രാര്‍ത്ഥിച്ചത് ആന വന്ന് എടുക്കരുതേ എന്നായിരുന്നുവെങ്കിലും രണ്ടാം നാള്‍ അര്‍ദ്ധരാത്രിയില്‍ ഉഗ്രസ്‌ഫോടന ശബ്ദത്തില്‍ അയാള്‍ കിടന്നുറങ്ങിയ ഏറുമാടം കിടുങ്ങി വിറച്ചു. ഞെട്ടി ഉണര്‍ന്ന ബൊമ്മന്റെ കാതില്‍ ഏതോ കാട്ടാനയുടെ ദീനമായ ചിന്നംവിളി മാറ്റൊലിക്കൊണ്ടു. കാട്ടു ഞാവലിന്റെ കൊമ്പുകളില്‍ ഇരതേടിയിരുന്ന ഭീമന്‍ കടവാവലുകള്‍ സ്‌ഫോടന ശബ്ദത്തില്‍ ചിറകടിച്ച് പറന്നു കൊണ്ടിരുന്നപ്പോള്‍ ബൊമ്മന്‍ പ്രാര്‍ത്ഥിച്ചത് അത് അവളാകരുതേ എന്നായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ കാടിന്റെ ഉള്ളറകളിലെവിടെ നിന്നൊക്കെയോ ഒരാനയുടെ ചിന്നംവിളി കേട്ടിരുന്നെങ്കിലും അതും കേള്‍ക്കാതായപ്പോള്‍ അയാള്‍ തെല്ലൊന്നാശ്വസിച്ചു. ചിലപ്പോള്‍ അതവളായിരിക്കില്ല. അഥവാ ആണെങ്കില്‍ തന്നെ വലിയ പരിക്കൊന്നും പറ്റിയിട്ടുണ്ടാവില്ല. എന്നാല്‍ അയാളുടെ ആശ്വാസത്തിന് ഒരാഴ്ചയുടെ ആയുസേ ഉണ്ടായിരുന്നുള്ളു. ഏറുമാടത്തിലേക്കുള്ള അരിയും സാമാനങ്ങളും തീര്‍ന്നതുകൊണ്ട് കുടിയിലേക്ക് പോകും വഴിക്കാണ് അയാളാ കാഴ്ച കണ്ടത്. പുല്ലാനി പുഴയുടെ കയത്തില്‍ താടി തകര്‍ന്ന് തീറ്റ എടുക്കാനാവാതെ.. വായ പഴുത്ത് ഈച്ചയാര്‍ക്കുന്ന ഒരു പിടിയാന. ഒറ്റ നോട്ടത്തില്‍ അയാള്‍ തിരിച്ചറിഞ്ഞു… അത് അവള്‍ തന്നെയായിരുന്നു!
വെള്ളം പോലുമിറക്കാനാവാതെ തല താഴ്‌ത്തി കണ്ണീരൊലിപ്പിച്ച് നില്‍ക്കുന്ന ആനയെക്കണ്ടപ്പോള്‍ അതിന്റെ ഗര്‍ഭത്തിലെ പ്രാണന്‍ പിടയ്‌ക്കുന്ന ഒരു ജീവനെക്കുറിച്ചാണ് ബൊമ്മന്‍ ഓര്‍ത്തത്. തന്റെ വള്ളിയുടെ ഉദരത്തില്‍ വളരുന്ന കടിഞ്ഞൂല്‍ ജീവനെക്കുറിച്ചുള്ള ചിന്ത പെട്ടെന്നാണ് അയാളുടെ മനസ്സിലേക്ക് ഇരച്ചുകയറിയത്. പിന്നെ ഒരു നിമിഷം അയാള്‍ക്കവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല. ഒരു കുറ്റവാളിയുടെ സംഭ്രമത്തോടെ അയാള്‍ ഓടുകയായിരുന്നു. വിയര്‍പ്പു ചാലുകളായി ഒലിച്ചിറങ്ങുന്ന വ്യാകുലത അയാള്‍ക്ക് വള്ളിയില്‍ നിന്ന് മറച്ചുവയ്‌ക്കാനായില്ല. അവളുടെ മടിയില്‍ തലവച്ചു കിടക്കുമ്പോള്‍ നനുത്ത അടിവയറില്‍ ഇക്കിളിയിട്ട് ചിരിക്കുന്ന ഒരു കുഞ്ഞു ശബ്ദം അയാളില്‍ കുളിരിനു പകരം തീയാണ് കോരിയിട്ടത്. താന്‍ കാരണം ഒരു കുഞ്ഞു ജീവന്‍ പ്രാണന്‍ കിട്ടാതെ പിടയുന്നതിന്റെ ഭീകര ദൃശ്യം അയാളെ ഉണര്‍വ്വിലും ഉറക്കത്തിലും വേട്ടയാടി.
ബൊമ്മന്‍ പനിച്ചെരിഞ്ഞു കിടപ്പായെന്നറിഞ്ഞിട്ടാണ് അവറാച്ചന്‍ മുതലാളി അവന്റെ കുടിലിലേക്കെത്തിയത്. ഇതിനു മുന്‍പ് മലമ്പനി വന്ന് താന്‍ കിടന്നപ്പോള്‍ പോലും അന്വേഷിച്ച് വരാത്ത മുതലാളി ഒറ്റയ്‌ക്ക് തന്നെ അന്വേഷിച്ച് വന്നതില്‍ അയാള്‍ക്ക് അല്‍ഭൂതം തോന്നാതിരുന്നില്ല. ആന പടക്കം പൊട്ടി പരിക്കേറ്റ് പുഴയില്‍ നില്‍ക്കുന്ന കാര്യം മുതലാളി അറിഞ്ഞിട്ടുണ്ടെന്ന് അയാളുടെ മട്ടും ഭാവവും കണ്ടപ്പോഴേ മനസ്സിലായി. വള്ളിയെ താന്‍ മംഗലം കഴിച്ചു കൊണ്ടുവന്നതിനു ശേഷം മൊതലാളി ആദ്യമായിട്ടാണ് തന്റെ കുടിലിലെത്തുന്നത് എന്നയാള്‍ ഓര്‍ത്തു. ബൊമ്മനോട് സുഖ വിവരം തിരക്കുമ്പോഴും മൊതലാളിയുടെ കണ്ണൂകള്‍ വള്ളിയെ ഉഴുതു മറിക്കുന്നത് അയാളില്‍ ഈറവെട്ടുമ്പോലെ ഈര്‍ഷ്യയുണ്ടാക്കി.
”ചെടി നട്ട് നനച്ച് പാകമായി വരുന്നേ ഒള്ളൂ. ഇപ്പക്കാത്തില്ലെങ്കി എല്ലാം പോക്കാ… ആന പടക്കം കടിച്ചതിന് നീ കൂടിലില്‍ പനിച്ചു കിടന്നാല്‍ കാട്ടിലെ കാര്യം ആര് നോക്കാനാണ്…” ‘ അതു പറയുമ്പോള്‍ മുതലാളിയുടെ കണ്ണുകള്‍ കൊതുക് ചോര കുടിക്കും പോലെ വള്ളിയില്‍ പറ്റിപ്പിടിച്ചിരിക്കുന്നത് ബൊമ്മന്‍ കാണാതിരുന്നില്ല.
”ഏന്റെ വള്ളിയൂക്കാവിലമ്മേ… ഏയ്‌ക്കിതൊന്നും കാണാമ്പയ്യേ… ഏതോ മാ പാപി വച്ച പടക്കം തിന്ന പിടിയാന പുല്ലാഞ്ഞിക്കയത്തില്‍ ചത്തുപൊന്തിക്കിടക്കുന്നേ…”’ മുത്തി നിലവിളിച്ചുകൊണ്ട് കുടിലിലേക്ക് വന്നതും അവറാച്ചന്‍ മൊതലാളി പിന്നവിടെ നിന്നില്ല. ബൊമ്മന്‍ ഇടി വെട്ടേറ്റവനെപ്പോലെ തരിച്ചിരുന്നു പോയി. കുറ്റബോധം അയാളുടെ സമനില തന്നെ തെറ്റിച്ചിരുന്നു. ഒരാഴ്ചത്തേക്ക് അയാള്‍ കുടിക്ക് പുറത്തിറങ്ങിയില്ല.
ആനയുടെ ജഡം കാട്ടിലെവിടെയോ പോസ്റ്റുമോര്‍ട്ടം ചെയ്ത് ദഹിപ്പിച്ചതും, ആന പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നെന്ന വിവരം നാട്ടില്‍ പരന്നതുമെല്ലാം ബൊമ്മനറിയുന്നുണ്ടായിരുന്നു. പോലീസിന്റെയും ഫോറസ്റ്റിന്റെയും പതിവുപോലുള്ള അന്വേഷണങ്ങള്‍ ഉണ്ടായാലും അതൊന്നും അവറാച്ചന്‍ മൊതലാളിയുടെ അയനിപ്പറമ്പിലെ ബംഗ്ലാവിന്റെ മുറ്റത്തേക്ക് എത്തില്ലെന്ന് ബൊമ്മനറിയാമായിരുന്നു. അതുകൊണ്ടു തന്നെ തനിക്കും ഭയക്കാനൊന്നുമില്ലെന്ന് നിശ്ചയമുണ്ടായിരുന്നെങ്കിലും ഗര്‍ഭിണിയായ ഒരു സാധു ജീവിയെ പടക്കം വച്ച് പട്ടിണിക്കിട്ട് കൊന്നതില്‍ താനും പങ്കാളിയാണെന്ന കുറ്റബോധം അയാളെ വേട്ടയാടിയിരുന്നു.
”ഇനി എന്തു തരാമെന്നു പറഞ്ഞാലും അവറാച്ചന്‍ മൊതലാളിയുടെ പണിക്ക് പോകണ്ടന്ന് പറഞ്ഞത് വള്ളിയായിരുന്നു..” അതാണ് ശരിയെന്ന് അയാള്‍ക്കും തോന്നാതിരുന്നില്ല. അതുകൊണ്ടാണ് മൊതലാളി ആളെ വിട്ട് വിളിപ്പിച്ചിട്ടും അയാള്‍ ബംഗ്ലാവിലേക്ക് പോകാതിരുന്നത്. മഴ തോര്‍ന്ന് നിലാവ് പൊടിയുന്ന സന്ധ്യയിലാണ് അയാള്‍ക്ക് പുല്ലാനിപ്പുഴയില്‍ പോയി ഒന്നു മുങ്ങിക്കുളിച്ചാലോ എന്നു തോന്നിയത്. മുത്തിയമ്മ കുടിയിലുള്ള ധൈര്യത്തില്‍ അയാള്‍ പുല്ലാനിക്കയത്തിന്റെ കരയിലെ പാറയില്‍ പോയി മാനത്ത് കണ്ണ് നട്ട് അല്‍പ്പ സമയം മലര്‍ന്നു കിടന്നു. നാലു ചുറ്റിലും പതഞ്ഞൊഴുകുന്ന പുഴ. കാടു ചുറ്റി വരുന്ന മലങ്കാറ്റില്‍ ഏതൊക്കെയോ കാട്ടുപൂക്കളുടെ ഗന്ധമുണ്ടായിരുന്നു. മാനത്ത് കരിമേഘങ്ങളുടെ സഞ്ചാരം കണ്ട് കിടക്കുമ്പോഴാണ് മേഘങ്ങള്‍ക്ക് ഒരാനക്കൂട്ടത്തിന്റെ രൂപമാണെന്ന് അയാള്‍ ശ്രദ്ധിച്ചത്. നിലാവ് മറച്ചുകൊണ്ട് ഒരു പിടിയാനയും കുട്ടിയും കടന്നുപോകുമ്പോഴാണ് അയാള്‍ക്ക് ശക്തമായ ആനച്ചൂര് അടിച്ച് തുടങ്ങിയത്. കാടിന്റെ ഗന്ധങ്ങള്‍ അയാള്‍ക്കറിയുന്നതു പോലെ ആ നാട്ടില്‍ മറ്റാര്‍ക്കാണ് അറിയുന്നത്! പരിസരത്തെവിടെയോ ഒരു കാട്ടാനയുടെ സാന്നിദ്ധ്യം അയാളുടെ ഇന്ദ്രിയങ്ങള്‍ ആവാഹിച്ചു കഴിഞ്ഞിരുന്നു. പെട്ടെന്നാണ് പുഴയില്‍ ആന വെള്ളം കുടിക്കും പോലൊരു ശബ്ദം അയാളുടെ കാതില്‍ വന്നടിച്ചത്. അയാള്‍ പിടഞ്ഞെഴുനേല്‍ക്കുമ്പോള്‍ കേട്ട ചിന്നംവിളി അയാള്‍ക്ക് മുന്നേ പരിചിതമായിരുന്നതുപോലെ തോന്നി. നിലാവിന്റെ നിഴലും വെളിച്ചവും നീര്‍ത്തിയ കാഴ്ചയുടെ പ്രഹേളികയില്‍ തൊട്ടു മുന്നില്‍ അയാള്‍ കണ്ട ദൃശ്യം അയാളെ സ്തംഭിപ്പിച്ചു കളഞ്ഞു. പുല്ലാനിക്കയത്തിലേക്ക് ഇറങ്ങി, നിലാവില്‍ കുളിച്ച് നില്‍ക്കുന്ന ഒരു പിടിയാന… അതെ അത് അവള്‍ തന്നെയായിരുന്നു. ഒരു മാസം മുന്‍പ് പടക്കം കടിച്ച് പുഴയില്‍ ചരിഞ്ഞ പിടിയാന. ബൊമ്മന്‍ ഒന്നേ നോക്കിയുള്ളു. പിന്നെ തിരിഞ്ഞുനോക്കാതെ ഓടി. ഉയര്‍ന്നുവന്ന നിലവിളി ശബ്ദം തൊണ്ണയിലാരോ കുത്തിപ്പിടിച്ചതുപോലെ തിങ്ങിക്കിടന്നിരുന്നു.
ബോധം തെളിഞ്ഞപ്പോള്‍ അയാള്‍ അയനിപ്പറമ്പിലെ ബംഗ്ലാവിന്റെ പടിക്കെട്ടില്‍ മഴ നനഞ്ഞ് കിടക്കുകയായിരുന്നു. അവറാച്ചന്‍ മൊതലാളിയെ കണ്ടതും അയാള്‍ ഏങ്ങിക്കരയാന്‍ തുടങ്ങി. പടക്കം കടിച്ച് ചത്ത ആനയുടെ പ്രേതം ആനമറുതയായതും പുഴയില്‍ വെള്ളം കുടിച്ചു നില്‍ക്കുന്നതുമൊക്കെ അയാള്‍ പരസ്പര ബന്ധമില്ലാതെ പറഞ്ഞു കൊണ്ടിരുന്നു. ബൊമ്മനെ താങ്ങിപ്പിടിച്ച് കുടിയിലാക്കുമ്പോള്‍ നാളെ അയാളെ കോഴിക്കോടുള്ള ഏതോ ഡോക്ടറെ കാണിക്കുന്ന കാര്യം അവറാച്ചന്‍ പറയാന്‍ മറന്നില്ല.
പിറ്റേന്നു നേരം പുലര്‍ന്നപ്പോള്‍ ബൊമ്മന്‍ സാധാരണ നിലയിലായെങ്കിലും അവറാച്ചന്‍ മൊതലാളി അയച്ച ആള്‍ക്കാര്‍ അയാളെ ബലമായി കാറില്‍ കയറ്റി കോഴിക്കോടുള്ള മനോരോഗാശുപത്രിയില്‍ കൊണ്ടാക്കി. ബൊമ്മന്‍ പുഴയില്‍ വച്ച് ആന മറുതയെ കണ്ടതും, ഭയന്ന് മനോനില തെറ്റി കോഴിക്കോട് കുതിരവട്ടം ചിത്തരോഗാശുപത്രിയില്‍ അഡ്മിറ്റാക്കിയിരിക്കുന്നതുമൊക്കെ നാട്ടില്‍ പടര്‍ന്നു പിടിച്ചിരുന്നു. പലരും പലയിടത്തു വച്ചും ആന മറുതയെ കണ്ട കഥകള്‍ പുല്ലാനിക്കുന്നിലും താഴ്‌വാരത്തും ആനച്ചുരുപോലെ പരന്നു. അന്തിയായാല്‍ പിന്നെ പുല്ലാനിപ്പുഴയുടെ കരയിലോ ഗ്രാമവഴികളിലോ മനുഷ്യക്കുഞ്ഞിനെ കാണാന്‍ കിട്ടാതായി. എങ്കിലും അവറാച്ചന്‍ മൊതലാളിയുടെ കറുത്ത കാര്‍ മറ്റൊരാന മറുതയെപ്പോലെ ബൊമ്മന്റെ കുടിയുടെ പരിസരത്ത് പലപ്പോഴും പതുങ്ങി നില്‍ക്കുന്നത് ചിലരെങ്കിലും കാണാതിരുന്നില്ല.
വിശേഷരഹിതമായ ചില മാസങ്ങള്‍ പുല്ലാനിപ്പുഴയിലെ മലവെള്ളം പോലെ ഒഴുകി കടന്നുപോയി. ആനമറുതയുടെ കഥകളും ഭീതിയുമൊഴിഞ്ഞ് ഗ്രാമജീവിതം അതിന്റെ പഴയ താളം വീണ്ടെടുത്ത് തുടങ്ങിയിരുന്നു. ബൊമ്മന്റെ തള്ള മുത്തിയമ്മ മാത്രം പതിയിരിക്കുന്ന ഏതൊക്കെയോ ദുരന്തങ്ങളുടെ വിപത്‌സൂചന പോലെ പിറുപിറുത്ത് പ്രാഞ്ചിനടന്നു. കണ്ടവരോടൊക്കെ ആരൊക്കെയോ ചേര്‍ന്ന് ഭ്രാന്താശുപത്രിയിലടച്ച തന്റെ മകന്റെ വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടേ ഇരുന്നു. മുത്തിയമ്മ മാന്തി എടുത്ത കാട്ടു കിഴങ്ങുകളും ഇരന്നു കിട്ടിയ പിടിയരിയും കൊണ്ട് രണ്ടു വയറുകള്‍ ബൊമ്മന്റെ കുടിയില്‍ ജീവന്‍ നിലനിര്‍ത്തി പോന്നു. കാടിനു മേലെ വെളിച്ചം വീണു തുടങ്ങുമ്പോള്‍ ഊന്നുവടിയുമായി തപ്പി തടഞ്ഞിറങ്ങുന്ന മുത്തിയമ്മ കാക്കകള്‍ പോലും കൂടണഞ്ഞു കഴിഞ്ഞാവും കുടിലിലെത്തുക.
എടവപ്പാതിയുടെ മഴനൂലുകള്‍ പുല്ലാനിക്കുന്നിനും താഴ്‌വാരത്തിനുമിടയില്‍ മഴവില്ലു കുലച്ച ഒരു സന്ധ്യയിലായിരുന്നു ബൊമ്മന്റെ കുടിലില്‍ നിന്ന് മുത്തിയമ്മയുടെ നിലവിളി കേട്ടത്. ഓടിയെത്തിയവരുടെ മുന്നില്‍ പിഞ്ചിക്കീറിയ പഴന്തുണി പോലെ ദേഹമാസകലം കീറിമുറിഞ്ഞ വള്ളിയുടെ മൃതദേഹം കുടിലിനുള്ളില്‍ തൂങ്ങി ആടുന്നുണ്ടായിരുന്നു.
പിറ്റേ ദിവസം പുല്ലാനിപ്പുഴയുടെ പുറമ്പോക്കില്‍ വള്ളിയുടെ കുഴിമാടം വെട്ടിക്കൊണ്ടിരുന്നപ്പോഴാണ് ബൊമ്മനെ ആരോ അവിടേക്ക് കൊണ്ടുവന്നത്. കാടിന്റെ കരുത്ത് അവന്റെ ഉടലില്‍ വാര്‍ന്നു പോകാതെ ബാക്കി നിന്നെങ്കിലും കണ്ണുകള്‍ ചത്ത മീനിന്റേതു പോലെ നിശ്ചേഷ്ഠങ്ങളായിരുന്നു. നിസംഗമായ കണ്ണൂകളോടെ അവിടെ കൂടിനിന്നവരെയെല്ലാം കുറെ നേരം നോക്കി നിന്ന അയാള്‍ എപ്പോഴോ അവിടെ നിന്നും നടന്നു മറഞ്ഞു.
ആന മറുത ബാധിച്ച് ഭ്രാന്തായ ബൊമ്മന്‍ പുല്ലാനിക്കുന്നിലും താഴ്‌വാരത്തിലും ഭീതിയും കരുണവും ആടിത്തീര്‍ക്കാനുള്ള വേഷമായി ഗ്രാമവഴികളിലും കാടകങ്ങളിലും പുഴയരികിലും പലരും പല പ്രകാരത്തിലും കണ്ടു.
കാള വര്‍ക്കിയുടെ സന്തതി പരമ്പരകളുടെ ദുര തീണ്ടി മരിച്ച മണ്ണും മനുഷ്യരും വനജന്മങ്ങളും പ്രതികാരത്തിനായി മുറവിളി കൂട്ടിയ കരിം കര്‍ക്കടകത്തിന്റെ രാത്രിയിലാണ് ബൊമ്മന്‍ ആരെയൊ പ്രതീക്ഷിച്ചെന്ന പോലെ കാട്ടുവഴിയില്‍ ഒറ്റയ്‌ക്ക് മഴ കൊണ്ട് നിന്നത്. താന്‍ കാവല്‍ കിടന്ന് കാട്ടിനുള്ളില്‍ വളര്‍ത്തിയെടുത്ത ചെടികളില്‍ നിന്ന് വിളവെടുത്ത് ഒറ്റയ്‌ക്ക് ഒരാള്‍ അതു വഴി വരുമെന്നയാള്‍ക്ക് അറിയാമായിരുന്നു. അയാളുടെ പ്രതീക്ഷപോലെ കാട്ടുപാതയുടെ കയറ്റം അവസാനിക്കുന്ന പുഴയിറമ്പിലേക്ക് ഒരു ജീപ്പ് ഇരമ്പി വന്നു. ഇരുട്ടു മുറ്റിയ പാതിരാത്രിയില്‍ കൊഴുത്ത മഴയില്‍ അപ്രതീക്ഷിതമായി ഒരാള്‍ നില്‍ക്കുന്നതു കണ്ട അവറാച്ചന്‍ വണ്ടി ചവിട്ടി നിര്‍ത്തി. ജീപ്പിന്റെ ഹെഡ് ലൈറ്റ് കെടുത്താതെ തന്നെ പുറത്തിറങ്ങിയ അയാളുടെ മുന്നില്‍ പുല്ലാനിക്കുന്നു പോലെ ബൊമ്മന്‍ ഉയര്‍ന്നു നിന്നിരുന്നു.
കാടകങ്ങളില്‍ നിന്നെങ്ങോ മദം പൊട്ടിയ ഒരൊറ്റയാന്റെ ചിന്നംവിളി അവിടെ അപ്പോള്‍ മുഴങ്ങി. മസ്തകത്തില്‍ നിന്നും മദ ജലത്തിന്റെ മലവെള്ളം കുത്തിയൊഴുകുന്ന ഒരാനമറുതയുടെ വന്യമായ അലര്‍ച്ചയില്‍ പുല്ലാനിക്കുന്നും താഴ്‌വരയും നടുങ്ങിത്തെറിച്ചു. പിന്നെ വെള്ളിടിയുടെ തീ വെളിച്ചത്തില്‍ പേമഴ നിര്‍ത്താതെ പെയ്തു കൊണ്ടേയിരുന്നു.
പിറ്റേന്ന് പുലരിയില്‍ പുല്ലാനിപ്പുഴയുടെ കരയില്‍ ഒരു ജീപ്പും കയത്തില്‍ ഒരു ശവവും പൊന്തിക്കിടക്കുന്നുണ്ടായിരുന്നു. ബൊമ്മന്‍ ആനമറുതയെ കണ്ട അതേ കയത്തില്‍.
മീനാക്ഷി
പ്രതികരിക്കാൻ ഇവിടെ എഴുതുക: