കട്ടപ്പന: മഞ്ഞുപെയ്യുന്ന കുന്നിന് ചെരുവില്‍ നിന്നും മലയാള കാവ്യ ശാഖയ്ക്ക് മുതല്‍കൂട്ടായി ഒരു കവിതാ സമാഹാരം കൂടി പുറത്തിറങ്ങുന്നു. അധ്യാപകനായ പുഷ്പഗിരി സ്വദേശി കുന്നുംപുറത്ത് കെ.എസ്. മധുവിന്റെ വംശവൃക്ഷത്തിന്റെ ഇലകള്‍ കൊഴിയുമ്പോള്‍ എന്ന കവിതാ സമാഹാരമാണ് കാവ്യലോകത്തേയ്ക്ക് പുതുതായി എത്തുന്ന കൃതി.
ജീവിതത്തിന്റെ പച്ചയായ നേര്‍കാഴ്ചകളാണ് കെ.എസ് മധുവിന്റെ കവിതാ സമാഹാരത്തിലെ ഓരോ കവിതകളും. വിദ്യാഭ്യാസ കാലത്ത് എഴുതുവെച്ച കവിതകള്‍ ഏറെയും ചിതലെടുത്ത് പോയെങ്കിലും പിന്നീട് തിരക്കേറിയ ജീവിതത്തില്‍ വീണുകിട്ടുന്ന ഇടവേളകള്‍ കാവ്യരചനയ്ക്കായി മാറ്റി വെച്ചപ്പോഴാണ് പുതിയ കവിതാ സമാഹാരം രൂപപ്പെട്ടത്.
കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ആകുലമാകുന്ന കവിതയായ ചിലന്തി, പ്രിയ സുഹൃത്തിന്റെ വേര്‍പാടില്‍ മനംനൊന്ത് കുറിച്ച അരങ്ങിലില്ലാത്ത നടന്, ദാരിദ്രത്തിന്റെ നേര്കാഴ്ചയായ തീ, മാനവരാശിയുടെ മൂല്യച്യുതിയില് ആശങ്കകുലമാകുന്ന വംശവൃക്ഷത്തിന്റെ ഇലകള്‍ കൊഴിയുമ്പോള്‍ എന്നിങ്ങനെ പോകുന്നു മധുവിന്റെ കവിതകള്‍. മകന് അഭിമന്യൂ മുന്‍കൈയെടുത്താണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
മലയാളത്തിന്റെ പ്രശസ്ത ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ സന്തോഷ് എച്ചിക്കാനമാണ് മധുവിന്റെ കവിതാ സമാഹാരത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
പുഷ്പഗിരി സ്വദേശിയായ കെ.എസ്. മധു മാധ്യമ പ്രവര്‍ത്തകനും പ്രഭാഷകനും അദ്ധ്യാപകനുമാണ്. കേരള കൗമുദി, മംഗളം ടിവി തുടങ്ങിയവയില്‍ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ച ഇദ്ദേഹം നിലവില്‍ കാമാക്ഷി പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ സ്കൂളില്‍ പ്രധാന അദ്ധ്യാപകനായി പ്രവര്‍ത്തിക്കുകയാണ്. ഷീബയാണ് ഭാര്യ. അഭിമന്യൂ, അഭിനന്ദ് എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: