കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസുമായി പല ഐടി സ്ഥാപനങ്ങള്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും ബന്ധം. സര്‍ക്കാരിന്റെ സഹായം വാഗ്ദാനം ചെയ്ത്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറും ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രനുമാണ് ഇവരെ പങ്കാളികളാക്കിയതെന്നാണ് അന്വേഷണ ഏജന്‍സികളുടെ സംശയം. ഐടി സ്ഥാപനങ്ങള്‍, പ്രൊഫഷണലുകള്‍ എന്നിവരില്‍ നിന്ന് ലക്ഷങ്ങളാണ് ശേഖരിച്ചത്. ‘ക്ലൗഡ് ഐടി വ്യവസായ സംരംഭ’മായാണ് പണം ശേഖരിച്ചത്.
കൂടിയ പലിശയോ ലാഭവിഹിതമോ നല്‍കും എന്നതായിരുന്നു പാക്കേജ്. സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ സഹായങ്ങള്‍ ലഭ്യമാക്കും. സര്‍ക്കാരിന്റെ സംരംഭങ്ങളിലും മേളകളിലും പരിപാടികളിലും പങ്കാളിത്തം നല്‍കും. അത് സ്ഥാപനത്തിന് നേട്ടമാകും. സര്‍ക്കാര്‍ സൗജന്യങ്ങളും അവസരങ്ങളും ലഭ്യമാക്കും. പണം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. കണക്കു നോക്കുമ്പോള്‍ ലാഭമായതിനാല്‍ പലരും ചേര്‍ന്നു. ഈ പണം എന്തിന് ചെലവഴിക്കുന്നുവെന്ന് പലരും അന്വേഷിച്ചതുമില്ല.
ഒരു കിലോ സ്വര്‍ണം 35 ലക്ഷം രൂപയ്ക്ക് വിദേശത്തുനിന്നു വാങ്ങി കേരളത്തിലെത്തിക്കും. നിയമാനുസൃതമാണെങ്കില്‍ നികുതിയും മറ്റുമുള്‍പ്പെടെ കേരളത്തില്‍ ഇത് വാങ്ങാന്‍ 50 ലക്ഷം വേണ്ടിവരും. കൊണ്ടുവരുന്നത് തങ്കക്കട്ടികളാകും. അതില്‍ ചെമ്പു ചേര്‍ത്ത് ഒന്നരയും രണ്ടും കിലോവരെയുമാക്കും. ലാഭം ഇരട്ടി. കിലോയില്‍ ഏഴുലക്ഷം രൂപവരെ വില്‍പ്പനയുടെ ആദ്യഘട്ട കൈമാറ്റത്തിലെ ലാഭം. പിന്നീട് കൈമറിയുമ്പോഴത്തെ അതിതീവ്ര രഹസ്യ കൈമാറ്റത്തിലെ ലാഭ വിഹിതം വേറേയും.
ഈ ഇടപാടില്‍ 35 ലക്ഷം രൂപ ഇറക്കുന്നയാളിന് അഞ്ചാറു തവണത്തെ ഇടപാടിലൂടെ ആ പണവും ലാഭ വിഹിതവും തിരികെ കൊടുക്കാം. മുടക്കുമുതല്‍ ‘കള്ളക്കടത്തുകമ്പനി’ക്ക്. കോടികള്‍ മുടക്കുന്നവര്‍ക്ക് സ്വര്‍ണക്കടത്താണെന്ന് അറിവുണ്ടാകും. അന്വേഷണ ഏജന്‍സികള്‍ ഈ കണ്ണികളില്‍ പെട്ട ചില സ്ഥാപനങ്ങളേയും വ്യക്തികളേയും കുറിച്ച് വിവരം ശേഖരിച്ചുകഴിഞ്ഞു. ഐടി വകുപ്പുചുമതലകൂടിയുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്വര്‍ണക്കടത്തു ബന്ധം കൂടുതല്‍ വ്യക്തമാക്കുന്നതാണ് പുതിയ കണ്ടെത്തലുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: